കൊച്ചി: ജയിച്ചെന്നുറപ്പിച്ച കളി എങ്ങനെ കൈവിട്ടുകളയാമെന്ന് ബ്ലാസ്റ്റേഴ്സിൽനിന്നും പഠിക്കാം. കളി തീരാൻ അഞ്ച് മിനിറ്റു മാത്രം ശേഷിക്കെ കളിമറന്ന കേരള ബ്ലാസ്റ്റേഴ്സ് സമനില ചോദിച്ചുവാങ്ങി. 2-1 ന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സിനെ 91 ാം മിനിറ്റിൽ ലെനി റോഡ്രിഗ്രസിന്റെ ഗോളിൽ ഗോവ സമനിലയിൽ കുരുക്കി. രണ്ടാം പകുതിയിൽ പത്തുപേരായി ചുരുങ്ങിയ ഗോവയാണ് സമനില നേടി രക്ഷപെട്ടത്.
ഇഞ്ചുറി ടൈമിലെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ അലസതയും പിഴവുമാണ് അർഹിച്ച മൂന്നു പോയിന്റ് നഷ്ടമാക്കിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ജസലിന്റെ വമ്പൻ പിഴവാണ് ഗോളിൽ കലാശിച്ചത്. ക്ലിയർ ചെയ്യാനുള്ള ജസലിന്റെ ശ്രമം ഗോവൻ താരത്തെ തട്ടി ബോക്സിലേക്ക്.
പന്ത് കാലിൽ കിട്ടിയ മന്ദർ റാവു ദേശായി ബോക്സിനുള്ളിലേക്ക് കയറി കനത്ത ഷോട്ട്. ബ്ലാസ്റ്റേഴ്സ് ഗോളി രഹനേഷ് സുന്ദരമായി പന്ത് തട്ടിയകറ്റി. എന്നാൽ റീബോണ്ട് പിടിച്ചെടുത്ത ലെനി അനായാസം കേരള പോസ്റ്റിലേക്ക് പന്തിനെ തട്ടിവിട്ടു. ബ്ലാസ്റ്റേഴ്സ് ആരാധകർ അവിശ്വസനീയതയോടെ തലയിൽ കൈവച്ച നിമിഷം.
കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ലീഡെടുത്ത കേരളത്തെ രണ്ടുവതണ പിന്നിലായ ശേഷമാണ് ഗോവ പിടിച്ചത്. സെർജിയോ സിഡോഞ്ചയാണ് കേരളത്തെ ആദ്യം മുന്നിലെത്തിച്ചത്. സിഡോ ബോക്സിനു വെളിയിൽനിന്നെടുത്ത ലോംഗ് ഷോട്ട് ഗോവ വലകുലുക്കി. എന്നാൽ 41 ാം മിനിറ്റിൽ മൗർതാഡ ഫോളിലൂടെ ഗോവ ഒപ്പമെത്തി. ജാക്കിചാന്ദ് സിംഗിന്റെ ഉയർന്നുവന്ന ക്രോസിന് ഫോൾ തലവയ്ക്കുകയായിരുന്നു.
എന്നാൽ രണ്ടാം പകുതിയിൽ കേരളം വീണ്ടും മുന്നിലെത്തി. പ്രശാന്ത് നൽകിയ ക്രോസ് മെസി ബൗളി ഗോളാക്കുകയായിരുന്നു. 52 ാം മിനിറ്റിൽ ഫോൾ ചുവപ്പ് കാർഡ് ലഭിച്ച് പുറത്തുപോയിട്ടും കേരളത്തിന് ഈ മുൻതൂക്കം മുതലാക്കാനായില്ല. മെസി, ക്യാപ്റ്റൻ ഒഗ്ബച്ചെ എന്നിവർ സുവർണാവസരങ്ങൾ പാഴാക്കുക കൂടി ചെയ്തതോടെ ദുരന്തം പൂർണമായി.