ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ വളര്‍ത്തില്ല: സി.വി. പാപ്പച്ചന്‍

fb-pappachan

കണ്ണൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നമ്മുടെ നാട്ടില്‍ ഫുട്‌ബോള്‍ വളര്‍ത്തില്ലെന്നും താഴേത്തട്ടിലുള്ള കളിയെ തകര്‍ക്കുകയാണെന്നും കേരള പോലീസ് ടീമിന്റെ മുഖ്യപരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ സി.വി. പാപ്പച്ചന്‍. ഐഎസ്എല്‍ ഗുണം ചെയ്യണമെങ്കില്‍ നാട്ടിലെ കളിക്കാര്‍ക്ക് അവസരം ലഭിക്കണം. നമ്മുടെ കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തി വിദേശികള്‍ക്ക് ട്രാക്ക് ഒരുക്കുകയാണിപ്പോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് എത്തിയ അദ്ദേഹം ദീപികയോട് സംസാരിക്കുകയായിരുന്നു.

ഐഎസ്എല്‍ കണ്ടാല്‍ ഭംഗിയുണ്ട്. ആളുകള്‍ വരുന്നു. പക്ഷേ, അതിന്റെ ഇഫക്ട് സന്തോഷ് ട്രോഫിയിലോ ഇന്ത്യന്‍ ടീമിലോ ഇല്ല. പരസ്യക്കാര്‍ കുറെയാളുകളെ കുത്തിക്കയറ്റുകയാണ്. നേരത്തെ നൈജീരിയക്കാര്‍ സെവന്‍സ് കളിക്കാനെത്തി നമ്മുടെ കാശു കൊണ്ടുപോയില്ലേ. അതിന്റെ വേറൊരു പതിപ്പാണ് ഐഎസ്എല്‍. നമ്മുടെ ഫുട്‌ബോളിനു ഗുണം ചെയ്യില്ലെന്നു പറയാന്‍ കാരണം മറ്റൊന്നുമല്ല. വിദേശികള്‍ കളിക്കുന്നത് ഹാര്‍ഡ് ഫുട്‌ബോളാണ്. അവിടെ കുട്ടികള്‍ പോലും ഹാര്‍ഡ് ആയാണ് ടാക്ലിംഗ് നടത്തുന്നത്. നമ്മുടെ നാട്ടില്‍ മുതിര്‍ന്ന കളിക്കാര്‍ക്കു പോലും അതിനു കഴിയില്ല. ഇവിടെ സോഫ്റ്റ് ഫുട്‌ബോളാണ് ശീലം.

ഐഎസ്എല്‍ ബിസിനസാണ്. ഫുട്‌ബോള്‍ പ്രോംപ്റ്റ് ചെയ്യാന്‍ സിനിമക്കാരും ക്രിക്കറ്റുകാരും വരുന്നത് എന്തറിഞ്ഞിട്ടാണ്. ഇന്ത്യയില്‍ ഫുട്‌ബോള്‍ പിടിച്ചുനിര്‍ത്തിയത് ഈസ്റ്റ്ബംഗാളിന്റെയും മോഹന്‍ബഗാന്റെയും ജെസിടിയുടെയും പഴയ താരങ്ങളും കുറച്ചുകാലം കേരള പോലീസുമായിരുന്നു. അവരൊന്നും ഇപ്പോള്‍ ചിത്രത്തിലില്ല. സച്ചിനും കുറച്ചു സിനിമക്കാരും മാത്രമേയുള്ളൂ. ലോകത്തെവിടെയെങ്കിലും ഫുട്‌ബോള്‍ മത്സരം മൂന്നു ചാനലുകളില്‍ ലൈവ് കൊടുക്കുന്നത് കണ്ടിട്ടുണ്ടോ. റേറ്റിംഗിനായി ആള്‍ക്കാരെ ഗ്രൗണ്ടില്‍ നിറച്ച് പരസ്യം പിടിക്കുകയാണ്.

ഗേറ്റ് കളക്ഷന്റെ കാശല്ല, സാറ്റലൈറ്റ് റേറ്റിംഗാണ് അവരുടെ ലക്ഷ്യം. കളികാണാന്‍ വരുന്നവര്‍ മുഴുവന്‍ ഫുട്‌ബോളിന്റെ ആരാധകരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ക്രിക്കറ്റിന് വേണ്ടി ഇനിയൊന്നും സച്ചിന് ചെയ്യേണ്ട കാര്യമില്ല. ഇനി ക്രിക്കറ്റിന്റെ പരസ്യത്തിന് ആരും വിളിക്കുകയുമില്ല. അപ്പോള്‍ ഫുട്‌ബോള്‍ താരങ്ങളെവച്ച് മാര്‍ക്കറ്റ് ചെയ്യുകയാണ്. അഞ്ചുകൊല്ലത്തേക്ക് ക്രിക്കറ്റ് താരങ്ങള്‍ക്കു പരസ്യം നല്‍കില്ലെന്ന് പറഞ്ഞുനോക്കൂ, ക്രിക്കറ്റ് താനേ ഔട്ടാകും.

ഇന്ത്യയില്‍ ഫുട്‌ബോള്‍ നന്നാകണമെങ്കില്‍ 10 വയസുള്ള ഇരുന്നൂറോളം കുട്ടികളെ തെരഞ്ഞെടുത്ത് 50 വീതമുള്ള ബാച്ചുകളാക്കി ബ്രസീലിലും ജര്‍മനിയിലുമൊക്കെ അയച്ച് കളി പഠിപ്പിക്കണം. 20 വയസാകുമ്പോള്‍ അവരെ തിരിച്ചുവിളിക്കുക. അല്ലാതെ വിദേശ കോച്ചുമാരെ ഇവിടെകൊണ്ടുവന്ന് പരിശീലനം നല്‍കിയിട്ടൊന്നും കാര്യമില്ല. ടൂര്‍ണമെന്റുകള്‍ ഇല്ലാത്തതാണ് നമ്മുടെ നാട്ടില്‍ ഫുട്‌ബോള്‍ നേരിടുന്ന വലിയ വെല്ലുവിളി. നാട്ടില്‍ കളിക്കാന്‍ അവസരമുണ്ടെങ്കില്‍ മാത്രമേ കളിക്കാരെ ആളുകള്‍ അറിയുകയുള്ളൂ. ഇപ്പോഴത്തെ ടൂര്‍ണമെന്റുകളൊക്കെ വിദേശികള്‍ക്കുള്ളതായി മാറി.

കണ്ണൂരിലെ ശ്രീനാരായണ ഫുട്‌ബോള്‍ പോയി നായനാര്‍ സ്വര്‍ണക്കപ്പ് വന്നപ്പോള്‍ വിദേശ ടീമുകളല്ലേ കളിച്ചത്. കോഴിക്കോട് നാഗ്ജി മടങ്ങിവന്നപ്പോള്‍ കളിക്കുന്നത് മുഴുവന്‍ വിദേശികളല്ലേ. ഐഎസ്എലില്‍ കളിക്കുന്നതും വിദേശികള്‍. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ജെസിടി ടീമുകളൊക്കെ കളത്തിനുപുറത്തായി. അവരെ വച്ച് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനാവില്ല –പാപ്പച്ചന്‍ ചൂണ്ടിക്കാട്ടി.

സിജി ഉലഹന്നാന്‍

Related posts