ജനീവ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന വീണ്ടും കരുത്താർജിച്ച് 2021 വർഷത്തിൽ ലോകമെന്പാടും ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ വിഭാഗം മേധാവി വ്ലാഡിമിർ വൊറോൺകോവ് മുന്നറിയിപ്പു നല്കി.
ആഗോളസമൂഹം കോവിഡിനെ നേരിടുന്ന തക്കംനോക്കി ഐഎസ് ഭീകരർ കരുത്താർജിക്കുന്നതായി രക്ഷാസമിതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ അദ്ദേഹം വിശദീകരിച്ചു.
2020ന്റെ രണ്ടാം പകുതിയിൽ ഇറാക്കിലെയും സിറിയയിലെയും ഭീകര യൂണിറ്റുകൾ പുനർജീവിപ്പിക്കാനുള്ള ശ്രമം ഊർജിതമാക്കി.
വിദേശപോരാളികൾ അടക്കം പതിനായിരത്തോളം അംഗങ്ങൾ മേഖലയിൽ സജീവമായിരിക്കുന്നു. മരുഭൂമിയിലും ഗ്രാമപ്രദേശങ്ങളിലും ചെറു സെല്ലുകളായി കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
അഫ്ഗാനിസ്ഥാൻ, തെക്കുകിഴക്കൻ ഏഷ്യ എന്നിവടങ്ങളിലും ഐഎസ് സാന്നിധ്യം ഉണ്ട്. ഐഎസിന്റെ ഭീഷണി നേരിടാൻ ലോകരാജ്യങ്ങൾ തയാറായിരിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.