ജംഷഡ്പുര്‍: രണ്ടു ഗോള്‍ പിന്നില്നില്ക്കെ രണ്ടു ഗോള്‍ തിരിച്ചടിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ജംഷഡ്പുര്‍ എഫ്സിക്കെതിരെ അവരുടെ തട്ടകത്തില്‍ ഉജ്വല സമനില സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളിനു പിന്നില്നില്ക്കേ സ്ലാവിസ് സ്റ്റോയനോവിച്ച് പെനല്‍റ്റി നഷ്ടമാക്കിയതോടെ ഈ ദിവസം ബ്ലാസ്റ്റേഴ്സിന്റേതല്ലെന്നു തോന്നി.
എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി പൊരുതിയ ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച സമനില സ്വന്തമാക്കി. ആദ്യപകുതിയില്‍ രണ്ടു ഗോളിനു പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ 15 മിനിറ്റിന്റെ ഇടവേളയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് സമനില പിടിച്ചെടുത്തത്. ജംഷഡ്പുരിനായി ടിം കാഹില്‍ (മൂന്ന്), മൈക്കിള്‍ സൂസൈരാജ് (31) എന്നിവര്‍ ലക്ഷ്യം കണ്ടു. സ്ലാവിസ് സ്റ്റോയനോവിച്ച് (71), സി.കെ. വിനീത് (85) എന്നിവരുടെ വകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍.
11 ഗോളുകളുമായി വിനീത് ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോററായി. ഇയാന്‍ ഹ്യൂമിനൊപ്പം 10 ഗോളുമായി പങ്കിട്ടിരുന്ന റിക്കാര്‍ഡാണ് വിനീത് സ്വന്തമാക്കിയത്. 69-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയ യുവതാരം സെമിലെന്‍ ഡുംഗലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൈവിട്ടെന്നു കരുതിയ മത്സരം ബ്ലാസ്റ്റേഴ്സിന് വീണ്ടെടുത്തുകൊടുത്തത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ടു ഗോളിനും ഡുംഗലാണ് വഴിയൊരുക്കിയത്.ബ്ലാസ്റ്റേഴ്സ് ഏഴാമതും ജംഷഡ്പുർ നാലാമതുമാണ്.