പടയാളികളും പടക്കോപ്പുകളും തയാർ; ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഇനി അങ്കപ്പുറപ്പാട്. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടനപ്പോര്.
ഗോവ ഫറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയമാണ് അങ്കത്തട്ട്. അന്റോണിയോ ഹബാസിനു കീഴിൽ എടികെയും പുതിയ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനു കീഴിൽ ബ്ലാസ്റ്റേഴ്സും ഇറങ്ങും. ആദ്യമത്സരത്തിൽ ഇരുടീമുകളുടെയും ലക്ഷ്യം ജയമെന്നുറപ്പ്. രാത്രി 7.30നാണ് കിക്കോഫ്.
കലിപ്പടക്കാൻ
ബ്ലാസ്റ്റേഴ്സ് മറക്കാൻ ആഗ്രഹിക്കുന്ന സീസണാണ് കഴിഞ്ഞുപോയത്. ഇക്കുറി പുതിയ പരിശീലകനും താരങ്ങളുമായി ടീം അടിമുടി മാറിയിട്ടുണ്ട്. സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന സ്പാനിഷ് താരം അൽവാരോ വാസ്ക്വസിനെ മറ്റു ടീമുകളും നോട്ടമിട്ടിരുന്നതാണ്. എന്നാൽ, കൊത്തിയതു ബ്ലാസ്റ്റേഴ്സും.
150ലേറെ ലാ ലിഗ മത്സരങ്ങളുടെ അനുഭവസന്പത്തുള്ള ഈ മുപ്പതുകാരൻ ലീഗിലെ തന്നെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒരാളാണ്. ലാ ലിഗയിൽ എസ്പാന്യോൾ, ഗെറ്റാഫെ ടീമുകൾക്കായും പ്രീമിയർ ലീഗിൽ സ്വാൻസി സിറ്റിക്കായും കളിച്ചു പരിചയമുള്ള വാസ്ക്വസ് ക്ലച്ചുപിടിച്ചാൽ, ബ്ലാസ്റ്റേഴ്സിനെ പ്രതിരോധിക്കാൻ എതിരാളികൾ പാടുപെടും.
ആക്രമണം ഇഷ്ടപ്പെടുന്ന സെർബിയക്കാരനായ വുകൊമാനോവിച്ച് ഇതു മനസിൽക്കണ്ടാണ് വിദേശതാരങ്ങളെ എത്തിച്ചിരിക്കുന്നത്. അഡ്രിയൻ ലൂണയും ചെഞ്ചോയും ഉൾപ്പെടുന്ന ബ്ലാസ്റ്റേഴ്സിനെ 4-4-2 എന്ന ഫോർമേഷനിലാകും അദ്ദേഹം വിന്യസിക്കുക.
കളി നിയന്ത്രിക്കാൻ കഴിയുന്ന സെന്റർ ഡിഫൻസീവ് മിഡ്ഫീൽഡറുടെ കുറവ് ബ്ലാസ്റ്റേഴ്സ് എങ്ങനെ പരിഹരിക്കുമെന്നു കണ്ടറിയണം. ജീക്സണ് സിംഗിനെയോ ഹർമൻജോത് ഖാബ്രയെയോ വുകൊമാനോവിച്ച് ഈ റോളിലേക്കു പരിഗണിച്ചേക്കും.
അവസാന എട്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജയമറിഞ്ഞിട്ടില്ല (നാലു സമനില, നാലു തോൽവി). 2020-21 സീസണിൽ 36 ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സിൽനിന്ന് മെച്ചപ്പെട്ട പ്രകടനം മഞ്ഞപ്പടയുടെ ആരാധകർ പ്രതീക്ഷിക്കുന്നു.
കപ്പടിക്കാൻ
കഴിഞ്ഞവട്ടം നഷ്ടപ്പെട്ട കപ്പ് ഇക്കുറി ഷോക്കേസിൽ വേണം – എടികെയുടെ ലക്ഷ്യം ഒന്നുമാത്രം. കഴിഞ്ഞ സീസണിലേതിനു സമാനമായി സൗഹൃദമത്സരം കളിക്കാതെയാണ് എടികെ ആദ്യപോരിനിറങ്ങുന്നത്.
റോയ് കൃഷ്ണ-ഡേവിഡ് വില്ല്യംസ് കൂട്ടുകെട്ടിലാണ് എടികെയുടെ ഗോൾപ്രതീക്ഷ. മിഡ്ഫീൽഡിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ഹ്യൂഗോ ബൗമസും ജോണി കോകോയും ചേരുന്നതോടെ ടീം കരുത്താർജിക്കും.
എടികെയുടെ പ്രകടനത്തിൽ നിർണായകമാകുന്ന ട്രാൻസ്ഫറാണ് ഫ്രഞ്ച് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ബൗമസിന്റേത്. അൽവാരോ വെസൂസ്, ഹൊർഗെ പെരേര ഡയസ്, എൻസ് സിപോവിച്ച് എന്നിവർകൂടി അണിനിരക്കുന്ന എടികെ പടയെ പിടിച്ചുകെട്ടാൻ ബ്ലാസ്റ്റേഴ്സ് ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുക്കേണ്ടിവരും. ബൗമസിന്റെ ഫിറ്റ്നസ് കുറവും റോയ് കൃഷ്ണയുടെ മോശം ഫോമുമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വാസത്തിനുള്ള വക.
മുന്പ് ഇരുടീമും സീസണിലെ ഉദ്ഘാടന മത്സരത്തിൽ രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോഴും വിജയം എടികെയ്ക്കായിരുന്നു. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരവും ഇരുടീമുകളും തമ്മിലായിരുന്നു എന്നതു മറ്റൊരു പ്രത്യേകത. അന്ന് ജയം എടികെ മോഹൻ ബഗാനായിരുന്നു (1-0).
ഇറക്കിയത് ആറ് വിദേശികളെ
ഈ സീസണിണ് 10 പുതിയ താരങ്ങളെയാണ് കേരള ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചത്. അതിൽ ആറു പേർ വിദേശികൾ. അർജന്റീനയിൽനിന്ന് ഹൊർഗെ ഡിയസ്, ഉറുഗ്വെയിൽനിന്ന് അഡ്രിയാൻ ലൂണ, സ്പെയ്നിൽനിന്ന് അൽവാരോ വാസ്ക്വസ്, ക്രൊയേഷ്യയിൽനിന്ന് മാർകോ ലെസ്കോവിച്ച്, ബോസ്നിയയിൽനിന്ന് എനെസ് സിപോവിച്ച്, ഭൂട്ടാനിൽനിന്ന് ചെൻചൊ എന്നിവരാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിൽ എത്തിയ വിദേശികൾ.
സെന്റർ ഫോർവേഡുകളായ വാസ്ക്വസ്, ഡിയസ് എന്നിവരുടെ വരവ് ശ്രദ്ധേയം.പോർച്ചുഗൽ ക്ലബ്ബായ ഡിപോർട്ടീവൊ അവെസിനായി കളിച്ച സഞ്ജീവ് സ്റ്റാലിൻ, പഞ്ചാബ് എഫ്സി താരമായിരുന്ന ഹോർമിപം, ബംഗളൂരു എഫ്സിയിലുണ്ടായിരുന്ന ഹർമൻജോത് ഖബ്ര, ഗോകുലം കേരളയുടെ താരമായിരുന്ന വിൻസി ബാരെറ്റൊ എന്നിവരാണ് മഞ്ഞപ്പടയിലെത്തിയ ഇന്ത്യൻ സാന്നിധ്യങ്ങൾ.