സ്വന്തം ലേഖകന്‍
കൊച്ചി: കാൽപ്പന്തിന്റെ ആവേശപ്പൂരത്തിന് ഇന്ന് കൊച്ചിയിൽ കൊടിയേറ്റം. രാത്രി 7.30ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടുന്നതോടെയാണ് ഐഎസ്എല്‍ ഒമ്പതാം സീസണ് തുടക്കമാകുക.
നിറഞ്ഞ ഗാലറിക്കു നടുവില്‍ രണ്ടുവര്‍ഷത്തിനു ശേഷമാണ് ഐഎസ്എലില്‍ പന്തുരുളുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇരു ടീമുകളും ടീമിന്റെ ആരാധകരും.
ജയിച്ചു തുടങ്ങണം
ഐഎസ്എലിലെ മൂന്നാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ ഏഴാം സീസണിലും ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.
മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു. സ്വന്തം തട്ടകത്തില്‍ വിജയിച്ച് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്.
കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരെന്ന പേരുദോഷം ഇക്കുറി മാറ്റുകയാണ് ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം.ഇതുവരെ നാലു തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു.
ഒരു മത്സരം ബ്ലാസ്റ്റേഴ്സ് ജയിച്ചു, മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ സീസണില്‍ 34 പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നെങ്കിലും ഫൈനലില്‍ ഹൈദരാബാദിനോട് തോറ്റു. 2016നു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണിലേത്.
കിരീടമോഹം
കോച്ചിനെയും, 16 താരങ്ങളെയും നിലനിര്‍ത്തി ടീം ഒരുക്കിയ ബ്ലാസ്റ്റേഴ്സില്‍ നിന്ന് കിരീടത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
വലിയ ആവേശത്തോടെയാണ് തങ്ങള്‍ ആരാധകര്‍ക്കു മുന്നിലേക്ക് ഇറങ്ങുന്നതെന്ന് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകന്‍ ഇവാന് വുകോമനോവിച്ച് പറഞ്ഞു.
തിരിച്ചടികളും അപ്രതീക്ഷിത വിജയങ്ങളും ലീഗില്‍ കാണാനാവും. ടീമിന്റെ പ്രീസീസണ് പ്രകടനത്തിലും ഒരുക്കങ്ങളിലും സന്തോഷവാനാണ്.
കഴിഞ്ഞ തവണ വരണ്ട തുടക്കമായിരുന്നു ഞങ്ങള്‍ക്ക്. ഫൈനലിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സ്ക്വാഡിലെ 28 അംഗങ്ങളും കളിക്കാന്‍ സജ്ജരാണ്. ആര്‍ക്കും പരിക്കില്ല.
ഈസ്റ്റ് ബംഗാള്‍ മികച്ച ടീമാണ്, മികച്ച എതിരാളികളുമാണ്. മികച്ച മത്സരമാണ് ഇന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റ് ബംഗാള്‍ നിരയില്‍ നിന്ന് മലയാളി താരം വി.പി. സുഹൈര്‍, ചരലാംപോസ് കിരിയാകൗ, ഇവാന് ഗോണ്‍സാലസ്, ലാഞ്ചുംഗ്നുംഗ, ജെറി ലാല്റിന്സുവാ, കമല്‍ജിത് സിംഗ്, ജോര്‍ദാന്‍ ഒഡോഹെര്ട്ടി, സൗവിക് ചക്രബര്‍ത്തി, അനികേത് ജാദവ്, ക്ലീറ്റണ്‍ സില്‍വ, സുമീത് പാസി തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.
മികച്ച തുടക്കമാണ് ഇന്ന് പ്രതീക്ഷിക്കുന്നതെന്ന് ഈസ്റ്റ് ബംഗാള്‍ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് പറഞ്ഞു. അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യാനല്ല താന്‍ ഈസ്റ്റ് ബംഗാളിലെത്തിയത്.
അതിനാല്‍, ടീമിന്റെ മികച്ചതിനായി സാധ്യമായതെല്ലാം ഞാന്‍ ചെയ്യും. കഴിഞ്ഞ സീസണിലോ മുമ്പത്തെ സീസണിലോ സംഭവിച്ചത് മാറ്റാന്‍ തനിക്ക് കഴിയില്ല.
ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മാറ്റാനാകും. ബ്ലാസ്റ്റേഴ്സിന് കോച്ചിനെ നിലനിര്ത്തിയതുള്പ്പെടെ നല്ല വശങ്ങളുണ്ട്. അവരുടെ കളിക്കാര്‍ പരസ്പരം പരിചിതരാണ്. ഇന്നു മൂന്ന് പോയിന്റ് നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നാലു വിദേശികൾ മാത്രം
നാലു വിദേശ കളിക്കാരെ മാത്രമേ ഒരു സമയത്ത് കളത്തിൽ ഇറക്കാൻ സാധിക്കൂ. അതുകൊണ്ടു തന്നെ ആദ്യം ആ നാലു പേർ ആരായിരിക്കും എന്ന് നോക്കാം.
പ്രതിരോധത്തിൽ ക്രൊയേഷ്യക്കാരൻ മാർക്കൊ ലെസ്കോവിച്ച്. മധ്യനിരയിൽ ഉറുഗ്വെയുടെ അഡ്രിയാൻ ലൂണ, ഈ സീസണിൽ എത്തിയ യുക്രെയ്ൻ സെന്റർ മിഡ്ഫീൽഡർ ഇവാൻ കലിയൂഷ്നി. സ്ട്രൈക്കറായി ഗ്രീക്ക് സെന്റർ ഫോർവേഡ് ദിമിത്രിയോസ് ഡയമാന്റകോസ്.
അതായത്, ഓസ്ട്രേലിയൻ-ഗ്രീക്ക് സെന്റർ ഫോർവേഡ് ആയ അപ്പൊസ്തൊലസ് ജിയാനു, സെന്റർ ഡിഫെൻഡറായ സ്പാനിഷ് താരം വിക്ടർ മോംഹിൽ എന്നിവർ ആദ്യ ഇലവണിൽ ഉണ്ടായേക്കില്ല.
ഇക്കാര്യത്തിൽ മാറ്റംവരണമെങ്കിൽ കഴിഞ്ഞ സീസണിലെ പ്യൂട്ടിയ – ജീക്സണ് സിംഗ് സഖ്യം മധ്യനിരയിൽ ഇറങ്ങണം. അങ്ങനെയെങ്കിൽ ജിയാനു – ഡയമാന്റകോസ് ആക്രമണ സഖ്യത്തിന് സാധ്യത തെളിയും.
4-4-2 ശൈലിയിലാണ് ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ അണിനിരത്തിയത്. ഈ ശൈലിയിൽ മാറ്റം ഉണ്ടാകുമോ എന്നതും സുപ്രധാന ചോദ്യമാണ്.
സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, നിഷു കുമാർ തുടങ്ങിയവർ പകരക്കാരുടെ ബെഞ്ചിൽ ഇരിക്കാനായിരിക്കും സാധ്യത. ഏതായാലും ആശാൻ ശിഷ്യരെ എങ്ങനെ അണിനിരത്തും എന്ന് കാത്തിരുന്നു കണ്ടറിയണം.