വാഷിംഗ്ടൺ: ഭീകരസംഘടനയായ ഐഎസിൽ ചേരാൻ സിറിയയിലേക്കുപോയ യുവതിയെ തിരികെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുവതിയെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്ക് ട്രംപ് നിർദേശം നൽകി.
അലബാമ സ്വദേശിയായ ഇരപത്തിനാലുകാരി ഹുഡ മുത്താനയ്ക്കു യുഎസ് പൗരത്വമില്ലെന്നും അതിനാൽ രാജ്യത്ത് അനുവദിക്കില്ലെന്നും പോംപിയോ പിന്നീട് അറിയിച്ചു. അലബാമയിൽ ജനിച്ചുവളർന്ന മുത്താന ഇരുപതാം വയസിലാണ് സിറയയിലേക്കുപോയത്. തുർക്കിയിലെ സർവകലാശാലയിൽ പരിപാടിയിൽ പങ്കെടുക്കാൻപോകുന്നെന്ന് വീട്ടിൽ അറിയിച്ചാണ് മുത്താന സിറയക്ക് വണ്ടികയറിയത്.
ട്രംപ് ഭരണകൂടത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മുത്താനയുടെ കുടുംബത്തിന്റെ അഭിഭാഷകൻ പറഞ്ഞു. അമേരിക്കൻ പൗരൻമാരുടെ പൗരത്വം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. മുത്താന യുഎസ് പൗരയാണ്. അവർക്ക് നിയമസാധുതയുള്ള യുഎസ് പാസ്പോർട്ട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഷമീമ ബീഗമെന്ന യുവതിയെ രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും ബ്രിട്ടൺ തടഞ്ഞിരുന്നു. പ്രസവത്തിനു ബ്രിട്ടണിൽ എത്തണമെന്ന് ആഗ്രഹം പ്രകടപ്പിച്ച ഷമീമയെ ബ്രിട്ടൺ തടയുകയായിരുന്നു.