ജോസ് ആൻഡ്രൂസ്
പശ്ചിമേഷ്യയിൽ ഐഎസ് നശിപ്പിച്ച ക്രിസ്ത്യൻ പള്ളികൾക്കു കണക്കില്ല. പക്ഷേ, ദെർ എസോറിലെ പള്ളിയുടെ സ്ഥാനത്ത് ഇപ്പോഴുള്ള കൽക്കൂന്പാരങ്ങൾ ലോകത്തിന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. കാരണം ആ കൽക്കൂന്പാരങ്ങൾക്കടിയിൽ നിത്യ നിദ്രയിലുള്ളത് ലക്ഷക്കണക്കിനു മനുഷ്യരാണ്. ലോക രാജ്യങ്ങളിൽ പലതും അതിന്റെ കപടനയതന്ത്രത്തിന്റെ ഭാഗമായി വിസ്മരിച്ചുകളഞ്ഞ ഒരു വംശഹത്യയുടെ ഇരകൾ.
1991-ൽ സ്ഥാപിച്ച പള്ളി ആരാധനാലയം മാത്രമല്ല. അവിടെ സ്മാരകവും മ്യൂസിയവും സൗഹൃദ ഭിത്തിയുമുണ്ട്. ഭിത്തിയിൽ അറബി, അർമീനിയൻ ശൈലിയിലുള്ള ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ലോകമെങ്ങുമുള്ള തീർഥാടകരും സന്ദർശകരും ചരിത്രവിദ്യാർഥികളുമൊക്കെയായി ലക്ഷക്കണക്കിനാളുകളാണ് വർഷംതോറും ഇവിടെ എത്തിയിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 21-ന് ഐഎസിന്റെ നിയന്ത്രണത്തിൽ ഇരിക്കവേ പള്ളി തകർക്കപ്പെട്ടു.
കൊടിയ പൈശാചികതയുടെയും നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും ആകെത്തുകയായിരുന്നു അർമീനിയൻ കൂട്ടക്കൊല. ഭൂലോക കുറ്റവാളിയും ജൂതകൂട്ടക്കൊലയുടെ നടത്തിപ്പുകാരനുമായിരുന്ന ഹിറ്റ്ലർക്കുപോലും പിന്നീടു മാതൃകയായത് ഇതായിരുന്നു. പ്രധാനമായും 1915നും 1918നും ഇടയ്ക്കുള്ള മൂന്നു കൊല്ലത്തിനിടെയാണ് കൊലപാതകങ്ങളിൽ കൂടുതലും അരങ്ങേറിയത്. രക്തസാക്ഷികളുടെ പള്ളി നിലനിന്നിരുന്ന സ്ഥലത്താണ് വംശഹത്യ ക്യാന്പുകൾ ഉണ്ടായിരുന്നത്. നാലു ലക്ഷത്തോളം ക്രൈസ്തവരെ കൊന്നു കുഴിച്ചുമൂടിയത് ദെർ എസോറിലെ ഈ പള്ളിപ്പരിസരത്തായിരുന്നു. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളും.
ചരിത്രം
ഓട്ടോമൻ സാമ്രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലും യുറേഷ്യയിലെ കോക്കസസ് പർവതപ്രദേശങ്ങളിലും ഇന്നത്തെ തുർക്കിയുടെ ഭാഗമായ അനത്തോളിയയിലുമാണ് അർമീനിയക്കാർ ജീവിച്ചിരുന്നത്. ക്രിസ്തുവിന് ആയിരം വർഷങ്ങൾക്കു മുന്പ് അവർ ഇവിടങ്ങളിലുണ്ടായിരുന്നു. എ.ഡി. 301ൽ രാജാവ് ക്രിസ്തുമതം സ്വീകരിച്ചതോടെ അർമീനിയ ലോകത്തെ ആദ്യത്തെ ക്രൈസ്തവ രാജ്യമായി.
