കൊച്ചി: 11-ാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോള്‍ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊച്ചിയിലെ ആദ്യ മത്സരം അനിശ്ചിതത്വത്തില്‍. വരുന്ന 15ന് തിരുവോണ നാളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- പഞ്ചാബ് എഫ്സി മത്സരത്തിന് ഇതുവരെ പോലീസ് അനുമതി ലഭിച്ചിട്ടില്ല.
തിരുവോണദിനത്തില്‍ മത്സരം നടത്തുന്നതിനെക്കുറിച്ച് കൊച്ചി സിറ്റി പോലീസുമായി ഇവര്‍ ചര്‍ച്ച നടത്താതെയാണ് ആ ദിവസം തെരഞ്ഞെടുത്തത്. സുരക്ഷയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉത്സവ ദിനം ഏറെ തിരക്കുള്ളതുമാണ്. പതിനായിരങ്ങള്‍ മത്സരം കാണാനെത്തുമ്പോള്‍ ഈ സമയത്ത് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിക്കാനും പാടില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം മത്സരം നടത്തുന്നതിന് മുന്നോടിയായി സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഇതുവരെ സംഘാടകര്‍ അടച്ചിട്ടില്ല. കൊച്ചിയില്‍ ഇതുവരെ നടന്ന മത്സരങ്ങളുടെ ഭാഗമായി ഏകദേശം രണ്ടു കോടിയലധികം രൂപയാണ് സംഘാടകര്‍ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ളത്.
ഈ തുക സര്‍ക്കാരിലേക്ക് ഉടന്‍ അടയ്ക്കണമെന്നും അല്ലാത്ത പക്ഷം മത്സരം നടത്താനാവില്ലെന്നും കാണിച്ച് നാലു ദിവസം മുമ്പ് കൊച്ചി സിറ്റി പോലീസ് സംഘാടകര്‍ക്ക് കത്ത് അയച്ചിരുന്നു.
അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ പറഞ്ഞു. പോലീസ് അനുമതി ലഭിക്കാതെ മത്സരം നടത്തിയാല്‍ കേസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കേരള സ്പോര്‍ട്സ് ലീഗില്‍ അഞ്ചരലക്ഷം രൂപ സംഘാടകര്‍ സര്‍ക്കാരിലേക്ക് അടച്ചിരുന്നു.
സീമ മോഹന്‍ലാല്‍