കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണ് ഫൈനൽ ഇന്ന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ. മോഹൻബഗാൻ സൂപ്പർ ജയന്റ്സ് സ്വന്തം കാണികളുടെ മുന്നിൽ മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടും.
ഈ സീസണിലെ ഐഎസ്എൽ ഷീൽഡ് നേടിയ ബഗാൻ തുടർച്ചയായ രണ്ടാം ഐഎസ്എൽ കപ്പാണ് ലക്ഷ്യമിടുന്നത്. കപ്പ് നേടിയാൽ തുടർച്ചയായി രണ്ടു തവണ ഐഎസ്എൽ ചാന്പ്യന്മാരാകുന്ന ആദ്യടീമാകും ബഗാൻ. കൂടാതെ മുംബൈ സിറ്റിക്കുശേഷം ഷീൽഡും ഐഎസ്എൽ കപ്പും നേടുന്ന രണ്ടാമത്തെ ക്ലബ്ബെന്ന നേട്ടവും ബഗാനെ കാത്തിരിക്കുന്നു. 2023 ഡ്യൂറന്റ് കപ്പും നേടിയ ബഗാൻ ട്രിപ്പിൾ നേട്ടമാണ് ലക്ഷ്യമിടുന്നത്.
മൂന്നാഴ്ച മുന്പ് മുംബൈ സിറ്റി എഫ്സി കോൽക്കത്തയിൽ ഐഎസ്എൽ ഷീൽഡ് ലക്ഷ്യമിട്ട് എത്തിയിരുന്നു. ഷീൽഡിനായി മുംബൈ സിറ്റിക്ക് സമനില മാത്രം മതിയായിരുന്നു. എന്നാൽ, 2-1ന് തോറ്റു. ഒരിക്കൽക്കൂടി സാൾട്ട് ലേക്കിലെത്തുന്ന മുംബൈ സിറ്റി 2021നുശേഷം ഐഎസ്എൽ കപ്പ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. അന്ന് എടികെ മോഹൻ ബഗാനെ തോല്പിച്ചാണ് മുംബൈ കപ്പുയർത്തിയത്.
ഈ സീസണിൽ രണ്ടു തവണയാണ് ബഗാനോട് മുംബൈ സിറ്റി തോറ്റത്. ഡ്യൂറന്റ് കപ്പ് ക്വാർട്ടർ ഫൈനലിലും ലീഗ് ഷീൽഡ് ആർക്കെന്നു തീരുമാനിക്കുന്ന മത്സരത്തിലും. ഈ തോൽവികളിൽനിന്ന് പാഠം പഠിച്ചുവെന്ന് പരിശീലകൻ പീറ്റർ ക്രാറ്റ്കിയും ക്യാപ്റ്റൻ രാഹുൽ ഭേകെയും പറഞ്ഞിട്ടുണ്ട്. രണ്ടു മത്സരത്തിലും പതിയെ തുടങ്ങുന്ന സ്വഭാവമാണ് പുറത്തെടുത്തത്.
ഇരു ടീമുകളും ഈ സീസണ് തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന കോച്ചുമാരുമായിട്ടല്ല സീസണ് അവസാനിപ്പിക്കുന്നത്. യുവാൻ ഫെറാൻഡോയെ മാറ്റിയാണ് ബഗാൻ അന്റോണിയോ ലോപ്പസ് ഹബാസിനെ ചുമതലയേൽപ്പിച്ചത്.
ഹബാസിനു കീഴിലിൽ സെമി ഫൈനലിനു മുന്പ് വരെ 12 കളിയിൽ ഒരു തോൽവി മാത്രമേ നേരിട്ടുള്ളൂ. മുബൈ സിറ്റിയും ഇതേ പാതയിലായിരുന്നു. ഡസ് ബക്കിംഗ്ഹാം ഓക്സ്ഫർഡ് യുണൈറ്റഡിനൊപ്പം ചേർന്നതോടെ പീറ്റർ ക്രാറ്റ്കിയെ മുഖ്യപരിശീലകനായി നിയമിക്കുകയായിരുന്നു.
അവസാന മിനിറ്റിൽ വരെ പൊരുതുന്ന ടീമുകളാണ് രണ്ടും. ഷീൽഡ് നിർണയ മത്സരത്തിൽ 2-0ന് മുന്നിൽനിന്ന ബഗാനെതിരേ 89-ാം മിനിറ്റിൽ ലലിയാൻസുല ചാങ്തെയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചതാണ്.
ആദ്യപാദ സെമി ഫൈനലിൽ മുംബൈ ഗോവയ്ക്കെതിരേ ജയിച്ചതും 90 മിനിറ്റിനുശേഷം മൂന്നു ഗോളടിച്ചുമാണ്.
രണ്ടാപാദ സെമിയിൽ ഒഡീഷ എഫ്സിക്കെതിരേ ബഗാന്റെ വിജയഗോളെത്തിയത് 90+3ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിലൂടെയായിരുന്നു. ബഗാന്റെ ദിമിത്രി പെട്രാറ്റോസ് അവസാന മിനിറ്റുകളിൽ ഗോൾ നേടുന്നതിൽ സ്ഥിരത തെളിയിച്ചിട്ടുമുണ്ട്.
ചാങ്തെയും വിക്രം പ്രതാപ് സിംഗും ചേരുന്ന ആക്രമണ ദ്വയമാണ് മുംബൈ സിറ്റിയുടെ കരുത്ത്. ഇരുപാദ സെമി ഫൈനലിൽ ഇരുവരും ചേർന്ന് അഞ്ചിൽ നാലു ഗോളും നേടി.