കണ്ണൂർ: ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന മുഖ്യ സൂത്രധാരകൻ അടക്കം രണ്ടുപേർ കണ്ണൂരിൽ അറസ്റ്റിൽ. തലശേരി സ്വദേശി ഹംസ (57), തലശേരി കോടതിക്കു സമീപം താമസിക്കുന്ന കെ. മനാഫ് (45) എന്നിവരെയാണ് കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരിയിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇന്നലെ ഐഎസിന്റെ പരിശീലനം ലഭിച്ച മുണ്ടേരി കൈപ്പക്കയ്യിൽ ബൈത്തുൽ ഫർസാനയിലെ മിഥ്ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി.അബ്ദുൾ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കേരളത്തിൽനിന്ന് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലെ മുഖ്യ ഏജന്റ് ഹംസയാണെന്ന് പോലീസ് പറഞ്ഞു. താലിബാൻ ഹംസ എന്നറിയപ്പെടുന്ന ഇയാൾ 20 വർഷമായി ദുബായിലാണ് താമസം. ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്താരാഷ്ട്ര നേതൃത്വമായി അടുത്തബന്ധം ഇയാൾക്കുണ്ടെന്നും പോലീസിന് വിവരം ലഭിച്ചു. ബിരിയാണി ഹംസ എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് പലരെയും സിറിയയിലേക്ക് അയക്കാനുള്ള പദ്ധതി തയാറാക്കുന്നത്. ഡൽഹിയിൽ പിടിയിലായ ഷാജഹാൻ, കൊല്ലപ്പെട്ട ഷമീർ, ഷജിൽ എന്നിവരെയാണ് ആദ്യം റിക്രൂട്ട് ചെയ്തത്. തീവ്ര ഇസ്ലാം ചിന്താഗതികളും ജിഹാദിസന്ദേശങ്ങളും ഇവരിൽ അടിച്ചേൽപ്പിച്ചതും ഹംസയാണ്. അൽമുജാഹിർ എന്ന പേരിൽ വെബ്സൈറ്റും ഇതിനായി ഉപയോഗപ്പെടുത്തി.
അറസ്റ്റിലായ മനാഫ് ഐഎസിൽ ചേരുവാൻ സിറിയയിലേക്ക് പോകുന്നവഴി മംഗലാപുരത്ത് വച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഇയാൾ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ അറസ്റ്റിലായ മൂന്നുപേരും പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.
ഇവർ കഴിഞ്ഞവർഷമാണ് പരിശീലനത്തിനായി ഐഎസ് ക്യാന്പിലേക്കു പോയത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ദുബായ് വഴി ഇറാനിലേക്കു കടക്കുകയായിരുന്നു. വിമാനടിക്കറ്റും വീസയും എടുത്താണ് ഇറാൻ വരെ എത്തിയത്. അവിടെനിന്നും ഐഎസിന്റെ സഹായത്തോടെ കള്ളവണ്ടി കയറി തുർക്കിയിൽ എത്തി. അവിടെ നാലുമാസം ഐഎസ് ക്യാന്പിൽ തീവ്രവാദപരിശീലനം ലഭിച്ചു. അവിടെനിന്നും സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ സംഘത്തെ തുർക്കി പോലീസ് പിടികൂടുകയും തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്തുകയുമായിരുന്നു. തുർക്കിയിൽ ഹിസ്ബുൾ പരിശീലന കേന്ദ്രത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടെനിന്നും ആയുധപരിശീലനം ലഭിച്ചിട്ടുണ്ട്. കൂടാതെ നാട്ടിലുള്ളവരെ പ്രലോഭിപ്പിച്ച് ഐഎസിലേക്ക് ആകർഷിക്കാൻ ഇവർക്ക് ജിഹാദി പരിശീലനവും ലഭിച്ചിട്ടുണ്ട്.
