കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗി(ഐഎസ്എൽ)ന്റെ അഞ്ചാം സീസണ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. മുൻകൂറായി ടിക്കറ്റ് വാങ്ങുന്നവരെ ലക്ഷ്യമിട്ട് പ്രത്യേക ഇളവുകളോടെയാണ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ടിക്കറ്റ് വില്പന ഇന്നലെ ആരംഭിച്ചു. ഈ മാസം 24 വരെ സൗത്ത്, നോർത്ത് ഗാലറി ടിക്കറ്റിനു 199 രൂപയാണു കുറഞ്ഞ നിരക്ക്. ഈസ്റ്റ്, വെസ്റ്റ് ഗാലറി ടിക്കറ്റിന് 249 രൂപയും എ, ഇ,സി ബ്ലോക്ക് ടിക്കറ്റുകൾക്ക് 449 രൂപയും ബി, ഡി ബ്ലോക്കുകളിലെ സീറ്റിന് 349 രൂപയുമാണ് നിരക്ക്.
വിഐപി ടിക്കറ്റിന് 1,250 രൂപയാണ്. കൊച്ചിയിൽ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ 24ന് മുന്‍പ് തന്നെ ഓണ്‍ലൈനായി വാങ്ങാം. പേടിഎം, ഇൻസൈഡർ ഇൻ എന്നിവ വഴിയായിരിക്കും ഓണ്‍ലൈൻ ടിക്കറ്റ് വില്പന നടക്കുക. 24ന് ശേഷം സാധാരണ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കും.
ഈ ടിക്കറ്റുകൾക്ക് നിരക്കിളവ് ഉണ്ടായിരിക്കില്ല. ഓണ്‍ലൈനായി വാങ്ങുന്ന ടിക്കറ്റുകൾ മാറ്റുന്നതിനായി ഇത്തവണ ആരാധകർക്ക് ക്യൂവിൽ നിൽക്കേണ്ടി വരില്ല. ഇ-ടിക്കറ്റുകൾ സ്റ്റേഡിയത്തിന്റെ കൗണ്ടറിൽ സ്കാൻ ചെയ്ത് നേരിട്ട് സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാം.
കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച മത്സ്യത്തൊഴിലാളികൾക്ക് ടിക്കറ്റ് നൽകി ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. കൊച്ചിയിൽ നടക്കുന്ന ഓരോ മത്സരങ്ങളുടെ തുടക്കത്തിലോ ഇടവേളകളിലോ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ആദരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു.
കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ അഞ്ചിനാണ് മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം.