ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ രണ്ട് സ്ഥാനക്കാരായ കോൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ പ്രവേശിച്ചു. മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ള നാലു ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് ഉറപ്പിക്കാൻ പോരാടുന്നത്.
ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫിൽ ബംഗളൂരു എഫ്സി ഹോം ഗ്രൗണ്ടിൽ മുംബൈ സിറ്റി എഫ്സിയെ നേരിടും. 30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും മോഹൻ ബഗാനും എതിരാളികളാവും.
ഏപ്രിൽ 2, 3, 6, 7 തീയതികളിലാണ് രണ്ടുപാദ സെമിഫൈനലുകൾ നടക്കുന്നത്. സെമിഫൈനൽ ഒന്നിലെയും സെമിഫൈനൽ രണ്ടിലെയും ജേതാക്കൾ ഏപ്രിൽ 12നു നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ഫൈനലിസ്റ്റുകളിൽ ഉയർന്ന റാങ്കിലുള്ള ടീമിന്റെ ഹോം ഗ്രൗണ്ടിലാവും പോരാട്ടം.