പനാജി: ഇന്ത്യയുടെ പ്രധാന ഫുട്ബോള്‍ ലീഗായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) അംഗീകരിച്ചു. 2014ല്‍ ലീഗ് സ്ഥാപിതമായതു മുതല്‍ ഐഎസ്എല്‍ ഇന്ത്യയുടെ പ്രധാന ലീഗിനായി ഐ ലീഗുമായുള്ള പോരാട്ടത്തിലായിരുന്നു. ഇതുവരെ ഐ ലീഗായിരുന്നു ഇന്ത്യയുടെ പ്രധാന ഫുട്ബോള്‍ ലീഗ്.
വിയറ്റ്നാമിലെ ഡാ നാംഗില്‍ ചേര്‍ന്ന എഎഫ്സി എക്്സിക്യൂട്ടിവ് കമ്മിറ്റിയിലാണ് ഐഎസ്എലിനെ പ്രധാന ലീഗായി അംഗീകരിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മിറ്റി അംഗീകാരം നല്കി. എഐഎഫ്എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി ഐഎസ്എലിനെ ടോപ് ലീഗായി നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. ഇപ്പോള്‍ എഎഫ്സി എക്സിക്യൂട്ടിവ് കമ്മിറ്റി ഈ തീരുമാനമെടുത്തു. ഇത് ഔദ്യോഗികമാണ്-എഐഎഫ്എഫ്് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.
പുതിയ മത്സര ക്രമപ്രകാരം ഐഎസ്്എല്‍ ജേതാക്കള്‍, ലീഗ് ഘട്ടത്തിന്റെ അവസാനം വരെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ടീം എഎഫ്സി ചാമ്പ്യന്‍സ്് ലീഗ് പ്ലേ ഓഫിനു യോഗ്യത നേടും. ഐ ലീഗ് ചാമ്പ്യന്മാര് എഎഫ്സി കപ്പില്‍ കളിക്കാം. 2017ലെ ഫിഫ, എഎഫ്സി റിപ്പോര്‍ട്ടിന്റെ ശിപാര്‍ശകള്‍ കണക്കിലെടുത്താണ് പക്കേജെന്ന് എഐഎഫ്എഫ് അറിയിച്ചു.
എഎഫ്സിയുടെ അംഗീകാരം ലഭിച്ചതോടെ ഐഎസ്എലിന് നേട്ടങ്ങള്‍ കൂടുതല്‍ ലഭിക്കും. 2021 മുതല്‍ എഎഫ്സി ചാമ്പ്യന്‍സ് ലീഗ് 40 ക്ലബ്ബുകളായി വിപുലീകരിക്കും. ഈസ്റ്റ്, വെസ്റ്റ് സോണുകളില്‍ നാലു ടീമുകളുടെ ഓരോ ഗ്രൂപ്പുകള്‍ കൂടിയുണ്ടാകും. ഇതില്‍ അസോസിയേഷനിലെ ടോപ് ആറ് അംഗങ്ങളുടെ സ്ഥാനങ്ങള്‍ക്കു മാറ്റമുണ്ടാകില്ല. ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. വിപുലീകരിക്കുന്നതോടെ ഐഎസ്എല്‍ ടീമിന് നേരിട്ട് ഗ്രൂപ്പിലെത്താനാകും.
2019-20 സീസണില്‍ ഐഎസ് എല്‍ ക്ലബ്ബിന് ഗ്രൂപ്പിലെത്താനായാല് ഏഷ്യയിലെ മികച്ച ടീമുകള്‍ക്കെതിരേ കളിക്കാനുള്ള അവസരം ലഭിക്കും.