കോട്ടയം: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആവേശം അടങ്ങും മുമ്പ് ഇന്ത്യ മറ്റൊരു ഫുട്ബോള്‍ ആവേശത്തിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പ് 17നു തുടങ്ങും. ബംഗളൂരു എഫ്സിയും ജംഷഡ്പുര്‍ എഫ്സിയും വന്നതോടെ 10 ടീമുകള്‍ ഈ സീസണില്‍ മാറ്റുരയ്ക്കും.
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന് കിക്കോഫാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു ഗംഭീരവാര്‍ത്ത. ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും. കോല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം കൊച്ചിയിലേക്കു മാറ്റാന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തവണ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സും എടികെ കോല്‍ക്കത്തയും തമ്മില്‍ നവംബര്‍ 17നു രാത്രി കോല്‍ക്കത്തയില്‍ നടക്കേണ്ട പോരാട്ടമാണ് കൊച്ചിയിലേക്കു മാറ്റിയത്. ഇതോടെ അണ്ടര്‍ 17 ലോകകപ്പ് നടന്ന കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഫുട്ബോള്‍ ആവേശം വളരെ നേരത്തെയെത്തും. ഈ മത്സരം കാണുന്നതിനായി ബ്ലാസ്റ്റേഴ്സ് ഉടമകളിലൊരാളായ സച്ചിന് തെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ക്ഷണിച്ചിരുന്നു.
ഐഎസ്എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഉദ്ഘാടന മത്സരവേദി മാറിയത്. ഈ സീസണിലെ ഐഎസ്എല്‍ ഫൈനല്‍ കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലായിരിക്കും. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ നടന്ന അതേ വേദിയില്‍ വീണ്ടും മറ്റൊരു കലാശപ്പോരാട്ടമെത്തുന്നു എന്നത് കോല്‍ക്കത്തയിലെ ആരാധകര്‍ക്ക് ഇരട്ടിമധുരമായി. ഇതാദ്യമായാണ് കോല്‍ക്കത്ത ഐഎസ്എല്‍ ഫൈനലിന് േവദിയാകുന്നത്. ആദ്യ എഡിഷനിൽ മുംബൈയിലും കഴിഞ്ഞ തവണ കൊച്ചിയിലുമാണ് ഐഎസ്എൽ ഫൈനൽ നടന്നത്.
ഫിഫയുടെ പ്രശംസ ഏറ്റുവാങ്ങിയ സംഘാടനമായിരുന്നു കോല്ക്കത്തയിലേത്. കോല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു ഉദ്ഘാടന മത്സരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കലാശപ്പോരാട്ടം അവിടെ തീരുമാനിച്ചതിനാലാണ് ഈ മാറ്റം.
അതേസമയം, ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കുന്നതോടെ ഫെബ്രുവരി ഒന്പതിനു കൊച്ചിയില്‍ നടക്കേണ്ട ബ്ലാസ്റ്റേഴ്സ്- എടികെ മത്സരം സാള്‍ട്ട് ലേക്കിലാകും നടക്കുന്നത്. കേരളത്തിന്റെ എവേ മത്സരമാണിത്. അതിനിടെ, വിദേശത്തെ വിജയകരമായ പര്യടനങ്ങള്‍ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സ് നാട്ടിലെത്തി. സ്പാനിഷ് ടീമുകളുമായി മത്സരിച്ച ബ്ലാസ്റ്റേഴ്സ് ഗോകുലം എഫ്സിയടക്കമുള്ള ക്ലബ്ബുകളുമായി സൗഹൃദമത്സരം കളിക്കുന്നുണ്ട്.
ഹ്യൂമേട്ടന് കൊച്ചിയില്‍
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വന്തം ഹ്യൂമേട്ടന് ആരാധകരുടെ നടുവിലേക്ക്. അതെ, ഇയാന്‍ ഹ്യൂം ഇന്നലെ രാവിലെ കൊച്ചിയില്‍ വിമാനമിറങ്ങി. താരത്തെ സ്വീകരിക്കാന്‍ നിരവധി ആരാധകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഹ്യൂമേട്ടന് ജയ് വിളികളോടെയെത്തിയ ആരാധകര്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചാണ് സ്വീകരിച്ചത്.
മറ്റ് വിദേശ താരങ്ങളും കോച്ചിംഗ് സ്റ്റാഫും ഹ്യൂമിനൊപ്പമുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഫുള്‍ ടീം അടുത്തയാഴ്ച കൊച്ചിയില്‍ പരിശീലനമാരംഭിക്കും. നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി പ്രകാശനച്ചടങ്ങ്. കോഴിക്കോടും കൊച്ചിയിലുമായാണ് പ്രകാശനം നടക്കുന്നത്. 11നാണ് കോഴിക്കോട്