ബാംബൊലിം (ഗോവ): ഗോവയിലെ ഉല്ലാസ തീരത്ത് തിരിതെളിഞ്ഞ ഫുട്ബോൾ കാർണിവലിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് തോൽവിത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാൻ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പടയെ വീഴ്ത്തി.
കളിയുടെ 67 ാം മിനിറ്റിൽ റോയ് കൃഷ്ണ നേടിയ ഗോളിലാണ് എടികെയുടെ വിജയം. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു കളിയിലെ ഏക ഗോൾ. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ നോട്ടപ്പിശക് റോയ് കൃഷ്ണ ഗോളാക്കി മാറ്റുകയായിരുന്നു.
ബോക്സിലേക്കുവന്ന പന്ത് വിൻസന്റ് ഗോമസിനും സിഗോഞ്ചയ്ക്കും ക്ലിയർ ചെയ്യാൻ കഴിഞ്ഞില്ല. സിഡോയുടെ ദുർബലമായ ഹെഡ്ഡർ ബോക്സിനു വെളിയിൽ മാർക്ക് ചെയ്യാതെ നിന്ന റോയ് കൃഷ്ണയുടെ കാൽപ്പാകത്തിൽ.
മുന്നോട്ടുകയറിയ ഫിജി സ്ട്രൈക്കർ പന്ത് കൃത്യമായി ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചു.ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ഗോളെന്നുറപ്പിച്ച സുവർണാവസരം പാഴാക്കിയിരുന്നു.
കളി സമയത്തിന്റെ 60 ശതമാനവും പന്ത് കാൽക്കൽ നിയന്ത്രിച്ചിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. കൂടുതൽ കോർണർ (6) നേടിയതും ബ്ലാസ്റ്റേഴ്സായിരുന്നു.