തിരുവനന്തപുരം: ഐഎസ് ഭീകരര് ശബരിമല തീര്ഥാടകരെ ലക്ഷ്യമിടുന്നെന്ന് ഇന്റലിജന്സ് റിപ്പോര്ട്ട്. കുടിവെള്ളത്തില് വിഷം കലര്ത്താന് സാധ്യതയുണ്ടെന്ന ഇന്റലിജന്സ് റിപ്പോര്ട്ടിനെത്തുടര്ന്ന്ട്രെയിനുകളിലും റെയില്വേ സ്റ്റേഷനുകളിലും റെയില്വേ പോലീസ് സുരക്ഷ ശക്തമാക്കി. സ്റ്റേഷന് മാസ്റ്റര്മാര്ക്കു ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്.
കൂട്ടമായെത്തുന്ന മുസ്ലിംങ്ങളല്ലാത്ത യാത്രക്കാര്ക്ക് കുടിക്കാനായി റെയില്വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നല്കുന്ന വെള്ളത്തില് വിഷം കലര്ത്താന് ഐഎസ് പദ്ധതിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്ട്ടിനെപ്പറ്റി റെയില്വേ പോലീസ് സ്റ്റേഷന് മാസ്റ്റര്മാര്ക്കു വിവരം നല്കി. ശബരിമല തീര്ഥാടകര് അടക്കമുള്ളവര്ക്കു നല്കുന്ന കുടിവെള്ളവും ഭക്ഷണ പദാര്ഥങ്ങളും സുരക്ഷിതമെന്ന് ഉറപ്പാക്കണമെന്നു കത്തില് നിര്ദേശിക്കുന്നു.നവംബര് 14, 23 തീയതികളിലാണ് റെയില്വേ പോലീസിന് ഇന്റലിജന്സ് ജാഗ്രതാ നിര്ദേശം നല്കിയത്.
ഇതര സംസ്ഥാനങ്ങളില് നിന്നുള്ള ശബരിമല ഭക്തര് ട്രെയിനുകളില് കൂട്ടമായെത്തുന്നതിനാല് അപായപ്പെടുത്താനുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് രഹസ്യാന്വേഷണ ഏജന്സികള് വിലയിരുത്തുന്നു.അതേസമയം, ജാഗ്രതാ സന്ദേശത്തില് ഭയപ്പെടാന് ഒന്നുമില്ലെന്ന് ഡി.ജി.പി. ലോക്നാഥ് ബഹ്റ അറിയിച്ചു. ഐഎസിന്റേത് എന്ന പേരില് സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ഭീഷണി സന്ദേശങ്ങള് ലഭിക്കാറുണ്ടെന്നും ഓരോ സന്ദേശവും വിശദമായി പരിശോധിക്കുന്നതിനൊപ്പം, മുന്കരുതലെന്ന നിലയില് ബന്ധപ്പെട്ട അധികൃതര്ക്കു ജാഗ്രതാനിര്ദേശം നല്കുന്നതു പതിവാണെന്നും ബെഹ്റ പറഞ്ഞു.