ഡമാസ്കസ്: സ്വന്തം കുട്ടികളെ ചാവേര്‍ സ്‌ഫോടനത്തിനു പറഞ്ഞയച്ച സിറിയന്‍ പിതാവ് വെടിയേറ്റു മരിച്ചു. അബു നിംര്‍ അല്‍ സൂരി എന്ന അബ്ദുള്‍ റഹ്മാന്‍ ഷദ്ദാദിനെ ഡമാസ്കസിനു സമീപം ടെഷ്‌റീനില്‍ തോക്കുധാരികള്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി സംഘടന അറിയിച്ചു. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
ഏഴും ഒമ്പതും വയസു പ്രായമുള്ള മക്കളെ കെട്ടിപ്പിടിച്ചു ചുംബിച്ചുകൊണ്ട് ചാവേറാക്രമണത്തിനു പറഞ്ഞുവിടുന്ന സിറിയന്‍ മാതാപിതാക്കളുടെ വീഡിയോ നേരത്തേ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. പര്‍ദ ധരിച്ചിരിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളെയും മാതാവ് ആവര്‍ത്തിച്ച് കെട്ടിപ്പിടിച്ച് ചുംബിച്ചുകൊണ്ട് യാത്രയാക്കുന്നത് ദൃശ്യത്തില്‍ കാണാം.
തുടര്‍ന്ന് പിതാവ് മക്കള്‍ക്ക് ധൈര്യം കൊടുക്കാനായി സംസാരിക്കുകയും ചെയ്യുന്നു. ഇത്രയും ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളെ എന്തിനാണ് ചാവേര്‍ സ്‌ഫോടനത്തിന് അയക്കുന്നതെന്ന് സംഭവം ചിത്രീകരിക്കുന്ന കാമറാമാന്‍ ചോദിക്കുന്നുണ്ട്.
അല്‍പ്പസമയത്തിനുശേഷമാണ് ഏഴു വയസുകാരി ശരീരത്തിലൊളിപ്പിച്ച സ്‌ഫോടകവസ്തുക്കളുമായി ഡമാസ്കസിലെ പോലീസ് സ്‌റ്റേഷനിലേക്കു നടന്നു കയറിയത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു നടത്തിയ സ്‌ഫോടനത്തില്‍ കുഞ്ഞ് കൊല്ലപ്പെട്ടു. സ്‌റ്റേഷനിലുണ്ടായിരുന്ന മൂന്നു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.