ബംഗളൂരു: രാഹുൽ ഭേക്കെ എന്ന പ്രതിരോധതാരം സീറോയിൽനിന്നും ഹീറോയിലേക്ക് കുതിച്ചുയർന്ന മത്സരത്തിൽ ബംഗളൂരുവിന് മിന്നും ജയം. പൂന എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബംഗളൂരു ജയിച്ചു. ഉദാന്ത സിംഗും രാഹുൽ ഭേക്കെയുമാണ് മത്സരത്തിലെ ഗോളുകൾ നേടിയത്. രാഹുൽ ഭേക്കെയുടെ ഓൺഗോളും അതിസുന്ദര വിജയഗോളുമാണ് മത്സരത്തെ ആവേശപരകോടിയിലെത്തിച്ചത്.
കളിയുടെ തുടക്കത്തിൽ തന്നെ ഉദാന്ത സിംഗിലൂടെ ബംഗളൂരു ലീഡെടുത്തു. ബോക്സിലേക്ക് പ്രതിരോധ മതിൽ വെട്ടിയൊഴിഞ്ഞ് കയറിയ ഉദാന്ത ഇടതുകാലിൽ പന്ത് തൊടുത്തു. ശരംവേഗത്തിൽ പൂനയുടെ വല തുളച്ചു.
എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ രാഹുൽ ഭേക്കെയുടെ ഓൺഗോളിൽ പൂന സമനിലപിടിച്ചു. റോബിൻസിംഗ് വലതുപാർശ്വത്തിലൂടെ സൃഷ്ടിച്ചെടുത്ത അവസരമാണ് ഗോളിൽ കലാശിച്ചത്. റോബിൻ ബോക്സിലേക്ക് നൽകിയ ക്രോസിനെ പുറത്തേക്ക് അടിച്ചുകളയാൻ ശ്രമിച്ച രാഹുലിനു പിഴച്ചു. പന്ത് സ്വന്തം പോസ്റ്റിൽ.
അപ്രതീക്ഷിത സമനിലയിൽ ആവേശം നിറഞ്ഞ പൂന ബംഗളൂരുവിന്റെ മുന്നേറ്റമെല്ലാം തകർത്തു. രണ്ടാം പകുതിയിലും കൈമെയ് മറന്നുപോരാടിയ പൂന സമനിലയുമായി ബംഗളൂരുവിൽനിന്നും മടങ്ങാൻ ഉറച്ചുതന്നെയായിരുന്നു. എന്നാൽ ഓൺ ഗോളിലൂടെ വില്ലനായ രാഹുൽ തന്നെ ബംഗളൂരുവിന്റെ രക്ഷകനായി അവതരിച്ചു.
രണ്ടു പ്രതിരോധ താരങ്ങളുടെ പ്രകടനമാണ് ബംഗൂരുവിന് വിജയം സമ്മാനിച്ചത്. വലതുപാർശ്വത്തിലൂടെ അതിവേഗം മുന്നേറ്റം നടത്തിയ ഹർമൻജോത് ഖബ്ര ബോക്സിലേക്ക് ക്രോസ് ഉയർത്തി നൽകി. ബോക്സിലേക്ക് പറന്നെത്തിയ രാഹുൽ കൃത്യമായി പന്തിൽ കാലുവച്ചു. 88 ാം മിനിറ്റിൽ ബംഗളൂരുവിന് വിജയഗോൾ.
തോൽവിയറിയാതെ മുന്നേറുന്ന ബംഗളൂരു എട്ട് മത്സരങ്ങളിൽ ഏഴ് ജയവും ഒരു സമനിലയും ഉൾപ്പെടെ 22 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.