കൊച്ചി: കേരള ഫുട്ബോളിന്റെ തിരുമുറ്റത്ത്, കൊച്ചിയില്‍ ഇന്നു കൊമ്പന്റെ നഗരപ്രവേശം. കാതടപ്പിക്കുന്ന ആരവങ്ങളെ സാക്ഷിയാക്കി മഞ്ഞക്കുപ്പായത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികള്‍ സകല അഭ്യാസമുറകളും പഠിച്ചെത്തുമ്പോള് എതിരാളി കോല്‍ക്കത്തന്‍ വമ്പന്മാര്.
അതെ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടനപ്പോരാട്ടം ഇന്ന്. രണ്ടു തവണ കിരീട സ്വപ്നം തട്ടിത്തെറിപ്പിച്ചതിന്റെ കണക്കു തീര്‍ക്കാന്‍ ബ്ലാസ്റ്റേഴ്സ് കൊതിക്കുമ്പോള്‍ കളിയിലെ കണക്കുകള്‍ നിരത്തി മഞ്ഞപ്പടയുടെ ആത്മവിശ്വസത്തെ തല്ലിക്കെടുത്താനാണു കോല്‍ക്കത്തയുടെ ശ്രമം. മൂന്നു സീസണുകളിലായി എട്ടു തവണ ബ്ലാസ്റ്റേഴ്സും കോല്‍ക്കത്തയും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു വട്ടവും കൊമ്പന്മാരെ തകര്‍ത്തതിന്റെ ആശ്വാസത്തിലാണ് ഉദ്ഘാടന മത്സരത്തിനായി കോല്‍ക്കത്ത കൊച്ചിയുടെ മണ്ണിലേക്ക് എത്തുന്നത്.
കണക്കുകളില്‍ കോല്‍ക്കത്ത
ഇന്ത്യന്‍ ഫുട്ബോളിന്റെ സംസ്കാരം പേറുന്ന രണ്ടു നഗരങ്ങള്‍. കൊച്ചിയും കോല്‍ക്കത്തയും. കാല്‍പ്പന്തുകളിയെ എല്ലാം മറന്നു സ്നേഹിക്കുന്ന കേരളത്തിന്റെയും ബംഗാളിന്റെയും ടീമുകള്‍ തമ്മില്‍ എതിരിടുമ്പോള്‍ ആവേശം അണപൊട്ടുക സ്വാഭാവികം. കളിക്കൊപ്പം വിനോദത്തിനും പ്രാധാന്യം നല്കി മുന്നോട്ടു പോകുന്ന ഐഎസ്എലിന്റെ തുടക്ക സീസണ് മുതല്‍ ഏറ്റവും ആരാധക പിന്തുണയുള്ള രണ്ടു സംഘങ്ങളാണു കോല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും.
ആരാധകരുടെ ആവേശം രണ്ടു ടീമുകളും കളിക്കളത്തിലും പ്രകടിപ്പിച്ചതോടെ ഇരു ടീമുകളും രണ്ടു സീസണുകളില്‍ ഫൈനല്‍വരെയെത്തി. 2014ലും 2016ലും വിജയം കോല്‍ക്കത്തയ്ക്കൊപ്പം നിന്നു. ലീഗ് മത്സരങ്ങളില്‍ എതിരിട്ടപ്പോഴും വിജയങ്ങള്‍ കോല്‍ക്കത്തന്‍ സംഘമാണ് കൂടുതലും സ്വന്തമാക്കിയത്. ആകെ ഒരു വട്ടമാണു ബ്ലാസ്റ്റേഴ്സിനു എടികെയുടെമേല് വിജയം നേടാനായത്. ഇതു തിരുത്തിക്കുറിക്കാന്‍ കച്ചകെട്ടിയാണു കേരള ബ്ലാസ്റ്റേഴ്സ് എത്തുന്നത്.
മുന്നേറ്റത്തില്‍ മുമ്പന്‍ ബ്ലാസ്റ്റേഴ്സ്
ദിമിതര്‍ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, മാര്‍ക്ക് സിഫനോസ് എന്നിവര്‍ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരതന്നെയാണു കോല്ക്കത്തയെക്കാള് ഒരുപിടി മുന്നില്‍ നില്‍ക്കുന്നത്. സി.കെ. വിനീതും ജാക്കിചന്ദ് സിംഗും ഇവര്‍ക്കൊപ്പം മധ്യനിരയില്‍നിന്നു കയറി വരുമ്പോള്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ തീവ്രത വര്‍ധിക്കും. ബെര്‍ബെറ്റോവ് അടക്കമുള്ള താരങ്ങളുണ്ടെങ്കിലും ടീമിലെ സൂപ്പര്‍ സ്ട്രൈക്കര്‍ ഇയാന്‍ ഹ്യൂം തന്നെയാണ്.