15-ാം നൂറ്റാണ്ടിൽ അർമീനിയ ഓട്ടോമൻ തുർക്കികളുടെ ഭരണത്തിലായി. അതോടെ അർമീനിയക്കാർ രണ്ടാംതരം പൗരന്മാരായി. അവകാശങ്ങൾ പരിമിതമായി. മനുഷ്യരെപ്പോലെ ജീവിക്കാൻ പ്രത്യേക നികുതി കൊടുക്കേണ്ടി വന്നു. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്തവരോട് കൊല്ലാതിരിക്കാൻ വലിയ നികുതി ഈടാക്കുന്നതിന്റെ പഴയ മാതൃക. ഇതൊക്കെയായിട്ടും സാന്പത്തികമായി ഉന്നതി നേടാൻ കഠിനാധ്വാനികളും മിതവാദികളുമായിരുന്ന അർമീനിയൻ വംശജർക്കു കഴിഞ്ഞു. അതും അവരെ ഭൂരിപക്ഷത്തിന്റെ കണ്ണിലെ കരടാക്കി. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചതോടെ തുർക്കി ദുർബലമായിത്തുടങ്ങി.
അർമീനിയക്കാർ കൂടുതലും താമസിച്ചിരുന്ന അനത്തോളിയ തുർക്കിയുടെ ശത്രുരാജ്യമായിരുന്ന റഷ്യയുടെ അതിർത്തിയിലായിരുന്നു. അർമീനിയക്കാർ തുർക്കിക്കെതിരേ റഷ്യയുമായി സഹകരിക്കുന്നുണ്ടെന്ന സംശയവും ബലപ്പെട്ടു. രണ്ടാംതരം പൗരന്മാരായി ജീവിക്കേണ്ടി വന്ന അർമീനിയക്കാരിൽ ചിലർ റഷ്യയുമായി കൂട്ടുകൂടി. അവർ മാതൃരാജ്യത്തെ ഒറ്റുകൊടുത്തവരാണെന്ന് ഭരണകൂടം ആരോപിച്ചു. ഇതിനിടെ 1908ൽ ഓട്ടോമൻ സുൽത്താനെ സ്ഥാനഭ്രഷ്ടനാക്കി കമ്മിറ്റി ഓഫ് യൂണിയൻ ആൻഡ് പ്രോഗ്രസ് എന്ന പേരിൽ യുവതുർക്കികളുടെ ഭരണം നിലവിൽ വന്നു. അവർ അർമീനിയക്കാരോടുള്ള പക തീർക്കാൻ തീരുമാനിച്ചു.
കൂട്ടക്കശാപ്പ്
1915 ഫെബ്രുവരി മാസത്തിൽ പട്ടാളത്തിലുള്ള അർമീനിയക്കാർക്കെതിരേ നടപടിയെടുത്തുകൊണ്ടായിരുന്നു തുടക്കം. അവരുടെ ആയുധങ്ങൾ തിരികെ വാങ്ങുകയും സർക്കാർ നിയന്ത്രണത്തിലുള്ള മറ്റു തൊഴിലുകളിലേക്കു മാറ്റുകയും ചെയ്തു. ഏപ്രിൽ 24-ന് 250 അർമീനിയൻ ബുദ്ധിജീവികളെയും എഴുത്തുകാരെയും സമുദായ നേതാക്കന്മാരെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. അവരെ കൂട്ടക്കൊല ചെയ്തുകൊണ്ടായിരുന്നു മനുഷ്യമനഃസാക്ഷിയെ നടുക്കിയ വംശഹത്യയുടെ ഉദ്ഘാടനം ഓട്ടോമൻ തുർക്കികൾ നിർവഹിച്ചത്. ചുവന്ന ഞായർ എന്ന് ചരിത്രത്തിൽ അറിയപ്പെട്ട 23-ന് രാത്രിയിലായിരുന്നു ഓട്ടോമൻ തലസ്ഥാനമായിരുന്ന കോണ്സ്റ്റാന്റിനോപ്പിളിൽ അറസ്റ്റ്. മറ്റു സ്ഥലങ്ങളിൽ അറസ്റ്റ് ചെയ്തവരെ അങ്കാറയിലെ കേന്ദ്രങ്ങളിലെത്തിച്ചു. അർമീനിയക്കാരുടെ പ്രമുഖരെ വധിച്ച ഏപ്രിൽ 24 ആണ് ഇന്നും അർമീനിയൻ വംശഹത്യയുടെ ഓർമദിനമായി ആചരിക്കുന്നത്.
ഏപ്രിൽ മാസത്തിൽ തന്നെ ഈ പരീക്ഷണം വ്യാപിപ്പിക്കാൻ യുവതുർക്കികൾ തീരുമാനിച്ചു. അർമീനിയക്കാർ റഷ്യൻ അതിർത്തിയായ അനത്തോളിയയിലെ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് മരുഭൂമിയിലേക്കു നീങ്ങാൻ ഉത്തരവായി. പ്രായമായവരെയും കുഞ്ഞുങ്ങളെയുമൊക്കെ തോളിലേന്തി ഉള്ളതെല്ലാം ഉപേക്ഷിച്ച് അടുത്തുള്ള മരുഭൂമിയിലേക്ക് ആളുകൾ നിരനിരയായി നീങ്ങിത്തുടങ്ങി.
കിഴക്കൻ അനത്തോളിയയിലെ ചില പ്രദേശങ്ങളിൽ 12 വയസിനു മുകളിലുള്ള മുഴുവൻ പുരുഷന്മാരെയും കൊന്നൊടുക്കി. കുറെ കുട്ടികളെ മതംമാറ്റി മുസ്ലിം കുടുംബങ്ങൾക്കു വളർത്താൻ കൊടുത്തുവെന്ന് ചില ലേഖനങ്ങളിൽ കാണുന്നു. ബാക്കിയുള്ളവരെ മരുഭൂമിയിലേക്കു യാത്രയാക്കിയത് കൊല്ലാക്കൊല നടത്താൻ വേണ്ടി മാത്രമായിരുന്നു. യാത്രയ്ക്കിടയിൽ ഭക്ഷണവും വെള്ളവുമില്ലാതെ ആളുകൾ മരിച്ചുവീണു. മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടെ ചത്തു ചീഞ്ഞ കുതിരയുടെ ജഡം ആർത്തിയോടെ തിന്നുന്ന കുട്ടികളുൾപ്പെടെയുള്ളവരുടെ ചിത്രം മനഃസാക്ഷിയെ നടുക്കുന്നതാണ്. ഒരു ഫോട്ടോഗ്രാഫർക്കും പകർത്താനാവാതെപോയ എത്രയോ ദൃശ്യങ്ങൾക്കു സാക്ഷിയായ മണ്ണിലാണ് ഐഎസ് തകർത്ത ദേവാലയം നിന്നിരുന്നത്.
ഭരണാധികാരികളായിരുന്ന യുവതുർക്കികളുടെ കമ്മിറ്റി ഓഫ് യുണിറ്റി ആൻഡ് പ്രോഗ്രസ് സംശയം തോന്നിയാൽ ഏത് അർമീനിയക്കാരനെയും കൊന്നുകളയാനുള്ള നിയമം പാസാക്കിയിരുന്നു. അർമീനിയക്കാരുടെ സ്വത്തുവകകൾ കൈവശപ്പെടുത്താൻ ഭൂരിപക്ഷക്കാരെ അനുവദിക്കുന്ന നിയമവും തയാറാക്കി. സിറിയൻ മരുഭൂമികളിലൂടെ കൊണ്ടുപോയ സ്ത്രീകളെയും കുട്ടികളെയും കോണ്സൻട്രേഷൻ ക്യാന്പുകളിൽ എത്തിച്ച് കൂട്ടക്കുരുതി നടത്തി. വലിയ കുഴികളിലേക്കു മനുഷ്യരെ കൂട്ടത്തോടെ കൊന്നിട്ടശേഷം മണ്ണിട്ടു മൂടുകയായിരുന്നു. നിരവധിപ്പേരെ കുരിശിൽ തറച്ചു കൊന്നു.
