ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതിനു പിന്നാലെ മോചിതരായ 14 മലയാളി ഐഎസ് ഭീകരരിലൊരാൾ കേരളത്തിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവെന്നു സൂചന.
താലിബാൻ ഭരണകൂടം ബാഗ്രാം ജയിലിൽനിന്നു മോചിപ്പിച്ച ഐഎസ് സംഘത്തിൽ കുറഞ്ഞത് 14 മലയാളികളെങ്കിലും ഉണ്ടെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാക്കിൽ അബൂബക്കർ അൽ ബാഗ്ദാദിയുടെ നേതൃത്വത്തിൽ ഐഎസ് രൂപംകൊണ്ട സമയത്ത് അഫ്ഗാനിസ്ഥാനിൽ രൂപീകൃതമായ ഉപവിഭാഗമാണ് ഐഎസ്കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖുറാസാൻ പ്രവിശ്യ).
സലഫി ആശയങ്ങൾ പിന്തുടരുന്ന ഇവർ അഫ്ഗാൻ-പാക് അതിർത്തി കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്.
മലയാളികൾ ഇപ്പോഴും കാബൂളിൽ തുടരുന്നുവെന്നാണ് സൂചനകൾ. 2014ൽ ഇറാക്കിലെ മൊസൂൾ നഗരം ഐഎസ് പിടിച്ചതോടെയാണ് മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽനിന്നുള്ള 14 പേർ ഇന്ത്യയിൽനിന്നു തിരിച്ചത്.
ഇതിൽ ചിലർ നംഗാർഹറിലാണുള്ളത്. മലയാളിസംഘത്തിനൊപ്പമുണ്ടായിരുന്ന രണ്ടു പാക് പൗരന്മാരെ കാബൂളിലെ തുർക്ക്മെനിസ്ഥാൻ എംബസിയിൽ സ്ഫോടനം നടത്താനുള്ള ശ്രമത്തിനിടെ താലിബാൻ പിടികൂടിയിരുന്നു.
കാബൂൾ വിമാനത്താവളത്തിൽ സ്ഫോടനം നടന്ന വ്യാഴാഴ്ചയാണ് ഇവർ പിടിയിലായത്.
അതേസമയം, കാബൂളിൽ സ്ഥിതിഗതികൾ അനുദിനം വഷളാവുകയാണ്. ഭീകരസംഘടനയായ ഹാഖാനി ശൃംഖലയ്ക്കാണ് കാബൂളിന്റെ നിയന്ത്രണം.
ശൃംഖലയുടെ തലവൻ സിറാജുദ്ദിൻ ഹാഖാനി താലിബാന്റെ ആറംഗ ഉന്നത നേതൃത്വത്തിലും പ്രവർത്തിക്കുന്നുണ്ട്.
ഇവരുടെ സഹായത്തോടെ 12 അംഗ ഭരണസമിതിയെ അധികാരത്തിലെത്തിക്കാൻ പാക്കിസ്ഥാൻ സമ്മർദം തുടരുകയാണ്.
മുൻ സർക്കാരിലെ ഏതാനും പേരെക്കൂടി ഉൾക്കൊള്ളിച്ചുള്ള ഭരണനേതൃത്വത്തിന് ആഗോളതലത്തിൽ അംഗീകാരം ലഭിക്കുമെന്നാണ് പാക്കിസ്ഥാന്റെ കണക്കുകൂട്ടൽ.