റോബി കീനും ഇന്ത്യന്‍ ദ്വയങ്ങളായ ജയേഷ് റാണയും റോബിന് സിംഗും അണിനിരക്കുന്ന കോല്‍ക്കത്തന്‍ മുന്നേറ്റ നിരയും ഒട്ടം പിന്നിലല്ല. ഇതില്‍ കീനും ജയേഷിനും പരിക്കായതിനാല്‍ റോബിന് സിംഗിനു ഉത്തരവാതിത്വമേറെയാണ്.
പരിക്ക് സന്ദര്‍ശകര്‍ക്കു വിനയാകുമോ
ബ്ലാസ്റ്റേഴ്സിനെതിരേയുള്ള നിര്‍ണായ മത്സരത്തിനെത്തുമ്പോള്‍ കോല്‍ക്കത്തയെ വലയ്ക്കുന്നതു പരിക്കാണ്. സൂപ്പര്‍ താരം റോബീ കീന്‍ പരിക്കേറ്റു പുറത്താണ്. രണ്ടാഴ്ചയാണ് അദ്ദേഹത്തിനു വിശ്രമം ആവശ്യമുള്ളത്. ഇതോടെ എടികെയുടെ മുന്നേറ്റ നിരയുടെ താളം ആകെ തെറ്റി. മൂന്നു മത്സരത്തോളം കീനിനു കളിക്കാനാവില്ല. കീന്‍ നാട്ടിലേക്കു തിരിച്ചു പോയതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണു ജയേഷ് റാണയ്ക്കും അശുതോഷ് മെഹ്തയ്ക്കും പരിശീലനത്തിടയില്‍ പരിക്കേറ്റത്. അതേസമയം, ബ്ലാസ്റ്റേഴസില്‍ വെസ് ബ്രൗണിനു പേശിവലിവിന്റെ പ്രശ്നങ്ങളുണ്ടെങ്കിലും കാര്യമാക്കാനില്ലെന്നും ആദ്യ മത്സരത്തില്‍ ബ്രൗണ്‍ കളിക്കുമെന്നും ടീം വൃത്തങ്ങള്‍ അറിയിച്ചു.
എത്ര മലയാളി താരങ്ങള്‍
ഐഎസ്എല്‍ ഉദ്ഘാടന മത്സരം കോല്‍ക്കത്തയില്‍നിന്നു കൊച്ചിയിലേക്കു മാറ്റിയപ്പോഴെ മഞ്ഞപ്പടയുടെ ആരാധകര്‍ ചോദിച്ചു തുടങ്ങിയതാണ് ആദ്യ കളിയില്‍ എത്ര മലയാളി താരങ്ങള്‍ കളിക്കുമെന്നത്. സി.കെ. വിനീത്, റിനോ ആന്റോ എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ത്തന്നെ സ്ഥാനം കിട്ടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അജിത് ശിവന്, പ്രശാന്ത് മോഹന്‍ എന്നിവരാണ് ബാക്കി രണ്ടു മലയാളികള്‍. ഇവരില്‍ ഒരാള്‍ക്കു പകരക്കാരുടെ ബെഞ്ചില്‍ ഇടം കിട്ടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നത്തെ കളിയില്‍ എത്ര മലയാളി താരങ്ങള്‍ കളിക്കുമെന്ന ചോദ്യത്തിന് ആരാധകര്‍ക്ക് ഒരു അത്ഭുതം പ്രതീക്ഷിക്കാമെന്ന് പരിശീലകന് മ്യൂലസ്റ്റിന് പറഞ്ഞു.
ജിങ്കന് എന്ന നായകന്
വെസ്് ബ്രൗണ്‍, ദിമിതര്‍ ബെര്‍ബറ്റോവ് എന്നിങ്ങനെയുള്ള വമ്പന്‍ താരങ്ങള്‍ പാളയത്തിലുണ്ടെങ്കിലും എക്കാലത്തെയും വിശ്വസ്തനായ പ്രതിരോധ ഭടനെത്തന്നെ സീസണിലെ നായകനായി നിശ്ചയിച്ചു.
ഐഎസ്എലിന്റെ എല്ലാ സീസണിലും മഞ്ഞപ്പടയുടെ ഡിഫന്‍സിന്റെ നെടുംതൂണായിരുന്ന സന്ദേശ് ജിങ്കന് 2017-18 സീസണ് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കും. നേരത്തേ, മുന്‍ മാഞ്ചസ്റ്റര്‍ താരം വെസ് ബ്രൗണിന്റെ പേരാണു കേട്ടിരുന്നത്. ഇന്ത്യന്‍ നായകനായി കളത്തിലിറങ്ങിയിട്ടുള്ള ജിങ്കന് മൂന്നു സീസണിലും ടീമിനു വേണ്ടി കാഴ്ചവച്ച മികച്ച പ്രകടനത്തിനുള്ള അംഗീകാരം കൂടിയായി നായക സ്ഥാനം.