സ്ത്രീകളാണ് ഏറ്റവും കൊടിയ പീഡനങ്ങൾക്കിരയായത്. കൊല്ലുന്നതിനുമുന്പ് സൈനികരും അർധസൈനികരും നാട്ടുകാരുമൊക്കെ പെണ്കുട്ടികളെ മാനഭംഗപ്പെടുത്തി. ആരും ചോദിക്കാനില്ലാത്തതുകൊണ്ട് ക്രൂരമായ കാമപ്പേക്കൂത്തുകളാണ് നടന്നത്. സഹികെട്ട ക്രിസ്ത്യൻ സ്ത്രീകളിൽ വലിയൊരു വിഭാഗം യൂഫ്രട്ടീസ് നദിയിൽ ചാടി ജീവനൊടുക്കി.
കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമം
അർമീനിയൻ വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്റുകൾ പൂർണമായും നശിപ്പിച്ചും അതേക്കുറിച്ചു സംസാരിക്കുന്നതും എഴുതുന്നതും വിലക്കിയും തുർക്കി ഇതു വംശഹത്യയല്ലെന്നു സ്ഥാപിക്കാൻ പെടാപ്പാടു പെടുകയാണ്. ഓട്ടോമൻ പട്ടാളത്തിൽ നിർണായക സ്ഥാനത്തുണ്ടായിരുന്ന ജർമൻകാർ ഉൾപ്പെടെയുള്ള വിദേശികളായ ഉദ്യോഗസ്ഥരും മിഷനറിമാരും കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകത്തെത്തിച്ചു. യുദ്ധാനന്തര കോടതികളിൽ നിർണായക വിവരങ്ങൾ നല്കിയവരിൽ വംശഹത്യയുടെ കാലത്ത് ഓട്ടോമൻ സർക്കാരിലും സൈന്യത്തിലും പ്രവർത്തിച്ച തുർക്കികളുമുണ്ടായിരുന്നു.
അർമീനിയൻ വംശഹത്യ നടന്നെന്നു സമ്മതിക്കാൻ മാത്രമല്ല, അതിന്റെ ഓർമകൾപോലും ബാക്കിയുണ്ടാകരുതെന്ന് ശഠിക്കുന്നവരാണ് രക്തസാക്ഷികളുടെ നാമധേയത്തിലുള്ള അർമീനിയൻ വംശഹത്യ സ്മാരക ദേവാലയം തകർത്തത്. രണ്ടാഴ്ച മുന്പ് സിറിയൻ സൈന്യം ദെർ എസോർ തിരികെ പിടിച്ചപ്പോഴാണ് അറിഞ്ഞത് ചരിത്രസ്മാരകമായ പള്ളി തകർക്കപ്പെട്ടു എന്ന്.
നാസികൾ യഹൂദരെ കൊന്നൊടുക്കാൻ ഒരുക്കിയ ഔഷ്വിറ്റ്സ് തടങ്കൽ പാളയത്തിനു തുല്യമാണ് അർമീനിയക്കാരെ കൂട്ടക്കൊല ചെയ്ത സ്ഥലങ്ങളിലൊന്നായ ദെർ എസോർ എന്ന് മാധ്യമങ്ങളും ചരിത്രകാരന്മാരും വിശേഷിപ്പിച്ചിരുന്നു. എന്നാൽ അർമീനിയൻ പ്രസിഡന്റ് സെർഷ് സർക്കിസിയാൻ 2010 ലെ അനുസ്മരണച്ചടങ്ങിൽ ഈ ദേവാലയ മുറ്റത്തുവച്ച് അതിനൊരു തിരുത്തു വരുത്തി. അർമീനിയക്കാരുടെ ഔഷ്വിറ്റ്സ് ആണ് ദെർ എസോർ എന്നല്ല, യഹൂദരുടെ ദെർ എസോറാണ് ഒൗഷ്വിറ്റ്സ് എന്നു പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കാരണം 20-ാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ നടന്നത് ദെർ എസോറിലാണ്. പിന്നീടാണ് ഈ മാതൃകയിൽ ഹിറ്റ്ലർ യഹൂദരെ കൊന്നൊടുക്കിയത്.
അർമീനിയയിലെ ഷിൻഡ്ലർ മെഹ്മത് സെലാൽ ബേ
നാസികളിൽനിന്നു യഹൂദരെ രക്ഷിച്ച ഷിൻഡ്ലർക്കു സമാനമായി അർമീനിയയിൽ യുവതുർക്കികളുടെ കൊലവെറിയിൽനിന്നു നിസഹായരായ ക്രൈസ്തവരെ രക്ഷിക്കാൻ ശ്രമിച്ച് ചരിത്രത്തിൽ ഇടം നേടിയ ഒരു മനുഷ്യസ്നേഹിയുണ്ട്. ക്രൈസ്തവരെ കൊല്ലാൻ വിട്ടുകൊടുക്കാതിരുന്ന മുസ്ലിമായിരുന്നു മെഹ്മത് സെലാൽ ബേ. എർസുറും, അലെപ്പോ, അയ്ദിൻ, എദിർനെ, കോന്യ, അഡാന എന്നീ പ്രവിശ്യകളുടെ ചുമതലയുള്ള ഗവർണറായിരുന്നു അദ്ദേഹം. കൃഷി മന്ത്രിയായും ഇസ്റ്റാംബൂളിന്റെ മേയറായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
ക്രൈസ്തവരെ നാടുകടത്താനുള്ള ഉത്തരവുകൾ അദ്ദേഹം നടപ്പാക്കിയില്ല. നാടുകടത്തുക എന്നു പറഞ്ഞാൽ കൊല്ലാൻവേണ്ടി ആട്ടിത്തെളിച്ചുകൊണ്ടുപോകുക എന്നാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സർക്കാരിന്റെ വംശഹത്യ ഉത്തരവുകൾ നടപ്പാക്കാത്തതിനാൽ 1915 ജൂണ് മാസത്തിൽ അദ്ദേഹത്തെ അലെപ്പോയിൽനിന്നു മാറ്റി. പുതിയ ചുമതലയേൽക്കാൻ കോന്യയിലേക്കു പോകുംമുന്പ് അദ്ദേഹം കമ്മിറ്റി ഓഫ് യുണിയൻ ആൻഡ് പ്രോഗ്രസ് നേതാക്കളെ കണ്ടു. അതനുസരിച്ച് കോന്യയിൽനിന്ന് ക്രൈസ്തവരെ നാടുകടത്തില്ലെന്ന് ഉറപ്പു ലഭിച്ചു. പക്ഷേ, അദ്ദേഹം കോന്യയിലെത്തിയപ്പോഴേക്കും നാടു കടത്താൻ ക്രൈസ്തവരൊന്നും ബാക്കിയുണ്ടായിരുന്നില്ല.
