ബർലിൻ: ഭീകരതയെ പിന്തുണയ്ക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഹാംബുർഗ് നഗരത്തിലെ ഇസ്ലാമിക് സെന്റർ മോസ്കും (ഐസെഡ്എച്ച്) അനുബന്ധ സംഘടനകളും മോസ്കുകളും ജർമനി നിരോധിച്ചു.
ഇറാന്റെ നേതൃത്വത്തിൽ 1953ൽ സ്ഥാപിതമായ ഈ മോസ്ക് ഷിയാകളുടെ യൂറോപ്പിലെ ഏറ്റവും വലിയ കേന്ദ്രമാണ്. തീവ്രവാദ ആശയം പ്രചരിപ്പിക്കുക, ഭീകരവാദികളെ റിക്രൂട്ട് ചെയ്യുക, യഹൂദ-ഇസ്രയേൽ വിദ്വേഷം ആളിക്കത്തിക്കുക മുതലായ പ്രവർത്തനങ്ങൾ ഈ മോസ്ക് കേന്ദ്രീകരിച്ച് നടന്നുവരുന്നതായി ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫേസർ പറഞ്ഞു.
ഹമാസ്, ഹിസ്ബുള്ള പോലുള്ള ഭീകരസംഘടനകൾക്ക് ഐസെഡ്എച്ച് ഒത്താശ ചെയ്യുന്നുണ്ട്. കഴിഞ്ഞ നവംബർ മുതൽ സെന്റർ ജർമൻ രഹസ്യപ്പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നവംബറിൽ ഈ സ്ഥാപനങ്ങളിലെല്ലാം സൂക്ഷ്മപരിശോധന നടത്തി നിരവധി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ഹാംബുർഗിലെ ഇമാം അലി മോസ്കാണ് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നത്.
നീല നിറത്തിലുള്ള ഗോപുരമുള്ളതിനാൽ ഇത് നീലമോസ്ക് എന്നും അറിയപ്പെടുന്നുണ്ട്. ജനാധിപത്യമൂല്യങ്ങൾക്കും ജർമൻ ഭരണഘടനാ വ്യവസ്ഥകൾക്കും വിരുദ്ധമായാണ് ഐസെഡ്എച്ച് പ്രവർത്തിച്ചിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സെന്ററിന്റെ ഭാഗമായ അഞ്ചു സംഘടനകളെയും ജർമനി നിരോധിച്ചിട്ടുണ്ട്. ഇന്നലെ എട്ടു സംസ്ഥാനങ്ങളിലെ 53 ഇസ്ലാമിക സ്ഥാപനങ്ങളിലും മോസ്കുകളിലും പോലീസ് പരിശോധന നടത്തി സംശയാസ്പദമായ നിരവധി വസ്തുക്കൾ പിടിച്ചെടുത്തു.
ലോകമാകെ ഇസ്ലാമിക ആധിപത്യത്തിൽ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് സെന്റർ ആസൂത്രണം ചെയ്തിരുന്നത്. ഇറാൻ സർക്കാരിന്റെ തീവ്രമതനിലപാടിന്റെ യൂറോപ്പിലെ പ്രതിനിധികളാണ് സെന്റർ.
സെന്റർ നിരോധിച്ചത് ഇറാനുമായുള്ള നയതന്ത്രബന്ധത്തിലും വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്. ടെഹ്റാനിലെ ജർമൻ പ്രതിനിധിയെ ഇറാൻ സർക്കാർ വിളിച്ചുവരുത്തി.
ഇറാൻ പ്രതിനിധിയെ ജർമൻ വിദേശകാര്യമന്ത്രാലയം ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജർമനി-ഇറാൻ ബന്ധം മോശം അവസ്ഥയിലാണ്.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ, പ്രാദേശിക അസ്ഥിരത ലാക്കാക്കിയുള്ള ഇറാന്റെ നീക്കങ്ങൾ, ആണവായുധ പദ്ധതി, യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കുള്ള പിന്തുണ, ഹമാസിനോടുള്ള ഐക്യദാർഢ്യം മുതലായ നിരവധി വിഷയങ്ങളിൽ ജർമനിയും ഇറാനും വിരുദ്ധ ചേരികളിലാണ്.