ഇരിങ്ങാലക്കുട: ഐഎസ്എൽ ഫുട്ബോൾ ഫൈനൽ മത്സരം കാണുന്നതിനിടയിൽ ഉണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ മർദിച്ച പട്ടേപ്പാടം, വെള്ളാങ്കല്ലൂർ സ്വദേശികളായ ഒന്പതുപേർ അറസ്റ്റിൽ.
പട്ടേപ്പാടം സ്വദേശികളായ പുളിപ്പറന്പിൽ അൻസിൽ (25), കളത്തുപറന്പിൽ ശ്രീനി (25), തെക്കുംകാട്ടിൽ പവൻ (20), പനങ്ങാട്ട് ആകർഷ് (22), കുരിയപ്പിള്ളി ഹുസൈൻ (22), രായംവീട്ടിൽ സാലിഹ് (22), മങ്കിടിയാൻ വീട്ടിൽ മിഥുൻ (22), വെള്ളാങ്കല്ലൂർ വാഴക്കാമഠം സുൽഫിക്കർ (23), തുണ്ടത്തിൽപറന്പിൽ മുഹമ്മദ് ഷഹ്നാദ് (23) എന്നിവരെയാണ് ആളൂർ സിഐ എം.ബി. സിബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
20നു വൈകീട്ട് ഒന്‍പതരയോടെയായിരുന്നു സംഭവം. പട്ടേപ്പാടം സെന്ററിൽ താഷ്കെന്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വലിയ സ്ക്രീനിൽ ഫൈനൽ മത്സരം പ്രദർശിപ്പിക്കുന്നതിനിടയിൽ ഹൈദരാബാദിനു അനുകൂലമായി ജയ് വിളിച്ചുവെന്ന് ആരോപിച്ച് പ്രതികൾ പട്ടേപ്പാടം കൈമാപറന്പിൽ സുധീഷി(45)നെ മർദിക്കുകയായിരുന്നു.
സുധീഷിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒളിവിൽ പോയ പ്രതികളെ എറണാകുളത്തുനിന്നാണു പിടികൂടിയത്.
എസ്ഐമാരായ കെ.എസ്. സുബിന്ത്, എം.കെ. ദാസൻ, ഇ.ആർ. സിജുമോൻ, പ്രദീപ്, എഐസ്ഐ ഷാജൻ, സിപിഒ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.