കൊന്നു തീർത്തിരുന്നു. 1915 ഒക്ടോബർ മൂന്നിന് മെഹ്മത്തിനെ കോന്യയിൽനിന്നു സസ്പെൻഡ് ചെയ്തു. അദ്ദേഹം പോയി മൂന്നു ദിവസത്തനകം അവിടെ ബാക്കിയുണ്ടായിരുന്ന 10,000 ക്രൈസ്തവർ നാടുകടത്തപ്പെട്ടു. കൊല്ലാൻ കൊണ്ടുപോയി എന്നർഥം. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുക: “നദിക്കരയിലിരിക്കുന്ന നിസഹായനായ മനുഷ്യനാണ് ഞാൻ. കണ്മുന്നിലൂടെ ചോരപ്പുഴയാണ് ഒഴുകുന്നത്. ആയിരക്കണക്കിനു നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളും നിസഹായരായ സ്ത്രീകളും വയോധികരുമൊക്കെ എന്റെ കണ്മുന്നിലൂടെ ഇരുട്ടിലേക്ക് ഒഴുകി മറയുകയാണ്. ഈ കൈകൾകൊണ്ട് കൈപിടിച്ചുകയറ്റാവുന്ന ചിലരെയൊക്കെ രക്ഷിക്കാൻ എനിക്കു കഴിഞ്ഞു. മറ്റുള്ളവരെല്ലാം ഒരിക്കലും തിരിച്ചുവരാതെ എന്റെ കണ്മുന്നിലൂടെ ഒഴുകിപ്പോയി’’.
വംശഹത്യ തന്നെ
ക്രിസ്തുമതം ഒൗദ്യോഗിക മതമായ ലോകത്തെ ആദ്യത്തെ രാജ്യമാണ് അർമീനിയ. 15 ലക്ഷം ക്രൈസ്തവരെ ഓട്ടോമൻ തുർക്കികളുടെ ഭരണകൂടം കൊന്നൊടുക്കി. എന്നിട്ടും അതിനെ വംശഹത്യ എന്നു പറയാൻ ചിലർക്കൊക്കെ മടിയാണ്. രാഷ്ട്രീയം അങ്ങനെയാണ്. ആളും തരവും നോക്കിയാണ് കൂട്ടക്കൊലകളെ പോലും നിർവചിക്കുന്നത്. 1915 മുതൽ 1923 വരെ ഏതാണ്ട് ഏഴുകൊല്ലം നീണ്ടുനിന്നെങ്കിലും ആദ്യത്തെ രണ്ടു വർഷംകൊണ്ട് ന്യൂനപക്ഷങ്ങളായിരുന്ന ക്രൈസ്തവരെ ഏതാണ്ട് പൂർണമായും കൊന്നൊടുക്കി.
ഇതു വംശഹത്യയല്ലാതെ മറ്റെന്താണ്? അതു വംശഹത്യയല്ലെന്നും രാജ്യത്തോടു കൂറു പുലർത്താത്തവരോടുള്ള ഭൂരിപക്ഷത്തിന്റെ സ്വാഭാവിക പ്രതികരണമാണെന്നുമുള്ള ചില വ്യാഖ്യാനങ്ങൾ ഏറ്റു പിടിക്കാൻ ഇങ്ങു കേരളത്തിലുമുണ്ട് ചിലർ. പക്ഷേ, 15 ലക്ഷം നിസഹായരായ മനുഷ്യരുടെ ചോരപ്പുഴകൾ മുൻവിധിയുടെയും പക്ഷപാതിത്വത്തിന്റെയും നുണയുടെയും മണ്ണിട്ടു മൂടാൻ ഏറെ പണിപ്പെട്ടാലും കഴിയുമെന്നു തോന്നുന്നില്ല.
