ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങളുടെ ആദ്യ പ്രവിശ്യ സ്ഥാപിച്ചെന്ന അവകാശവാദവുമായി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ജമ്മു കാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.
ഐഎസ് വാർത്താ ഏജൻസിയായ അമാഖ് ആണ് വെള്ളിയാഴ്ച ഈ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയിൽ “വിലയാ ഓഫ് ഹിന്ദ്’ എന്ന പേരിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി ഐഎസ് അറിയിച്ചു. ഷോപ്പിയാനിലെ അംശിപോറയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിനു വൻ നഷ്ടമുണ്ടാക്കിയെന്നും ഐഎസ് അവകാശപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കാഷ്മീർ (ഐഎസ്ജെകെ) എന്ന ഭീകര സംഘടനയിലെ അംഗമായ ഇഷ്ഫാഖ് സോഫി കഴിഞ്ഞ ദിവസം ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐഎസിന്റെ അവകാശവാദം. ബാരാമുള്ള ജില്ലയിലെ സോപോർ സ്വദേശിയാണ് കൊല്ലപ്പെട്ട സോഫി. ഹർക്കത്തുൾ മുജാഹുദീനിലൂടെ ഭീകരപ്രവർത്തനം ആരംഭിച്ച ഇയാളെ, പോലീസ് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
വിലയാ ഓഫ് ഹിന്ദ് എന്നാൽ ഹിന്ദ് പ്രവിശ്യ എന്നാണ് അർഥം. കാഷ്മീരിലാണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്. ഇറാക്കിലും സിറിയയിലുമായി ഐഎസ് സ്ഥാപിച്ച കാലിഫേറ്റ് പൂർണമായി തകർന്നതിനു പിന്നാലെയാണ് ഐഎസ് ഇന്ത്യയിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ ഭൂരിഭാഗം മേഖലകളുടെയും നിയന്ത്രണം ഒരു സമയത്ത് ഐഎസ് കൈയാളിയിരുന്നു.
വെടിവയ്പ് ആക്രമണങ്ങളും ചാവേർ ബോംബ് സ്ഫോടനങ്ങളുമാണ് ഐഎസിന്റെ ആക്രമണ രീതി. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ 253 പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
ഐഎസിന് ഇനിയും നിയന്ത്രണം സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചെന്ന് അവകാശപ്പെടുന്നത് അസംബന്ധമാണെങ്കിലും അതു പൂർണമായും എഴുതിത്തള്ളാനാവില്ലെന്ന് ഇസ്ലാമിക ഭീകരരെ നിരീക്ഷിക്കുന്ന അമേരിക്കൻ സ്ഥാപനമായ സൈറ്റ് ഇന്റൽ ഗ്രൂപ്പ് മേധാവി റിറ്റ കാട്സിന്റെ വിലയിരുത്തൽ.