കണ്ണൂര്‍: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു യുവതികളെ കണ്ണൂർ നഗരത്തിൽനിന്ന് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു.
ഷിഫ ഹാരിസ്, മിസ്ഹ സിദ്ദീഖ് എന്നിവരെയാണ് കണ്ണൂർ താണയിലെ ധനലക്ഷ്മി ആശുപത്രിക്കു സമീപത്തെ വീട്ടില്‍നിന്ന് ഡല്‍ഹിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐഎസിനായി ആശയപ്രചാരണം നടത്തിയെന്നാണു കേസ്.
വൈദ്യപരിശോധനയ്ക്കുശേഷം ഇരുവരെയും കണ്ണൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി. ഇവരെ ഇന്ന് വിമാനത്തിൽ ഡൽഹിയിലേക്കു കൊണ്ടുപോകും.
പിടിയിലായവർ പ്രഫഷണലുകളാണെന്നാണു സൂചന. വടക്കേ മലബാറിലെ യുവതീ യുവാക്കളെ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരാക്കി കടത്തിക്കൊണ്ടുപോകുകയാണ് ഇവർ ചെയ്തിരുന്നത്.
തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽനിന്ന് ഐഎസിൽ ചേർന്നവർ ഇത്തരം വലകളിൽ വീണവരാണെന്നാണു സൂചന.