ബംഗളൂരു: സൂപ്പർ താരം സുനിൽ ഛേത്രിയുടെ ഹാട്രിക് ഗോളിൽ ബംഗളൂരു എഫ്സി ഐഎസ്എലിലെ ആദ്യ ഫൈനലിസ്റ്റുകളായി. രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ്സി പൂന സിറ്റിയെ പരാജയപ്പെടുത്തിയാണ് ഐഎസ്എലിലെ പുതുമുഖക്കാരായ ബംഗളൂരു കലാശപ്പോരിന് അർഹരായത്. പൂനയുടെ ആശ്വാസ ഗോൾ ജൊനാഥൻ ലൂക്ക നേടി.
ആദ്യപാദത്തിൽ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ബംഗളൂരു സ്വന്തം തട്ടകത്തിൽ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. കളിയുടെ ആദ്യ 15 മിനിറ്റിൽ തന്നെ ഛേത്രിയിലൂടെ ബംഗളൂരു മുന്നിലെത്തി. ഛേത്രിയുടെ ദുർബലമായൊരു ഹെഡ്ഡർ പൂനയുടെ വലയിൽ വീഴുകയായിരുന്നു. പൂന ഗോളിയും പ്രതിരോധനിരക്കാരും തമ്മിലുള്ള ആശയക്കുഴപ്പമാണ് ഗോളുവീഴാൻ കാരണമായത്.
ഒന്നാം പകുതിയിൽ ഒരു ഗോൾ ലീഡുമായി അവസാനിപ്പിച്ച ബംഗളൂരു രണ്ടാം പകുതിയിൽ പൂനയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. 65 ാം മിനിറ്റിൽ ഗോൾ വരയ്ക്കടുത്ത് ഛേത്രിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് പൂനയ്ക്കെതിരായി റഫരി പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുത്ത ഛേത്രിക്ക് പിഴച്ചില്ല. ഗോളിയെ കബിളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലയിലിട്ടു.
രണ്ടാം ഗോൾ വീണെങ്കിലും ശക്തമായ ആക്രമണത്തിലൂടെ പൂന തിരിച്ചടിച്ചു. നിന്തരം ആക്രമണം നടത്തിയ പൂനയെ ഛേത്രിയടക്കം പിന്നോട്ടിറങ്ങിവന്ന് പ്രതിരോധിച്ചു. കട്ടപ്രതിരോധത്തിലും ഗോളടിക്കാൻ ശ്രമിച്ച പൂനയ്ക്കു ബോക്സിനു സമീപം ഫ്രീകിക്ക് വീണു’കിട്ടി.
ജൊനാഥൻ ലൂക്ക ക്ലാസ് ഫ്രീകിക്കിലൂടെ പൂനയുടെ മോഹങ്ങളെ വീണ്ടും ഉണർത്തി. 35 വാര അകലെനിന്നുള്ള ഫ്രീകിക്ക് വലയിൽ പറന്നിറങ്ങുമ്പോൾ സീസണിലെ മനോഹര ഗോളുകളിലൊന്നായും ഇത് മാറി.
ഒരു ഗോൾ തിരിച്ചടിച്ചതോടെ വർധിത വീര്യത്തോടെ പൂന ആക്രമിച്ചു കളിച്ചു. എന്നാൽ പൂന പ്രതിരോധം മറന്ന് ആക്രമണം നടത്തിയപ്പോൾ മൂന്നാമത്തെ അടിയും ഛേത്രി നൽകി. അതിൽ പൂന സമ്പൂർണമായും അടിയറവ് പറഞ്ഞു. 89 ാം മിനിറ്റിൽ സ്വന്തം ഹാഫിൽനിന്നും നീട്ടിയ പന്തിനെ ഛേത്രി ഓടിപ്പിടിക്കുമ്പോൾ പൂന പ്രതിരോധം കാഴ്ചക്കാർ മാത്രമായി.
ഛേത്രിയുടെ കാലിൽ പന്ത് എത്തിയ ശേഷം മാത്രമാണ് പൂന അപകടം മണത്തത്. എന്നാൽ ഛേത്രി അതിനകം തന്നെ പന്തുമായി ബോക്സലേക്ക് കടക്കുകയും വലംകാൽ ഷോട്ടിൽ ഹാട്രിക് സ്വന്തമാക്കുകയും ചെയ്തു.