തയാറാക്കിയത്: നിയാസ് മുസ്തഫ
അകലെനിന്ന് നോക്കിയാൽ ശാന്തം, ആരെയും ആകർഷിക്കും. അത്രയ്ക്കു സൗന്ദര്യമുണ്ട് ആ ദ്വീപിന്. പക്ഷേ അടുത്തേക്ക് ചെന്നാൽ കാര്യങ്ങളൊന്നും അത്ര ഭംഗിയല്ല.
ചുരുളഴിയാത്ത നിഗൂഢതകളുടെ താവളം എന്നു വിളിക്കാം ഈ ദ്വീപിനെ. പസഫിക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പാൽമിറ ദ്വീപാണ് കഥയിലെ സുന്ദരിയായ വില്ലത്തി. അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമാണ് ഈ ദ്വീപ്.
പസഫിക്കിലെ സുന്ദരി എന്നു മേനിക്കു പറയാമെങ്കിലും പാൽമിറ ശരിക്കും ശപിക്കപ്പെട്ട ദ്വീപ് എന്നു പറയുന്നതാണ് കൂടുതൽ യോജിച്ചത്.
ജനവാസമില്ല
ജനവാസമില്ലാത്ത ദ്വീപ്. വർഷങ്ങളായി അസ്വസ്ഥത സമ്മാനിക്കുന്ന, അസ്വാഭാവിക സംഭവങ്ങളുടെയും മരണങ്ങളുടെയും കേന്ദ്രബിന്ദു. ഈ ദ്വീപിൽ സ്ഥിരതാമസക്കാരില്ല. ശുദ്ധജലവും ഇല്ല. ദ്വീപിലെങ്ങും ധാരാളം തെങ്ങുകൾ കാണാം. ദ്വീപിനെചുറ്റി ധാരാളം മത്സ്യങ്ങളും പവിഴപ്പുറ്റുകളുമുണ്ട്.
ഒരു മോതിരം പോലെ പവിഴപ്പുറ്റുകളാൽ നിർമിതമായ ഈ ദ്വീപ് അത്ര പെട്ടെന്നൊന്നും സമുദ്ര സഞ്ചാരികളുടെ കണ്ണിൽപ്പെടില്ല. ദ്വീപിന് അടുത്തുകൂടി കടന്നുപോയ എത്രയോ കപ്പലുകൾ ദ്വീപിൽ തട്ടി തകർന്നിരിക്കുന്നു.
ഇടതൂർന്ന മഴക്കാടുകൾകൊണ്ട് നിറഞ്ഞതാണ് ദ്വീപ്. സമുദ്ര ജീവികളാൽ സന്പന്നം. ഇവിടെനിന്ന് നോക്കിയാൽ ആകാശത്ത് ഒരു മേഘവും കാണാറില്ല.
സുന്ദരി ദ്വീപ്
പാൽമിറ എന്ന സുന്ദരി ദ്വീപിനെ ആദ്യമായി കണ്ടെത്തിയത് 1798ൽ അമേരിക്കൻ നാവികൻ എഡ്മണ്ട് ഫാനിംഗ് ആയിരുന്നു. ആ കഥ ഇങ്ങനെയാണ്. ഏഷ്യയിലേക്കുള്ള യാത്രയിലായിരുന്ന ബെറ്റ്സി കപ്പലിന്റെ കപ്പിത്താനായിരുന്നു ഫാനിംഗ്. ഒരു രാത്രി അയാൾക്ക് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഉറക്കംവരുന്നില്ല. അങ്ങനെ പതിവില്ലാത്തതാണ്. മനസിൽ എന്തോ ഒരു അപകട സൂചനപോലെ… മൂന്നാമത്തെ തവണയും ഉറക്കത്തിൽനിന്ന് ഉണർന്ന ഫാനിംഗ് പിന്നെ ഉറങ്ങാൻ ശ്രമിച്ചില്ല.
അപ്പോൾ നേരം പുലർന്നുവരുന്നതേയുള്ളൂ. അനന്തമായ കടലിലേക്കു കാഴ്ചകൾ നോക്കി വെറുതേ അങ്ങനെ ഇരിക്കുന്പോഴാണ് ഫാനിംഗിന്റെ ശ്രദ്ധയിൽ പെട്ടെന്ന് ആ കാഴ്ച കണ്ടത്. വിചിത്രമായ ഒരു ദ്വീപ്.
ആ ദ്വീപ് ലക്ഷ്യമാക്കി തന്റെ കപ്പൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഫാനിംഗിന് ഒരേ സമയം കൗതുകവും ആശങ്കയുമായി. തന്റെ മുന്നിൽ കാണുന്നത് സത്യമോ, മിഥ്യയോ. ആ ദ്വീപിനെക്കുറിച്ച് ഇന്നുവരെ ഫാനിംഗ് കേട്ടിട്ടില്ല. ആ ദ്വീപ് പേടിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും തന്റെ കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്നുമുള്ള ഉൾവിളി പെട്ടെന്ന് ഫാനിംഗിൽ ഉണ്ടായി.
ഉടൻ തന്നെ അയാൾ ജാഗ്രതയോടെ പ്രവർത്തിച്ചു കപ്പൽ ദിശമാറ്റി. വലിയൊരു അപകടത്തിൽനിന്ന് ആ കപ്പലും അതിലുണ്ടായിരുന്ന ജീവനക്കാരും രക്ഷപ്പെട്ടു.
ആദ്യമായി കണ്ടിട്ടും
അന്നുവരെ ആ ദ്വീപിനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ലായിരുന്നു. അക്കാലത്തൊക്കെ ഒരു ദ്വീപ് പുതുതായി ഒരു നാവികൻ കണ്ടെത്തിയാൽ അയാളുടെ പേരിലായിരിക്കും പിന്നീട് ആ സ്ഥലം അറിയപ്പെടുക.
പക്ഷേ, ഫാനിംഗ് തന്റെ കണ്ടെത്തൽ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഒൗദ്യോഗികമായി ദ്വീപിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. ഇതുമൂലം ഫാനിംഗിന്റെ പേരിൽ പാൽമിറ അറിയപ്പെട്ടതുമില്ല. പരുക്കമായ പവിഴപ്പുറ്റുകളും കടൽപ്പായലുകളുമൊക്കെ ആയിരുന്നു ആ കായലിലേക്കുള്ള അതിരുകൾ നിറയെ.
ദ്വീപിലേക്ക് കടന്നുചെല്ലാൻ കഴിയുന്ന വഴികളോ കപ്പലുകൾക്ക് നങ്കൂരമിടാൻ കഴിയുന്ന സാഹചര്യമോ അവിടെ ഉണ്ടായിരുന്നില്ല. വെള്ളത്തിനടിയിൽ ഒളിച്ചിരിക്കുന്ന തരത്തിലുള്ള പാറക്കെട്ടുകൾ ഇതുവഴി വന്ന കപ്പലുകൾക്കൊക്കെ വില്ലനായി മാറുകയും ചെയ്തിട്ടുണ്ട്. ഇതാണ് പല കപ്പലുകളും ഇവിടെ ഇടിച്ചു മറിയാനുണ്ടായിരുന്നതിന്റെ കാരണം.
(തുടരും)