കൊല്ലപ്പെട്ടവരിൽ ക്രൈസ്തവർ മാത്രമല്ലെന്നുള്ളതാണ് തുർക്കി ഉന്നയിക്കുന്ന പ്രധാന വാദം. വംശഹത്യയിൽ മാത്രമല്ല, ഏതു കൂട്ടക്കൊലയിലും കൊല്ലപ്പെടുന്നത് ഒരു വിഭാഗക്കാർ മാത്രമല്ലല്ലോ. എന്നിട്ടും കൂട്ടക്കൊലയെന്നും വംശഹത്യയെന്നുമൊക്കെ പറഞ്ഞ് നാം അവയുടെ വാർഷികങ്ങൾ ആചരിക്കാറുണ്ടല്ലോ. ജർമൻകാർ ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടുള്ളതുകൊണ്ട് ഏറ്റവും വലിയ വംശഹത്യയായിരുന്ന ജൂത വംശഹത്യയും ഇതേ ന്യായം പറഞ്ഞ് എഴുതിത്തള്ളുമോ? അർമീനിയയിലേതു വംശഹത്യ അല്ലെന്നു സമർഥിക്കാൻ ശ്രമിക്കുന്നവർ ചുരുങ്ങിയ സമയംകൊണ്ട് ഇത്രമാത്രം ക്രൈസ്തവരെ കൊന്നൊടുക്കിയപ്പോൾ ഓട്ടോമൻ ഭരണകൂടം എന്തെടുക്കുകയായിരുന്നെന്നെങ്കിലും പറയേണ്ടിവരും.
തങ്ങളുടെ ആളുകൾ കൊല്ലപ്പെടുന്പോൾ വംശഹത്യയും കൂട്ടക്കൊലയും.
മറ്റുള്ളവരെ കൊല്ലുന്പോൾ സ്വാഭാവിക പ്രതികരണം. ഈ മനോഭാവം സ്വന്തക്കാരോടു കാണിക്കുന്ന ഐക്യദാർഢ്യമാണെങ്കിലും മനുഷ്യത്വത്തോടു കാണിക്കുന്ന ക്രൂരതയാണ്. എന്തായാലുംതുർക്കിയുടെ എതിർപ്പു വകവയ്ക്കാതെ ജർമനിയും റഷ്യയും ഇറ്റലിയും അമേരിക്കയിലെ 50ൽ 47 സംസ്ഥാനങ്ങളും ഫ്രാൻസും ഉൾപ്പെടെ 29 രാജ്യങ്ങൾ അർമീനിയയിൽ നടന്നതു വംശഹത്യയാണെന്ന് അംഗീകരിച്ചുകഴിഞ്ഞു.
കൂട്ടിനുള്ളത് ഹിറ്റ്ലർ
ന്യായീകരിക്കാനും പകരം വീട്ടാനുമുള്ളതല്ല തിന്മകൾ ആവർത്തിക്കാതിരിക്കാനുള്ള പാഠപുസ്തകമാണ് ചരിത്രം. അർമീനിയൻ ക്രൈസ്തവരുടെ വംശഹത്യ പിൽക്കാലത്ത് ഹിറ്റ്ലറെപ്പോലെ ലോകം വെറുക്കുന്ന വംശവെറിയനെപ്പോലും ആകർഷിച്ചു എന്നതും ചരിത്രപാഠം. ഹിറ്റ്ലറുടെ വാക്കുകൾ അതിന് അടിവരയിടുന്നു: ‘ഞാൻ ഉത്തരവിടുന്നു ഏതെങ്കിലുമൊരാൾ എതിർക്കാൻ മുതിർന്നാൽ ഫയറിംഗ് സ്ക്വാഡ് അവരെ കൊന്നിരിക്കും. പോളീഷ് വംശജരായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയുമൊക്കെ കരുണയോ ദയയോ ഇല്ലാതെ കൊന്നുകൊള്ളുക. അല്ലെങ്കിൽ നമുക്കു ജീവിക്കാൻ ഇടമുണ്ടാകില്ല. അർമീനിയൻ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തത് അറിയില്ലേ, പക്ഷേ, ഇപ്പോൾ അവരെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ?’.
അർമീനിയയെക്കുറിച്ച് ലോകം ഒറ്റക്കെട്ടായി പ്രതികരിച്ചിരുന്നെങ്കിൽ ഹിറ്റ്ലർ ഇതു പറയുമായിരുന്നില്ല. തകർക്കപ്പെട്ട പള്ളി മനുഷ്യരാശിയോട് പറയുന്നത് മറ്റൊന്നുമല്ല… ഇനിയൊരു ഹിറ്റ്ലർ ഉണ്ടാകരുത്.