കഴിഞ്ഞകാല ചരിത്രമൊന്നും ഇന്നത്തെ കളിയില്‍ പ്രസക്തമല്ല. കളിക്കാരിലും പരിശീലകരിലുമെല്ലാം മാറ്റം വന്നിട്ടുണ്ട്. ടീമിലെ എല്ലാവരും ഉദ്ഘാടന മത്സരത്തിനായി പൂര്‍ണ സജ്ജരാണ്. ആരെയും പരിക്കുകള്‍ വലയ്ക്കുന്നില്ല. ഗോള്‍ വഴങ്ങാതിരിക്കുക എന്നതാണ് പ്രധാനം. സന്ദേശ് ജിങ്കന്, ജാക്കിചന്ദ് സിംഗ് അടക്കമുള്ള താരങ്ങളെ ഇന്ത്യന്‍ ക്യാമ്പില്‍നിന്നു വിട്ടുകിട്ടാന്‍ താമസിച്ചത് അല്പം പ്രശ്നമുണ്ടാക്കി. ഇരുവരും ഇന്നു ടീമിനൊപ്പമുണ്ടാവും. പരിശീലക സ്ഥാനമേറ്റെടുക്കുന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ഐഎസ്എലിനെയും ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടത്തെപ്പറ്റിയും കേട്ടിരുന്നു. കളിക്കാരിലും അത്ഭുതം തോന്നുന്ന ആവേശം നിറയ്ക്കുന്ന കാണികളാണു കൊച്ചിയിലേത്.
(റെനി മ്യൂലസ്റ്റിന്, ബ്ലാസ്റ്റേഴ്സ് പരിശീലകന്)
ബെര്‍ബറ്റോവും ഹ്യൂമും നേതൃത്വം നല്കുന്ന ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളെ ചെറുക്കാന്‍ കോല്‍ക്കത്തന്‍ ഡിഫന്‍സ് തയാറാണ്. റോബി കീനിന്റെ പരിക്ക് ടീമിനു ക്ഷീണം തന്നെയാണ്. പക്ഷേ, ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങാന്‍ കെല്‍പ്പുള്ള സംഘമാണ് എടികെയുടേത്. വിദേശ താരങ്ങള്‍ക്കൊപ്പം കളിക്കുന്നത് ഇന്ത്യന്‍ കളിക്കാര്‍ക്കു ഗുണകരമാണ്. പ്രായം കൂടിയപ്പോള്‍ പ്രൗഡി നഷ്ടപ്പെട്ട താരങ്ങളാണ് ഐഎസ്എല്‍ കളിക്കാന്‍ എത്തുന്നതെന്നു പറയുന്നത് അസംബന്ധമാണ്. റോബി കീന്‍, ദിമിതര്‍ ബെര്‍ബറ്റോവ് തുടങ്ങിയ താരങ്ങളില്‍നിന്നു വിസ്മയങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.
(ടെഡി ഷെറിംഗാം, എടികെ പരിശീലകന്.)
വിജയികൾ ഇതുവരെ
2014 – അത്ലറ്റിക്കോ ഡി കോല്‍ക്കത്ത, കേരള ബ്ലാസ്റ്റേഴ്സിനെ 1-0നു പരാജയപ്പെടുത്തി
2015 – ചെന്നൈയിന് എഫ്സി, എഫ്സി ഗോവയെ 3-2നു തോല്‍പ്പിച്ചു
2016 – എടികെ കേരള ബ്ലാസ്റ്റേഴ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നു തോല്‍പ്പിച്ചു
സീസണ് ടോപ്സ്കോറര്‍മാര്‍
2014 എലാനോ 8 (11 മത്സരം)
2015 ജോണ്‍ സ്റ്റിവന് 13 (16 മത്സരം)
2016 മാഴ്സലീഞ്ഞോ 10 (15 മത്സരം)
കൂടുതല്‍ ഗോള്‍ നേടിയവര്‍
ഇയാന്‍ ഹ്യൂം 23 (46 മത്സരം)
ജോണ്‍ സ്റ്റിവന് 17 (25 മത്സരം)
ജെജെ ലാല്‍പെഖുലെ 13 (33 മത്സരം)
ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം സികെ വിനീത് അഞ്ചു ഗോളുകള്‍
ബിബിൻ ബാബു
നാലാം പൂരം തുടക്കം കലക്കും
കൊച്ചി: ഇന്ത്യന്‍ ഫുട്ബോളില്‍ വിപ്ലവങ്ങള്‍ക്കു തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) നാലാം പൂരത്തിന് ഇന്നു കൊച്ചിയില്‍ കൊടിയേറും. നാലു മാസം നീണ്ടു നില്ക്കുന്ന ലീഗില്‍ പത്തു ടീമുകളാണ് ഏറ്റുമുട്ടുന്നത്. ഇന്നത്തെ ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരായ കോല്‍ക്കത്ത കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സുമായി കൊമ്പു കോര്‍ക്കും. മുന്‍ വര്‍ഷത്തില്‍നിന്ന് ഏറെ വ്യത്യാസങ്ങളുമായാണ് പുതിയ ഐഎസ്എല്‍ സീസണ് ആരംഭിക്കുന്നത്.
