രാജ്യത്തെ ഭീതിയിലാക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ അവകാശവാദം. ഇന്ത്യയില്‍ പ്രവര്‍ത്തനമണ്ഡലം സ്ഥാപിച്ചതായാണ് ഐഎസ് അവകാശപ്പെടുന്നത്. നിരോധിത ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള ഭീകരനെ കശ്മീരില്‍ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം. ഇതാദ്യമായാണ് ഇന്ത്യയില്‍ സ്വന്തം പ്രവിശ്യയ്ക്കു രൂപം നല്‍കിയെന്ന് ഐഎസ് ഭീകരര്‍ അവകാശപ്പെടുന്നത്. ജമ്മു കശ്മീരില്‍ ഷോപ്പിയാന്‍ ജില്ലയിലെ ആംഷിപ്പൊരയില്‍ കഴിഞ്ഞദിവസമുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെടുകയാണ് ഐഎസ്.
പുതിയ പ്രവിശ്യയുടെ പേരും സ്വന്തം വാര്‍ത്താ ഏജന്‍സിയായ അമാഖ് വഴി ഐഎസ് പുറത്തുവിട്ടു. വിലായ ഓഫ് ഹിന്ദ്(ഇന്ത്യയിലെ പ്രവിശ്യ). ഇറാഖിലും സിറിയയിലും സ്വയം നിയന്ത്രിത പ്രദേശങ്ങള്‍ രൂപീകരിച്ചതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയിലും പ്രവിശ്യ രൂപവല്‍ക്കരിച്ചതെന്ന് ഐഎസ് പറയുന്നു. ഇതോടെ കാശ്മീരില്‍ സേന നിരീക്ഷണങ്ങള്‍ ശക്തമാക്കി. കാഷ്മീരിനെ പാകിസ്ഥാനോടൊപ്പം ചേര്‍ക്കാന്‍ കച്ചകെട്ടിയിരിക്കുന്ന വിഘടനവാദികള്‍ ഐഎസിനോടൊപ്പം ചേരാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു.ഷോപ്പിയാനില്‍ ഭീകരവാദികളുമായി ഏറ്റുട്ടലുണ്ടായെന്നും അതില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫി എന്ന ഭീകരന്‍ കൊല്ലപ്പെട്ടതായും കശ്മീര്‍ പൊലീസിന്റെ സ്ഥിരീകരണമുണ്ട്. എന്നാല്‍ അത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണോ എന്ന കാര്യത്തില്‍ ഇതു വരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
കഷ്മീരിലെ പല നിരോധന സംഘടനകളുമായും ബന്ധപ്പെട്ട് ഒരു ദശാബ്ദത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ആളായിരുന്നു സോഫിയെന്ന് സേനയുെട സ്ഥിരീകരണമുണ്ട്. ശ്രീനഗര്‍ ആസ്ഥാനമായുള്ള ഒരു ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല മാസികയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പ്രദേശത്ത് സൈന്യത്തിനും സുരക്ഷാ സേനകള്‍ക്കും പൊലീസിനും നേരെ നിരവധി ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭീകരനായിരുന്നു ഇഷ്ഫാഖ് അഹമ്മദ് സോഫി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രദേശത്തെ ഒരേയൊരു ഭീകരനായിരുന്നു സോഫിയെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങളും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ഐഎസ് ഘടകങ്ങള്‍ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്നുവെന്ന അവകാശ വാദത്തെ ഗൗരവത്തോടെയാണ് സുരക്ഷാ സേനകളും എടുക്കുന്നത്.
ഇറാഖിലും സിറിയയിലും ഇത്തരത്തില്‍ പ്രവിശ്യകള്‍ സ്ഥാപിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഐഎസ് തങ്ങളുടെ അധീനതയിലാക്കിയിരുന്നു. എന്നാല്‍ ഈ സ്ഥലങ്ങളില്‍ നിന്നും ഇവര്‍ നിഷ്‌കാസിതരായതോടെ മറ്റു പ്രദേശങ്ങളിലേക്ക് കൂടുമാറുകയായിരുന്നു. ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ആക്രമണം അത്തരമൊന്നായിരുന്നു. എന്നാല്‍ ഐഎസിന് ഭരണസ്വാധീനമില്ലാത്ത മേഖലകളില്‍ അവര്‍ പ്രവിശ്യ സ്ഥാപിച്ചെന്നു പറയുന്നത് അസംബന്ധമാണെന്ന് ഇന്ത്യന്‍ രഹസ്യന്വേഷണ വിഭാഗം പറയുന്നു. എന്നാല്‍ രാജ്യത്തിനകത്തു നിന്ന് സഹായം ലഭിച്ചാല്‍ ഇത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലയെന്നും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വ്യക്തമാക്കുന്നു.