കൊച്ചി: കൂടുതല്‍ ടീമുകളും മത്സരങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 10-ാം സീസണ് നാളെ കിക്കോഫ്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും മാറ്റുരയ്ക്കും. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സാണ് നിലവിലെ ചാമ്പ്യന്മാര്. കിക്കോഫ് സമയക്രമങ്ങളിലുള്പ്പെടെ ഈ സീസണിൽ മാറ്റങ്ങള്‍ വരുത്തിയുണ്ട്.
രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. കിരീടം ലക്ഷ്യമിട്ട് 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്പ്യന്മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്സി ആണ് പുതുമുഖ ടീം. ഡ്യൂറന്റ് കപ്പ് നേടിയാണ് ഇത്തവണ ടീമിന്റെ വരവ്.
ഐഎസ്എലില്‍ തുടര്‍ച്ചയായ രണ്ടാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണുകളിലേതു പോലെ ഇത്തവണയും പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. മത്സരത്തിന്റെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചെന്നാണ് സൂചന.
സ്റ്റാര്‍ സ്പോര്‍ട്സിന് പകരം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18ലാണ് ഇത്തവണ ഐഎസ്എല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. മലയാളം ഉള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ കമന്ററിയുണ്ട്.
ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാം. സൂപ്പര്‍ ലീഗ് 10-ാം പതിപ്പ് ആഘോഷിക്കുന്നതിന്റെ ഭാഗമായി ഐഎസ്എല്‍ ഫാന്റസി എന്ന പേരില്‍ ഫാന്റസി ഗെയിമും എഫ്എസ്ഡിഎല്‍ പുറത്തുവിട്ടിട്ടുണ്ട്. 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വാഗ്ദാനം.
അധിക സര്‍വീസുമായി കൊച്ചി മെട്രോ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തോടനുബന്ധിച്ച് നാളെ ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഏഴ് മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ്.
ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വീസ് 11.30ന് ആയിരിക്കും. രാത്രി 10 മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്.
മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനാകും. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കും.