ഇസ്ലാമിക പുസ്തകങ്ങള്‍ സൗജന്യമായി അയച്ചുകൊടുക്കുന്നതിന് വേണ്ടിയുള്ള സിഐഎംഎസ് (കണ്‍വെയിംഗ് ഇസ്ലാമിക് സര്‍വീസ് സൊസൈറ്റി) വെബ്സൈറ്റ് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് വിഭാഗം നിരോധിച്ചു. ഇന്നലെ രാത്രി മുതല്‍ തന്നെ ഈ സൈറ്റ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍ സ്വീകരിച്ചത്. സിഐഎംഎസിന്റെ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ മറ്റ് സൈറ്റുകള്‍ സജീവമാണെങ്കിലും ഇവയും കര്‍ശന നിരീക്ഷണത്തിലാണ്.
തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് ഈജിപ്തില്‍ നിന്നും ആവശ്യപ്പെടാതെ ഇസ്ലാമിക പുസ്തകങ്ങള്‍ തപാല്‍ വഴി അയച്ചുകിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളാണ് പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ കാരണമായത്. 78 ലോകഭാഷകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സൊസൈറ്റി ഇന്ത്യന്‍ ഭാഷകളായ ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകളിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് വെബ്സൈറ്റില്‍ കാണുന്നു. മലയാളത്തിലും പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും മലബാര്‍ എന്നെഴുതി ബ്രായ്ക്കറ്റിലാണ് മലയാളം എന്ന് കൊടുത്തിരിക്കുന്നത്. മലബാര്‍ മേഖലയിലുള്ളവരും ഇതുമായി ബന്ധപ്പെടുന്നുണ്ടെന്നതിന് തെളിവായിട്ടാണ് ഇതിന്റെ സൂചന.
മൊബൈല്‍ ഫോണ്‍ കണക്ഷന് വേണ്ടി നല്കുന്ന അഡ്രസ് പ്രൂഫില്‍ നിന്നാണ് സ്ത്രീകളുടെ വിവരങ്ങള്‍ കൂടുതലായും ശേഖരിക്കുന്നതെന്നാണ് വിവരം. പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങി പല കാര്യങ്ങളും വിലയിരുത്തിയ ശേഷമാണ് വിലാസം വെബ്സൈറ്റിലേക്ക് നല്‍കുന്നത്. അപേക്ഷയോടൊപ്പം നല്കുന്ന ഫോട്ടോകളും ഈ ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്നുണ്ടത്രേ. സ്വകാര്യ മൊബൈല്‍ കമ്പനികളുടെ കണക്ഷന് ലഭിക്കുന്നതിന് നല്കുന്ന ഫോട്ടോകളും ആധാര്‍ വിവരങ്ങളും പല തരത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് വിവരങ്ങള്‍. സ്വകാര്യ മെഡിക്കല്‍ എന്ജിനിയറിംഗ്മറ്റ് പ്രഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ അയച്ചുകിട്ടിയിട്ടുണ്ടെങ്കിലും പലരും ഇത് നശിപ്പിച്ചുകളയുകയായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.
പൂര്‍ണമായ വിലാസം പ്രിന്റ് ചെയ്ത് പതിപ്പിച്ച നിലയിലുള്ള പാര്‍സലായി ലഭിച്ചത്. ഇസ്ലാമിക് മെസേജ് സൊസൈറ്റി (സിഐഎംഎസ് കോര്‍പ്, പി.ഒ., ബോക്സ് നമ്പര്‍834, അലക്സാന്‍ഡ്രിയ, ഈജിപ്ത്) എന്ന വിലാസത്തില്‍നിന്നാണ് പാര്‍സല്‍ അയച്ചിരിക്കുന്നത്. വീട്ടമ്മ പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. പുസ്തകം വന്നത് പോലീസില്‍ അറിയിച്ചതു പ്രകാരം രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ജില്ലയിലെ അന്യമതസ്ഥരായ നിരവധി വീട്ടമ്മമാര്‍ക്ക് ഇത്തരം മതഗ്രന്ഥങ്ങള്‍ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളെ വലവീശുക താരതമ്യേന എളുപ്പമാണെന്ന ചിന്തയാവാം ഇതിനു പിന്നില്‍. അന്യമതസ്ഥതരായ സ്ത്രീകളുടെ പേരും വിലാസവും ഇതില്‍ കാണിച്ചിരിക്കുന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയച്ചുകൊടുക്കുകയാണ് നാട്ടിലുള്ള കണ്ണികളുടെ ഉത്തരവാദിത്വം. ഇത്തരത്തില്‍ സ്ത്രീകളുടെ വിലാസം ശേഖരിക്കുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ത്രീകളുടെ മേല്‍വിലാസം ശേഖരിക്കുന്നതിന് നിരവധി മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. വലിയതുക പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്ന പത്രപരസ്യങ്ങളും നഗരത്തിലെ തിരക്കേറിയ ബസ്സ്റ്റാന്‍ഡിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും പതിച്ചിരിക്കുന്ന നോട്ടീസുകളുമൊക്കെ ഇതിന്റെ ഭാഗമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കൂടാതെ മൊബൈല്‍ ഫോണ്‍ കണക്ഷന് ലഭിക്കാന്‍ കൊടുക്കുന്ന ഐഡി പ്രൂഫില്‍ നിന്നുപോലും ഇടനിലക്കാര്‍ മേല്‍വിലാസങ്ങള്‍ ശേഖരിക്കുന്നുണ്ട്. കോളജ് വിദ്യാര്‍ഥിനികള്‍, വീട്ടമ്മമാര്‍, മെഡിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനികള്‍ എന്നിവരെയും ഇസ്ലാമിക് സംഘടന ലക്ഷ്യമിടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ പലരും അടുത്തിടെ ഇത്തരം കെണിയില്പെട്ടതിന്റെ പിന്നില്‍ ഇതുപോലുള്ള സംഘടനകളുടെ സ്വാധീനമാണെന്ന് സംശയിക്കപ്പെടുന്നു. കേരള പോലീസിനു പുറമേ കേന്ദ്ര ഏജന്‍സികളും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്.