ലീഗിന്റെ ദൈര്‍ഘ്യം നാലു മാസമാകുന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, കഴിഞ്ഞ സീസണേക്കാള്‍ രണ്ടു ടീമുകള്‍ അധികം ഇത്തവണ മാറ്റുരയ്ക്കാന്‍ എത്തും. മുന്‍ ഐ ലീഗ് ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയും പുതിയതായി രൂപീകൃതമായ ജംഷഡ്പുര്‍ എഫ്സിയുമാണ് ഐഎസ്എലിലേക്ക് ഇത്തവണ എത്തുന്നത്. ഇതോടെ മത്സരങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന ലീഗിലെ 90 മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ച് നാലിന് അവസാനിക്കും.
ഇതിനുശേഷം രണ്ടു പാദ സെമി ഫൈനലുകള്‍ക്കു ശേഷം മാര്‍ച്ച് 17ന് കോല്‍ക്കത്ത യുവ ഭാരതി ക്രീരങ്കന് സ്റ്റേഡിയത്തില്‍ (സാള്‍ട്ട് ലേക്ക്) കലാശ പോരാട്ടം നടക്കും. എല്ലാ ദിവസങ്ങളിലും മത്സരങ്ങള്‍ എന്ന കഴിഞ്ഞ വര്‍ഷത്തെ രീതിക്കും മാറ്റം വന്നിട്ടുണ്ട്. തിങ്കളും ചൊവ്വയും ഇക്കുറി മത്സരമുണ്ടാകില്ല. ലീഗില്‍ വന്ന പ്രധാന മാറ്റം വിദേശ കളിക്കാരുടെ എണ്ണത്തിലാണ്. ടീമില്‍ ഉള്‍പ്പെടുത്താവുന്ന ആകെ വിദേശ കളിക്കാരുടെ എണ്ണം ഇത്തവണ എട്ടാക്കി ചുരുക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സും ഡല്‍ഹി ഡൈമാനോസും ഏഴു വീതം വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ ബാക്കി എല്ലാ ടീമുകളിലും എട്ടു വിദേശ താരങ്ങള്‍ വീതമുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി വിദേശ കളിക്കാരെ കളത്തിലിറക്കുന്ന കാര്യത്തിലും നിയന്ത്രണമുണ്ട്.
കഴിഞ്ഞ തവണ ആറു വിദേശ താരങ്ങൾക്ക് ഒരേസമയം കളിക്കാന്‍ അനുമതിയുണ്ടായിരുന്നു. അത് ഇത്തവണ അഞ്ചാക്കി ചുരുക്കി.കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടന മാമാങ്കമാണ് ആരാധകര്‍ക്കായി ഐഎസ്എല്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് താരങ്ങള്‍ അണിനിരക്കുന്ന നൃത്ത-സംഗീത നിശയാണ് പ്രധാന ആകര്‍ഷണം. സല്മാന് ഖാനുള്‍പ്പടെയുള്ള പ്രമുഖര്‍ ഏഴു മണിയോടെ ആരംഭിക്കുന്ന ചടങ്ങില്‍ അണിനിരക്കും. സല്‍മാനൊപ്പം ബോളിവുഡ് സുന്ദരി കത്രീന കൈഫും നൃത്തമാടാനെത്തും. ബ്ലാസ്റ്റേഴ്സ് ഉടമ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ എത്തും. സൗരവ് ഗാംഗുലിയുടെ വരവ് ഉറപ്പായിട്ടില്ല.
അഭിഷേക് ബച്ചനും ജോണ്‍ ഏബ്രഹാമും കൊച്ചിയിലെത്തുമെന്ന് ഉറപ്പാണ്. ബാംഗ്ലൂര്‍ എഫ്സിയുടെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യവും ഇന്നു ഉണ്ടായേക്കും. ഇന്നു വൈകുന്നേരം 6.30നാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്. 7.15 മുതല്‍ സ്റ്റാര്‍സ്പോര്‍ട്സില്‍ തത്സമയം കാണാം. സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.30 മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം.