ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സി എതിരില്ലാത്ത മൂന്ന് ഗോളിന് ചെന്നൈയിൻ എഫ്സിയെ കീഴടക്കി. സ്വന്തം തട്ടകത്തിൽനടന്ന മത്സരത്തിൽ ആദ്യ പകുതിയിൽത്തന്നെ ബംഗളൂരു രണ്ട് ഗോളിനു മുന്നിലെത്തിയിരുന്നു.
14-ാം മിനിറ്റിൽ എറിക് പാർതലുവിലൂടെ ബംഗളൂരു എഫ്സി ലീഡ് നേടി. 25-ാം മിനിറ്റിൽ സുനിൽ ഛേത്രി ആതിഥേയരുടെ ഗോൾ വ്യത്യാസം 2-0 ആക്കി ഉയർത്തി. 84-ാം മിനിറ്റിൽ ഹോകിപ്പിലൂടെ ബംഗളൂരു ചെന്നൈയിന്റെ വലയിൽ മൂന്നാം തവണയും പന്ത് നിക്ഷേപിച്ചു.
ജയത്തോടെ നാല് മത്സരങ്ങളിൽനിന്ന് ആറ് പോയിന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്ത് എത്തി. ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത ചെന്നൈയിൻ അവസാന സ്ഥാനത്താണ്.