മുംബൈ: ഭീകരസംഘടനയായ ഐഎസിനെ പ്രകീർത്തിക്കുന്ന സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രത. നവി മുംബൈയിലെ ഉറാനിൽ കോപ്ടെ പാലത്തിന്റെ തൂണിലാണ് ചൊവ്വാഴ്ച എഴുത്ത് കണ്ടെത്തിയത്.
ഐഎസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദി, ഹഫീസ് സയിദ്, മറ്റു ഭീകരരുടെ പേരുകൾ എന്നിവയ്ക്കൊപ്പം റോക്കറ്റിന്റെ ചിത്രവും കുറിപ്പുകളിൽ അടങ്ങിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്. ധോണി എന്നിവരുടെ പേരുകളും ഇതിൽ ഉൾപ്പെട്ടതായി നവി മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ പറഞ്ഞു.
ഐഎസ് അനുകൂല സന്ദേശം കണ്ടെത്തിയ സ്ഥലം യുവാക്കളുടെ സ്ഥിരം മദ്യപാന സങ്കേതമാണെന്നു ചില പ്രദേശവാസികൾ പോലീസിനെ അറിയിച്ചു. ഇവിടെനിന്ന് ബിയർ ബോട്ടിലുകളും മറ്റ് സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.
സമീപത്തെ കെട്ടിടങ്ങളിലും റോഡുകളിലുമുള്ള സിസിടിവി കാമറകളെ അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. നവി മുംബൈ ക്രൈം ബ്രാഞ്ചിലെ ഒരു പ്രത്യേക സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒഎൻജിസി, ഒരു ആയുധ കേന്ദ്രം, പവർ സ്റ്റേഷൻ, ജഐൻപിടി എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയാണ് സന്ദേശങ്ങൾ കണ്ടെത്തിയ ഉറാൻ. ഐബി, എൻഐഎ, മഹാരാഷ്ട്ര എടിഎസ് എന്നീ സംഘങ്ങളും കുറിപ്പ് കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു.