കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിന് ഇന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കലാശപ്പോര്. സ്വന്തം മൈതാനത്ത് കേരളബ്ലാസ്‌റ്റേഴ്‌സ്, ആദ്യ എഡിഷന്‍ ജേതാക്കളായ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയെ നേരിടും. രാത്രി ഏഴിനാണ് ഫൈനല്‍.
ഇരുപാദ സെമിയില്‍ കോല്‍ക്കത്ത മുംബൈയെ പരാജയപ്പെടുത്തിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത് ഡല്‍ഹി ഡൈനാമോസിനെയാണ്. ബ്ലാസ്‌റ്റേഴ്‌സ് ഇതു രണ്ടാം തവണയാണ് ഫൈനലിനു യോഗ്യത നേടുന്നത്. ആദ്യ എഡിഷന്‍ ഫൈനലില്‍ കോല്‍ക്കത്തയോട് പരാജയപ്പെട്ടതിനു മധുരപ്രതികാരം ചെയ്യാനുള്ള അവസരമാണ് കേരളത്തിനു കൈവന്നിരിക്കുന്നത്.
ടിക്കറ്റെല്ലാം ഒരു ദിവസം മുമ്പേ വിറ്റുതീര്‍ന്നതോടെ സ്‌റ്റേഡിയം നിറഞ്ഞുകവിയുമെന്നുറപ്പ്. ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ പ്രമുഖരുടെ വന്‍ നിരയാണ് ഇന്നു സ്‌റ്റേഡിയത്തിലേക്ക് എത്തുക. ടീമുടമകളായ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും എത്തുന്നുണ്ട്. കൂടാതെ മുകേഷ് അംബാനി, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളിലൊരാളായ നാഗാര്‍ജുനയും മത്സരം കാണാനെത്തുന്നുണ്ടെന്നാണു സൂചന. ഫൈനല്‍ മത്സരത്തിന് പ്രമുഖരുടെ ഒരു വലിയ നിരതന്നെ സ്‌റ്റേഡിയത്തിലേക്ക് എത്തുന്നതിനാല്‍ വന്‍ സുരക്ഷാ സന്നാഹമാണ് പോലീസ് സ്‌റ്റേഡിയത്തിലും സമീപത്തും ഒരുക്കിയിരിക്കുന്നത്.
മത്സരത്തിനു കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മത്സരം കാണാനെത്തുന്നവര്‍ വൈകിട്ട് ആറിനു മുമ്പേ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതാണ് അഭികാമ്യം.