നാലുമാസമാണ് ഇവർ തുർക്കിയിൽ താമസിച്ച് പരിശീലനം നേടിയത്. നാട്ടിലെത്തിയ ഇവർ തീവ്രവാദ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പോലീസിനു മനസിലാക്കാൻ സാധിച്ചു. ഇവരെ പോലീസ് നിരവധി തവണ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയും വിട്ടയയ്ക്കുകയും ചെയ്തു. പിന്നീട് മൂന്നുപേരുടെയും ഫോൺ കോളുകൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്. തുടർന്ന് ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച പോലീസ് തന്ത്രപൂർവം വളപട്ടണം സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ഇന്നലെ രാവിലെ പത്തോടെ സ്റ്റേഷനിലെത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നിരോധിത ഭീകരസംഘടനയായ ഐഎസിൽ അംഗങ്ങളായി ചേരുക, മാതൃരാജ്യത്തിനെതിരേ യുദ്ധം ചെയ്യുക എന്നതിന് യുഎപിഎ 38/39 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ തലശേരി സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കണ്ണൂരിൽനിന്ന് 15പേരാണ് ഐഎസിൽ ചേർന്നിരിക്കുന്നത്. ഇതിൽ അഞ്ചുപേരെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേർ കൊല്ലപ്പെടുകയും അഞ്ചുപേർ സിറിയയിൽ ഉണ്ടെന്നുമാണ് പോലീസിന് ലഭിച്ച വിവരം.
അറബിഹംസയെ എന്‍ഐഎയും ചോദ്യം ചെയ്തിരുന്നു
തലശേരി: ഐഎസില്‍ ചേരുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ നിന്നും സിറിയയിലേക്ക് യുവാക്കളെ അയക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച സംഭവത്തില്‍ കണ്ണൂരില്‍ അറസ്റ്റിലായ തലശേരി ചിറക്കര സ്വദേശി അറബി ഹംസയെ പത്ത് മാസം മുമ്പ് എന്‍ഐഎ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. 2016 ഡിസംബറില്‍ 28 നാണ് എൻഐഎ ഡിവൈഎസ്പി അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം ഹംസയുടെ വീട് റെയ്ഡ് ചെയ്യുകയും വീട്ടിലും തലശേരി ഡിവൈഎസ്പി ഓഫീസിലും വെച്ച് ഹംസയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
വീടും പരിസരവും എന്‍ഐഎ സംഘം അരിച്ചു പെറുക്കി. വിവിധ ഘട്ടങ്ങളിലായി ആറ് മണിക്കൂര്‍ സമയമാണ് ഇയാളെ എന്‍ഐഎ സംഘം അന്ന് ചോദ്യം ചെയ്തത്. എന്‍ഐഎ സംഘം എത്തിയ വിവരമറിഞ്ഞ് അന്ന് വന്‍ ജനവും ഹംസയുടെ വീടിനു മുന്നില്‍ തടിച്ചു കൂടിയിരുന്നു. ലോക്കല്‍ പോലീസ് ജനങ്ങളെ വീട്ടിനുള്ളിലേക്ക് കടത്തി വിടാതെ ഗേറ്റടച്ചു കാവല്‍ നില്‍ക്കുകയും ഉച്ചക്ക് രണ്ട് മണി വരെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്ത ശേഷം പിന്നീട് ഡിവൈഎസ്പി ഓഫീസിലേക്ക് കൊണ്ടു പോകുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം അഞ്ചുവരെ ഇവിടെ വെച്ചും ചോദ്യം ചെയ്യുകയും നോട്ടീസ് നല്കിയ ശേഷം വിട്ടയക്കുകയുമായിരുന്നു.
ഇതു സംബന്ധിച്ച വാര്‍ത്ത രാഷ്ട്രദീപിക പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.പീന്നീട് പല തവണ കൊച്ചിയിലെ എന്‍ഐഎ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയും ഹംസയെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായ ഹംസയെ കാണുന്നില്ലെന്ന നവ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ ഡിവൈഎസ്പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹംസയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐഎസ് ബന്ധത്തെ തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തെ വിവിധ അറബ് രാജ്യങ്ങളിലും ജയിലില്‍ കഴിയുന്ന യുവാക്കള്‍ പിടിക്കപ്പെടുന്നതിന് മുമ്പ് അറബി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഹംസയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎക്ക് നേരത്തെ തന്നെ സൂചന ലഭിച്ചു. ഇയാളുടെ ഗ്രൂപ്പിന്റെ അമീറിനെകുറിച്ചും എന്‍ഐഎ അന്വാഷണം നടത്തിയിരുന്നു.