ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ഇനി ചെറിയൊരു ഇടവേള. ഇന്നു മുതൽ 16വരെ പോരാട്ടങ്ങളില്ല. 17ന് ഡൽഹി ഡൈനാമോസ് – എടികെ മത്സരത്തോടെയാണ് വീണ്ടും ഐഎസ്എലിൽ പന്തുരുളുക.
രാജ്യാന്തര മത്സരങ്ങൾ ഉള്ളതിനാലാണ് ഈ ഇടവേള. യൂറോപ്പിൽ യുവേഫ നേഷൻസ് ലീഗ് ഉൾപ്പെടെ ഈ ദിവസങ്ങളിൽ നടക്കും. ഇന്ത്യക്കും ഇക്കാലയളവിൽ സൗഹൃദ മത്സരമുണ്ട്. 13-ാം തീയതി ചൈനയ്ക്കെതിരേയാണ് ഇന്ത്യയുടെ സൗഹൃദ പോരാട്ടം. ചരിത്രത്തിലാദ്യമായാണ് ചൈനയിൽ ഇന്ത്യ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്.