65000 കപ്പാസിറ്റിയുള്ള സ്‌റ്റേഡിയത്തില്‍ 53000 പേര്‍ മാത്രം! ടിക്കറ്റെടുത്ത പലര്‍ക്കും സ്‌റ്റേഡിയത്തില്‍ കയറാന്‍ പോലുമായില്ല; കേരള ബ്ലാസ്‌റ്റേഴ്‌സ് കണക്കുകള്‍ മറയ്ക്കുന്നതെന്തിന്?

എം.ജി.എല്‍

isl
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ ഏറ്റവുമധികം കാണികള്‍ കളി കാണാനെത്തുന്ന സ്‌റ്റേഡിയങ്ങളിലൊന്നാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ട്. കേരളം ഈ സീസണില്‍ കളിച്ച ഏഴു ഹോംമാച്ചുകളിലും ഏറെക്കുറെ നിറഞ്ഞ ഗാലറികള്‍ക്കുമുന്നിലായിരുന്നു കേരളത്തിന്റെ കളി. നിര്‍ണായകമായ അവസാന മത്സരത്തില്‍ നേര്‍ത്ത് ഈസ്റ്റിനെതിരേ സ്റ്റേഡിയത്തില്‍ കാലുകുത്താന്‍ പോലും സ്ഥലമില്ലായിരുന്നു. ടിക്കറ്റെടുത്ത 1500ഓളം പേര്‍ക്കു അകത്തുകയറാനുമായില്ല. പക്ഷേ സ്റ്റേഡിയത്തിനകത്ത് കളി കണ്ടവരുടെ എണ്ണം കാണിച്ചതാകട്ടെ 53,000 മാത്രം.

നെഹ്‌റു സ്റ്റേഡിയത്തിലെ കപ്പാസിറ്റി 60,5000 ആണ്. എന്നാല്‍ ഇത്രയും പേരെ സ്റ്റേഡിയത്തില്‍ കയറ്റാറില്ലെന്നുമാത്രം. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിട്ടും നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ 53,000 പേര്‍ മാത്രമാണ് കളി കാണാനെത്തിയെന്നു പറയുന്നതിന് കാരണമെന്താണ്? സ്‌റ്റേഡിയത്തിലെ വലിയ തൂണുകളുടെ മുകളില്‍ കയറി കളി കാണുന്നവരുടെ ദൃശ്യങ്ങളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്; കളി കാണാന്‍ 60,000ത്തിലധികം കാണികള്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നുവെന്ന്. എന്നാല്‍, എന്തുകൊണ്ടാണ് 53,000 പേര്‍ മാത്രമാണ് കളി കാണാനുണ്ടായിരുന്നതെന്ന് സംഘാടകര്‍ പറയുന്നത്. കാര്യം സിംപിള്‍.

ഓരോ മത്സരത്തിനുമെത്തുന്ന കാണികള്‍ക്കായി ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്താറുണ്ട്. 53,000 പേര്‍ക്കാണ് ഇന്‍ഷുറന്‍സ് കവറേജ് നല്കുന്നത്. ഇതില്‍ക്കൂടുതല്‍ പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. കാണികളുടെ എണ്ണം കുറച്ചുകാണിക്കാന്‍ ഒരു കാരണമിതാണ്. രണ്ടാമത് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവാദമില്ല. അതുകൊണ്ട് തന്നെ ഇവരുടെ കണക്ക് ഔദ്യോഗികമായി വെളിപ്പെടുത്താതിരിക്കുകയാണെങ്കില്‍ പ്രശ്‌നവുമില്ല. കണക്കുകളുടെ പൊരുത്തക്കേടുകളെക്കുറിച്ച് ഐഎസ്എല്‍ സംഘാടകരുടെ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും രാഷ്ട്രദീപികഡോട്ട്‌കോം പ്രതിനിധിയോട് സംസാരിക്കാന്‍ അവര്‍ തയാറായില്ല.

അനുവദനീയമായ പരിധിയില്‍ കൂടുതല്‍ കാണികള്‍ എത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ കാര്യമായ നടപടികളെടുക്കാത്തതിന് വലിയ വില നല്‌കേണ്ടിവരും. എന്തെങ്കിലും ചെറിയൊരു അപകടമുണ്ടായാല്‍ പോലും ഗുരുതരമായ പ്രത്യാഘാതമായിരിക്കുമുണ്ടാകുക. കൊച്ചിയില്‍ ഭാവിയില്‍ മത്സരങ്ങള്‍ നടത്താന്‍ സംഘടിപ്പിക്കാന്‍ പോലും അനുമതി നിഷേധിക്കപ്പെട്ടേക്കാം. അടുത്തവര്‍ഷം നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകപ്പിന് വേദിയാകാനൊരുങ്ങുമ്പോള്‍ പ്രത്യേകിച്ചും.

Related posts