സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ ഐഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തി.റെയിൽവേ പോലീസും ആർപിഎഫും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് തൃശൂരിൽ പരിശോധന നടത്തിയത്.
പ്ലാറ്റ്ഫോമുകളിലും പാഴ്സൽ വിഭാഗത്തിലെ ചാക്കുകൾ, പെട്ടികൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തും റെയിൽവേ സ്റ്റേഷൻ പരിസരത്തും വിശ്രമമുറികളിലുമെല്ലാം കർശന പരിശോധന നടത്തി.ട്രെയിനുകളിൽ നടത്താറുള്ള പതിവ് പരിശോധനകളും ഇതോടൊപ്പം നടന്നു.
അസ്വഭാവികമായതൊന്നും പരിശോധനയിൽ കണ്ടെത്താനായില്ലെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും തൃശൂർ റെയിൽവേ പോലീസ് അറിയിച്ചു. യാത്രക്കാർക്ക് മറ്റു നിയന്ത്രണങ്ങളോ പരിശോധനകളോ ഇല്ലെന്നും അധികൃതർ പറഞ്ഞു.
കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തിയിരുന്നു. കൂടുതൽ ആളുകൾ ഒത്തുകൂടുന്ന ഇടങ്ങളിലെല്ലാം സുരക്ഷാപരിശോധന കർശനമാക്കുന്നുണ്ട്. ട്രെയിനുകളിലെത്തുന്ന പാഴ്സലുകൾ പരിശോധിക്കുന്നുണ്ട്.