സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ സന്പത്തുള്ള ക്ഷേത്രങ്ങൾ തൃശൂർ, പാലക്കാട് ജില്ലകളിലാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നിരീക്ഷണം. അതുകൊണ്ടുതന്നെ ഐഎസിനുള്ള ഫണ്ടു ശേഖരണത്തിന് കവർച്ച ആസൂത്രണം ചെയ്യുന്പോൾ ഈ രണ്ടു ജില്ലകളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാകണമെന്നു ഐഎസിന്റെ കേരളഘടകം നിർദേശം നൽകിയിരുന്നതായി കേന്ദ്ര ഏജൻസികൾ സൂചിപ്പിക്കുന്നു.
കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ അടുത്തിടെ പൊളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ മധ്യകേരളത്തിലെ ക്ഷേത്രങ്ങളിൽ കവർച്ച നടത്താൻ പദ്ധതിയിട്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.
എൻഐഎ പിടികൂടിയ തൃശൂർ സ്വദേശി നബീൽ അഹമ്മദായിരുന്നു മധ്യകേരളത്തിലെ കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
വലിയ സുരക്ഷയുള്ള ക്ഷേത്രങ്ങൾ കവർച്ച ചെയ്യുക എളുപ്പമല്ലെന്നും അതിനാൽ താരതമ്യേന സുരക്ഷ കുറഞ്ഞ ക്ഷേത്രങ്ങൾ ലക്ഷ്യമിട്ടാണ് ഐഎസ് കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നതെന്നുമാണു റിപ്പോർട്ട്.