മുംബൈ: മുംബൈ ഫുട്ബോൾ അരീനയിൽ ചരിത്രമെഴുതി ബംഗളുരു എഫ്സി. എഫ്സി ഗോവ ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് ബംഗളുരു ഐഎസ്എൽ ഫുട്ബോളിൽ കന്നിക്കിരീടം നേടി. നിശ്ചിത സമയത്ത് ഗോൾ പിറക്കാതിരുന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 118-ാം മിനിറ്റിൽ രാഹുൽ ബെക്കെ ബംഗളുരുവിന്റെ വിജയശിൽപ്പിയായി ഗോൾ സ്വന്തമാക്കി.
തുടർച്ചയായ രണ്ടാം തവണയാണ് ബംഗളുരു ഫൈനലിൽ കളിക്കുന്നത്. കഴിഞ്ഞ വർഷം ചെന്നൈയിൻ എഫ്സിക്കു മുന്നിൽ ബംഗളുരു കീഴടങ്ങിയിരുന്നു. ഗോവയുടെയും രണ്ടാം ഫൈനലായിരുന്നു. രണ്ടാം ഫൈനലിലും പരാജയപ്പെടാനായിരുന്നു ഗോവയുടെ വിധി. രണ്ടാം സീസണിൽ ചെന്നൈയിനാണ് ഗോവയെ ആദ്യം ഫൈനലിൽ കീഴടക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കയറി. എന്നാൽ, ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ബംഗളുരുവിന്റെ മികുവിന്റെയും സുനിൽ ഛേത്രിയുടെയും മുന്നേറ്റം നിർഭാഗ്യം കൊണ്ട് മാത്രം വലയിലെത്തിയില്ല. 80-ാം മിനിറ്റിൽ ഗോളെന്നുറച്ച മികുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തുപോയി.
നിശ്ചിത സമയത്തിനുശേഷം പരുക്കൻ അടവുകളാണ് കളത്തിൽകണ്ടത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. 105-ാം മിനിറ്റിൽ ജഹൗഹു രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി. അധിക സമയം തീരാൻ രണ്ട് മിനിറ്റ് ശേഷിക്കേ ദിമാസിന്റെ കോർണറിൽ നിന്ന് ബെക്കെ എണ്ണം പറഞ്ഞൊരു ഹെഡറിലൂടെ ഗോവയുടെ വല കുലുക്കി. അതോടെ ബംഗളൂരു ആരാധകർ ആനന്ദ നൃത്തമാടി.