കൊച്ചി: ഐഎസ്എൽ മത്സരവുമായി ബന്ധപ്പെട്ടു താത്കാലിക ജീവനക്കാരായി വന്ന വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത തണ്ടർ ഫോഴ്സ് ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്തു.
മധ്യപ്രദേശ് സ്വദേശി സുരേഷ് (44), ഗോവ സ്വദേശി റോഷൻ ഡൂരി (32), നോർത്ത് ഗോവ സ്വദേശി ബാബു ജോർജ് (54), കർണാടക സ്വദേശി ലാൽസാബ (29), പഞ്ചാബ സ്വദേശികളായ മംഗൽസിംഗ് (19), ദീപക് ശർമ (29), രാജസഥാൻ സ്വദേശി വിക്രംസിംഗ് (27), തിരുവാങ്കുളം സ്വദേശി അഖിൽ (23) എന്നിവരെയാണു കേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. കണ്ടാലറിയാവുന്ന മറ്റു ചിലർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
സെക്യൂരിറ്റി ജോലികൾ ചെയ്യുന്നതിനായി ദിവസവേതനത്തിൽ എത്തിച്ച വിദ്യാർഥികൾ ശന്പളം ചോദിച്ചപ്പോൾ മർദിച്ചുവെന്നാണു പരാതി.കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ബംഗളൂരു കേരളാ ബ്ലാസ്റ്റേഴ്സ് മത്സരത്തിനുശേഷം സ്വകാര്യ സെക്യൂരിറ്റി ഏജൻസിയായ തണ്ടർ ഫോഴ്സ് അധികൃതരുടെ പക്കൽ ശന്പളം വാങ്ങാനെത്തിയപ്പോഴായിരുന്നു വിദ്യാർഥികൾക്ക് നേരേ അക്രമം.
തങ്ങളെ മർദിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നു വിദ്യാർഥികൾ പരാതിയിൽ പറയുന്നു. ഐഎസ്എൽ മത്സരങ്ങളുടെ സുരക്ഷാ ചുമതല ബംഗളൂരു ആസ്ഥാനമായ തണ്ടർഫോഴ്സിനാണ്. പുറത്തും മറ്റും സുരക്ഷയൊരുക്കുന്നതിന് തുച്ഛമായ വേതനത്തിൽ ഇവർ കോളജ് വിദ്യാർഥികളെ നിയോഗിച്ചുവരുന്നുണ്ട്. കാണികളോടും ജീവനക്കാരോടും മോശമായി പെരുമാറിയതിനു ഇതിന് മുന്പും തണ്ടർഫോഴ്സിനെതിരേ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.