കൊച്ചി: ഐഎസ്എൽ ഫുട്ബോൾ സീസണിലെ ആദ്യജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിയെ പരാജയപ്പെടുത്തിയാണ് സീസണിലെ കന്നിജയം സ്വന്തമാക്കിയത്.
ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. സീസണിലെ ആദ്യമത്സരത്തിൽ സ്വന്തം തട്ടകത്തിൽ പഞ്ചാബ് എഫ്സിക്ക് മുന്പിൽ കീഴടങ്ങിയ ബ്ലാസ്റ്റേഴ്സ് മികച്ച ജയത്തോടെ പോയിന്റ് ടേബിൾ തുറന്നു. മൂന്ന് പോയിന്റോടെ ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബംഗാളിനായി പി.വി.വിഷ്ണു (59) ആദ്യ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി നോവ സദോയിയും (63’) പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രയും (88’) ഗോളുകൾ നേടി.
ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞതായിരുന്നു ആദ്യ പകുതി. ബ്ലാസ്റ്റേഴ്സ് മികച്ചൊരു അവസരം നഷ്ടമാക്കി യിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബംഗാളിന്റെ ആക്രമണങ്ങളാണ് മൈതാനത്ത് കണ്ടത്. 59ാം മിനിട്ടിൽ ബംഗാൾ ലീഡ് എടുത്തു. പകരക്കാരനായി ഇറങ്ങിയ മലയാളിതാരം പി.വി. വിഷ്ണുവാണ് ബംഗാളിനെ മുന്നിലെത്തിച്ചത്.
എന്നാൽ, അധികം താമസിയാതെതന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. 63-ാം മിനിറ്റിൽ പന്തുമായി പാഞ്ഞടുത്ത നോവ സദോയിയെ തടയാൻ ബംഗാൾ പ്രതിരോധത്തിന് സാധിച്ചില്ല. ബംഗാൾ ഗോൾ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് പന്ത് അടിച്ചിട്ട് നോവ ബ്ലാസ്റ്റേഴ്സിന് നിർണായക സമനില ഗോൾ സമ്മാനിച്ചു. ലീഗിൽ നോവ സദോയി ബ്ലാസ്റ്റേഴ്സിനായി നേടുന്ന കന്നിഗോൾ കൂടിയായി ഇത്. പിന്നീട് ഇരുഭാഗത്തു നിന്നും ആക്രമണങ്ങൾ തുടർന്നു.
ഒടുവിൽ 88-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് മുന്പിലെത്തി. ബംഗാൾ പ്രതിരോധം തട്ടിയകറ്റിയ പന്ത് എത്തിയത് രാഹുലിന്റെ കാലുകളിൽ. രാഹുൽ പന്ത് പെപ്രക്ക് മറിച്ചുനൽകി. രണ്ട് സ്റ്റെപ് മുന്നോട്ടുവച്ചതിന് ശേഷം പെപ്രയുടെ എണ്ണം പറഞ്ഞ ഷോട്ട് ബംഗാൾ വല കുലുക്കി. ഇതോടെ ആരാധകരെ ഇളക്കിമറിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയ ഗോൾ നേടി. ഇനി ഈ മാസം 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.
വി.ആർ.ശ്രീജിത്ത്