ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില് പദ്ധതിയിട്ടത് 2019ലെ ഈസ്റ്റര് ദിനത്തില് ശ്രീലങ്കയില് നടത്തിയ സ്ഫോടന പരമ്പരയുടെ മോഡലിലുള്ള ആക്രമണത്തിനെന്ന് എന്ഐഎ.
ആരാധനാലയങ്ങളേയും സമുദായ നേതാക്കളേയുമായിരുന്നു ഭീകരര് ലക്ഷ്യമിട്ടതെന്നായിരുന്നു എന്ഐഎ കണ്ടെത്തിയിരിക്കുന്നത്. ഭീകരവാദ ഫണ്ട് കേസില് അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് വിവരം.
സംസ്ഥാനത്തെ ആരാധനാലങ്ങളില് സ്ഫോടനം നടത്താനായിരുന്നു പദ്ധതി .
ടെലിഗ്രാം വഴിയാണ് ഇവര് ആശയ വിനിമയം നടത്തിയതെന്നും , ഇതിനുവേണ്ട രഹസ്യ നീക്കങ്ങള് ഇവര് ആസൂത്രണം ചെയ്തെന്നും എന്ഐഎ കണ്ടെത്തി.
കേരളത്തില് വര്ഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം. പിടിയിലായവര് ബാങ്ക് കൊള്ളയടക്കം ആസൂത്രണം ചെയ്തിരുന്നതായും എന്ഐഎ പറയുന്നു.
ഭീകരാക്രമണങ്ങള്ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാനായിരുന്നു കൊള്ളയും കവര്ച്ചയും ആസൂത്രണം ചെയ്തത്.
തീവ്രവാദ പ്രവര്ത്തനങ്ങള്ക്കുള്ള ഫണ്ട് സ്വരൂപണത്തില് എന്ഐഎ. കൂടുതല് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്.
കഴിഞ്ഞ ദിവസങ്ങളില് കേരളത്തില് തൃശ്ശൂര് ജില്ലയില് മൂന്നിടത്തും പാലക്കാട് ഒരിടത്തും എന്ഐഎ. പരിശോധന നടത്തിയിരുന്നു.
സംഘത്തലവനായ ആഷിഫിനെ തമിഴ്നാട് സത്യമംഗലം കാട്ടില്നിന്ന് പിടികൂടിയിരുന്നു. എന്ഐഎ. കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്ത പ്രതിയെ എന്ഐഎ.
കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.’പെറ്റ് ലവേഴ്സ്’ എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇവര് ആശയവിനിമയം നടത്തിയിരുന്നതെന്നാണ് എന്ഐഎയുടെ കണ്ടെത്തല്.