കൊച്ചി: അവിചാരിതമായി വീണു കിട്ടിയ ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന്റെ ആവേശം കൊച്ചിയിൽ അലയടിച്ചു തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സും അമർ ടമർ കോൽക്കത്തയും ( അത്ലറ്റികോ ഡി കോൽക്കത്ത) ഏറ്റുമുട്ടുന്ന ഐഎസ്എൽ നാലാം സീസണിന്റെ ഉദ്ഘാടന മത്സര ടിക്കറ്റ് വിൽപനയ്ക്ക് ആദ്യദിനംതന്നെ മികച്ച പ്രതികരണം. വൈകുന്നേരം നാലിന് ഓണ്‍ലൈനായി ടിക്കറ്റ് വിൽപന ആരംഭിച്ചു. ഇതിനു പിന്നാലെ മത്സരത്തിന്റെ മുഴുവൻ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു.
240 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്റെ വില. ഹോം മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വിൽപ്പന നടത്തുന്നത്. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതൽ 3500 രൂപ വരെയാണ് . ഗോൾ പോസ്റ്റിനു പിന്നിലെ ബിഡി ബ്ലോക്കുകൾക്കു 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നൽകണം. വിഐപി ബോക്സിനു സമീപമുള്ള എ, ഇ ബ്ലോക്കുകൾക്കു 850 രൂപ. വിഐപി ബോക്സിനു 3,500 രൂപയാണ് ഈടാക്കുക.
അതേസമയം ഓണർ ബോക്സിനു 10,000 രൂപ നൽകണം. ഡിസംബർ 31ന് വൈകുന്നേരം അഞ്ചരയ്ക്കു നടക്കുന്ന ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിനും ഇതേ നിരക്കാണു ടിക്കറ്റിനു നിശ്ചയിച്ചിരിക്കുന്നത്.