പനാജി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ചാന്പ്യൻമാരായി മുംബൈ സിറ്റി. നാലാം ഐഎസ്എൽ കിരീടം ലക്ഷ്യമിട്ടിറങ്ങിയ എടികെയെ മലർത്തിയടിച്ചാണ് മുംബൈ കന്നി കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ ജയം.
18-ാം മിനിറ്റിൽ ഡേവിഡ് വില്യംസണിന്റെ ഗോളിലൂടെ എടികെ ലീഡ് നേടി. മുംബൈ പ്രതിരോധ താരം അഹമ്മദ് ജാഹുവിന്റെ പിഴവിൽനിന്നാണ് ഗോൾ പിറന്നത്.
ബോക്സിനകത്തുവച്ച് പാസ് ചെയ്യാൻ ശ്രമിച്ച ജാഹുവിന്റെ കാലിൽനിന്നും പന്ത് റാഞ്ചിയെടുത്ത റോയ് കൃഷ്ണ ഡേവിഡ് വില്യംസിന് കൈമാറി. കിട്ടിയ അവസരം കൃത്യമായി വലയിലെത്തിച്ച് വില്യംസ് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചു.
പത്ത് മിനിറ്റിനുശേഷം മുംബൈ എടികെയ്ക്കൊപ്പമെത്തി. ലൂയിസ് എസ്പിനോസ അറോയോയുടെ ഓണ്ഗോളിലാണ് മുംബൈ സമനില നേടിയത്.
അഹമദ് ജാഹു ബിപിൻ സിംഗിന് നൽകിയ ലോംഗ് പാസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച അറോയോയുടെ ഹെഡർ ലക്ഷ്യം തെറ്റി സ്വന്തം പോസ്റ്റിലേക്ക് തന്നെ പതിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. 90-ാം മിനിറ്റിലായിരുന്നു മുംബൈയുടെ വിജയഗോൾ പിറന്നത്.
ബർത്തലോമ്യു ഒഗ്ബെച്ചെ നൽകിയ പന്ത് ബിപിൻ സിംഗ് എടികെയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇതോടെ ഐഎസ്എൽ കിരീടം മുംബൈ ഉറപ്പിച്ചു.
ഐഎസ്എൽ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബൈ. ഈ സീസണിലെ പ്രാഥമിക ഘട്ടത്തിൽ ഒന്നാമതെത്തി ലീഗ് ഷീൽഡ് കിരീടവും മുംബൈ സിറ്റി നേടിയിരുന്നു. വിജയ ഗോൾ നേടിയ ബിപിൻ സിംഗാണ് ഹീറോ ഓഫ് ദ മാച്ച്.
വിന്നിംഗ് പാസ് ഓഫ് ദ സീസൺ പുരസ്കാരം ഗോവയുടെ ആൽബെർട്ടോ നൊഗുവേര സ്വന്തമാക്കി. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്കാരം മോഹൻ ബഗാന്റെ അരിന്ധം ഭട്ടാചാര്യ നേടി.കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഗോവയുടെ ഇഗോർ അംഗൂളോ സ്വന്തമാക്കി.
വളർന്നുവരുന്ന യുവതാരത്തിനുള്ള എമേർജിംഗ് പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരം നോർത്ത് ഈസ്റ്റിന്റെ ലാലങ് മാവിയ അപൂയിയ നേടി.
സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം മോഹൻ ബഗാന്റെ റോയ് കൃഷ്ണ സ്വന്തമാക്കി.