അബൂജ: നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) അനുകൂല സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പശ്ചിമ ആഫ്രിക്കൻ പ്രവിശ്യ(ഐഎസ്ഡബ്ല്യുഎപി) ക്രിസ്മസ് ദിനത്തിൽ 11 ബന്ദികളെ തലവെട്ടിക്കൊന്നു.
പത്തു പേർ ക്രിസ്ത്യാനികളും ഒരാൾ മുസ്ലിമുമാണെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഐഎസ് തലവന്മാരായ അബൂബക്കർ അൽ ബാഗ്ദാദി, അബ്ദുൾഹസൻ അൽ മുജാഹിർ എന്നിവർ വധിക്കപ്പെട്ടതിനു പ്രതികാരമാണിതെന്ന് സംഘടന അറിയിച്ചു. വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്താണ് സംഭവം നടന്നതെന്നു കരുതുന്നു. തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ഭീകരർ വ്യാഴാഴ്ച പുറത്തു വിടുകയായിരുന്നു.
13 പേരെ ഭീകരർ തടവിലിട്ടിരുന്നു. ഇതിൽ 11 പേരെയാണു വധിച്ചത്. തങ്ങളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് തടവുകാർ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ എന്ന സംഘടനയോട് അഭ്യർഥിക്കുന്ന വീഡിയോ മുന്പു പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ വധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്.
യുഎസ് സേന ഒക്ടോബർ 27ന് സിറിയയിൽ നടത്തിയ കമാൻഡോ ഓപറേഷനിടെ ഐഎസിന്റെ സ്വയംപ്രഖ്യാപിത ഖലീഫ ആയിരുന്ന അൽ ബാഗ്ദാദി സ്വയംപൊട്ടിത്തെറിച്ച് മരിക്കുക യായിരുന്നു.
ബാഗ്ദാദിയുടെ വലംകൈയ്യും ഐഎസിന്റെ വക്താവുമായിരുന്ന അൽ മുജാഹിർ ഇരുപത്തിനാലു മണിക്കൂറിനകം യുഎസ് സേന സിറിയയിൽ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിലും കൊല്ലപ്പെട്ടു.
ക്രിസ്ത്യൻ ഗ്രാമം ആക്രമിച്ച് ബോക്കൊ ഹറാം ഏഴു പേരെ വധിച്ചു
നൈജീരിയയിലെ മറ്റൊരു കുപ്രസിദ്ധ തീവ്രവാദ സംഘടനയായ ബോക്കോ ഹറാം ക്രിസ്മസ് ദിനത്തിൽ ഒരു ക്രിസ്ത്യൻ ഗ്രാമം ആക്രമിച്ച് ഏഴു പേരെ വധിക്കുകയും ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ബോർണോയിലെ ചിബോക്ക് പട്ടണത്തിനടുത്തുള്ള ക്വാരാംഗുലും ഗ്രാമത്തിലായിരുന്നു സംഭവം.
ട്രക്കുകളിലും മോട്ടോർ സൈക്കിളുകളിലുമെത്തിയ തീവ്രവാദികൾ ഭക്ഷണമടക്കം മോഷ്ടിച്ചശേഷം വീടുകൾ തീയിട്ടു നശിപ്പിച്ചു. ഏപ്രിലിലും തീവ്രവാദികൾ ഈ ഗ്രാമം ചാന്പലാക്കിയിരുന്നു. 2014ൽ ബോക്കോ ഹറാം 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത് ചിബോക്കിൽനിന്നാണ്. നൈജീരിയയിൽ ഈ വർഷം ആയിരത്തിലധികം ക്രൈസ്തവ വിശ്വാസികൾ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.