കോഴിക്കോട്: സംഘപരിവാർ അജണ്ടയായ ഏക സിവിൽകോഡിനെതിരേ പ്രതിഷേധങ്ങൾ ശക്തമാക്കുന്പോഴും വ്യക്തികളുടെ നിയമത്തിൽ മാറ്റം വരുത്തണമെന്നും ലിംഗസമത്വവാദവും ഉന്നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് എസ്എംഎഫ് നേതാക്കൾ.
ഇസ് ലാമിക സ്വത്തവകാശത്തിൽ സ്ത്രീകളോടു വിവേചനമില്ല. സ്ത്രീയുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്.
സ്ത്രീ തന്റെ സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിനുപോലും ചെലവഴിക്കേണ്ടതില്ലെന്നാണ് ശരിഅത്ത് പറയുന്നത്. ഇതു സ്ത്രീകൾക്ക് നൽകുന്ന പരിഗണനയാണ്.
പുരുഷന്റെ സ്വത്തിൽനിന്നു പകുതി സ്ത്രീക്ക് നൽകണം എന്നു പറയുന്നതിലൂടെ അവർക്ക് കൂടുതൽ അവകാശമാണ് ലഭിക്കുന്നത്.
ഇതു തിരിച്ചറിയാതെയാണ് വിമർശിക്കുന്നത്. അതു മനസിലാക്കാതെയാണ് കമ്യൂണിസ്റ്റുകാരും വിമർശിക്കുന്നത്.
മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നവർ രാഷ്ട്രീയം മതത്തിൽ ഇടപെടുന്നതിന് എന്തു ന്യായമാണ് കാണുന്നതെന്ന് എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി, സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഹംസ റഹ്മാനി കൊണ്ടിപ്പറന്പ് എന്നിവർ ചോദിച്ചു.