തിരുവനന്തപുരം: ഐഎസ് തീവ്രവാദികൾ കേരളം ലക്ഷ്യമാക്കി പ്രവർത്തനം ഉൗർജിതപ്പെടുത്താൻ ശ്രമം ആരംഭിച്ചുവെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ആരംഭിച്ചു.
ഐഎസിന്റെ ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ഐഎസ് സൈറ്റുകൾ സന്ദർശിക്കുകയും ചെയ്യുന്നവരെ പ്രത്യേകം പോലീസ് നിരീക്ഷിച്ച് വരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ഐഎസിന്റെ പ്രവർത്തനം വ്യാപിപ്പിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടത്താൻ പദ്ധതി ആസൂത്രണം ചെയ്തു വരികയാണെന്ന് കാട്ടി കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും മുന്നറിയിപ്പ് നൽകിയിരുന്നു.
കൊച്ചിയിലെ ജനത്തിരക്കേറിയ മാളിലും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലും ഐഎസ് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും രഹസ്യാന്വേഷണവും ഉൗർജിതമാക്കിയിരിക്കുന്നത്.
ശ്രീലങ്കൻ സ്ഫോടനം നടത്തിയവർക്ക്കേരളത്തിലെ ആളുകളുമായി ബന്ധമുണ്ടെന്നും കേരളത്തിൽ ഐഎസ് ആശയങ്ങളിൽ യുവാക്കളെ ആകർഷിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതി ഐഎസിന്റെ തീവ്രവാദ നേതാക്കൾ പിടിയിലായതോടെ പുറത്തുവരികയായിരുന്നു.
ഐഎസ് ആശയങ്ങൾ പിന്തുടരുകയും യെമൻ, സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെക്ക് പോകാൻ സന്നദ്ധരുമായ നൂറു കണക്കിന് യുവാക്കളെ പോലീസ് പ്രത്യേക കൗണ്സിലിംഗ് നടത്തി പിന്തിരിപ്പിച്ചിരുന്നു. 3000ൽപ്പരം ആളുകളിൽ ഐഎസിന്റെ തീവ്ര ആശയം കുത്തിനിറച്ച് വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ ശ്രമിച്ചത് പരാജയപ്പെടുത്തിയെന്ന് കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു.
ഹോട്ടലുകളിലും ലോഡ്ജുകളിലും മുറിയെടുത്ത് താമസിക്കുന്ന വ്യക്തികളെയും തന്ത്രപ്രധാനവും പ്രസിദ്ധവുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവ നിരീക്ഷിക്കുന്ന അപരിചിതരെയും പ്രത്യേകം നിരീക്ഷിക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചുവെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
കേരളത്തിലെ ചിലർ ഐഎസ് ഭീകരർക്ക് സഹായം ചെയ്ത് കൊടുക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പോലീസിന് നിരന്തരം ജാഗ്രതാ നിർദേശം നൽകി കൊണ്ടിരിക്കുകയാണ്.