കൊച്ചി: നാളെ കലൂര് രാജ്യാന്തര സ്റ്റേഡിയത്തില് നടക്കുന്ന പതിനൊന്നാമത് ഇന്ത്യന് സൂപ്പര് ലീഗ്(ഐഎസ്എല്) ഫുട്ബോള് സീസണിലെ ആദ്യ മത്സരത്തില് പോലീസ് സുരക്ഷാ അനുമതിക്കായി സംഘാടകര് ഇന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര് പുട്ട വിമലാദിത്യയുമായി ചര്ച്ച നടത്തും.
നിലവില് പോലീസ് സുരക്ഷാ അനുമതി നല്കിയിട്ടില്ല. കൊച്ചിയില് ഇതുവരെ നടന്ന മത്സരങ്ങളിലായി പോലീസ് ബന്തവസ് ഇനത്തില് രണ്ടര കോടി രൂപയാണ് സംഘാടകര് സര്ക്കാരിലേക്ക് അടക്കേണ്ടത്. ഇതില് 25 ലക്ഷം രൂപ ഇന്നലെ സംഘാടകര് സര്ക്കാരിലേക്ക് അടച്ചിരുന്നു. ബാക്കി തുക ഇന്ന് അടയ്ക്കാമെന്ന രീതിയിലാണ് ഇവര് പോലീസിനെ അറിയിച്ചിരിക്കുന്നത്.
ഇന്ന് നടക്കുന്ന ചര്ച്ചയ്ക്കു ശേഷം സുരക്ഷാ ക്രമീകരണങ്ങള് വിലയിരുത്തി തീരുമാനമെടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര് പുട്ട വിമലാദിത്യ പറഞ്ഞു.പോലീസിന്റെ സുരക്ഷാ അനുമതി ലഭിക്കാത്തതിനെ തുടര്ന്ന് മത്സരം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയായിരുന്നു.
മത്സരം നടക്കുന്ന ദിവസം സ്റ്റേഡിയത്തിലും നഗരത്തിലും സുരക്ഷയ്ക്കായി അധിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്. ഇതിനായി പോലീസ് ബന്തവസ് ഇനത്തില് സര്ക്കാരിലേക്ക് അടക്കേണ്ട തുക സംഘാടകര് അടച്ചിരുന്നില്ല. ഈ സാഹചര്യത്തില് പോലീസ് സുരക്ഷാ അനുമതി നല്കില്ലെന്ന് കാണിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ശ്യാം സുന്ദര് കത്ത് സംഘാടകര്ക്ക് കത്ത് നല്കിയിരുന്നു.
കത്ത് ലഭിച്ചതിനെ തുടര്ന്ന് സംഘാട കര് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്ന്നാണ് ഇന്നലെ 25 ലക്ഷം രൂപ അടച്ചിരിക്കുന്നത്. ഈ തുക അടയ്ക്കാതെ മത്സരം നടത്തിയാല് കേസ് എടുക്കാനായിരുന്നു പോലീസ് തീരുമാനം.
നാളെ കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിലാണ് കൊച്ചിയിലെ ആദ്യമത്സരം. തിരുവോണ ദിവസമായതിനാല് സുരക്ഷയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്ക്ക് ഏറെ തിരക്കുള്ള ദിവസമാണിത്. കൊച്ചി സിറ്റി പോലീസുമായി ഇവര് ചര്ച്ച നടത്താതെയാണ് ആ ദിവസം തെരഞ്ഞെടുത്തത്.
500 ലധികം പോലീസ് ഉദ്യോഗസ്ഥരെ ഈ ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കേണ്ടിവരും. ഇത് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന് മങ്ങലേല്പ്പിക്കുമെന്നും ഉദ്യോഗസ്ഥര്ക്കിടയില് അമര്ഷമുണ്ട്.
സീമ മോഹന്ലാല്