ഐഎസ് തീര്‍ത്തും ദുര്‍ബലം, തീവ്രവാദികള്‍ക്ക് ശമ്പളംകൊടുക്കാന്‍ പോലും പാടുപെടുന്നു, റഷ്യന്‍, തുര്‍ക്കി പോര്‍വിമാനങ്ങളെ നേരിടാനാകാതെ ഭീകരര്‍ ഒളിച്ചോടുന്നു

ISIS

വന്‍ തുക ശമ്പളം കൊടുത്തായിരുന്നു തുടക്കത്തില്‍ ഐഎസ് ജിഹാദികളെ റിക്രൂട്ട് ചെയ്തിരുന്നത്. പ്രത്യേകിച്ചും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാസമ്പന്നരെ. ഇറാഖില്‍ ഐഎസ് ആളെ കൂട്ടിയതും നല്ല ശമ്പളം നല്‍കിക്കൊണ്ടായിരുന്നു. തൊഴിലില്ലായ്മയില്‍ നരകിക്കുകയായിരുന്ന ഇറാഖി യുവാക്കള്‍ക്ക് 300 പൗണ്ട് വരെ ശമ്പളം നല്‍കിയിരുന്നു( 25,000 രൂപ). ഐഎസിസില്‍ ചേരുന്നവര്‍ക്കുള്ള മറ്റൊരു ആകര്‍ഷണം ആയിരുന്നു ലൈംഗിക അടിമകള്‍. യസീദി സ്ത്രീകളെ ഇവര്‍ ഇതിന് വേണ്ടി മാത്രം തടവിലാക്കിയിരുന്നു. ഇപ്പറഞ്ഞതെല്ലാം പഴയ കഥകളാണ്. ഇറാഖിലാണെങ്കിലും സിറിയയില്‍ ആണെങ്കിലും ഐഎസിന് പഴയ പ്രതാപം ഒന്നും ഇല്ല. വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

മൊസൂളില്‍ ഇറാഖി സേനക്കെതിരെ പൊരുതുന്ന ഭീകരര്‍ക്ക് ശമ്പളം പോലും കൊടുക്കാനില്ലാത്ത സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യത്തെ പ്രതിരോധിക്കാനാവാതെ നട്ടം തിരിയുകയാണ് ഐഎസ് ഇപ്പോള്‍. ഇറാഖിലും സിറിയയിലും തങ്ങള്‍ കൈയ്യടക്കി വച്ചിരുന്ന എണ്ണപ്പാടങ്ങളായിരുന്നു ഐഎസിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍. അടുത്തകാലത്തായി ഏറ്റ തിരിച്ചടികളില്‍ ഈ എണ്ണപ്പാടങ്ങളില്‍ ഭൂരിപക്ഷവും കൈവിട്ടുപോയി എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി.

ഇറാഖിലും സിറിയയിലും കാര്യങ്ങള്‍ കൈവിട്ട് പോയ അവസ്ഥയിലാണ് ഇപ്പോള്‍ ഐഎസ്. ഭൂരിഭാഗം പ്രദേശങ്ങളും ഔദ്യോഗിക സൈന്യം പിടിച്ചടക്കി. സിറിയയില്‍ ആണെങ്കില്‍ തുര്‍ക്കി സൈന്യത്തിന്റെ സഹായത്തോടെ മറ്റ് വിമതരാണ് ഐഎസിനെ തുരത്തിക്കൊണ്ടിരിക്കുന്നത്. ഭീകരരില്‍ പലരും ഐഎസിന്റെ ഉള്ള പണം കൂടി അടിച്ചുകൊണ്ട് നാടുവിടുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് വന്നത്.

Related posts