പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ദ്വീപിൽ താമസിക്കുന്ന ഒരാൾ. കേൾക്കുമ്പോൾ അൽപ്പം അസ്വഭാവികത തോന്നിയേക്കാമെങ്കിലും സംഭവം സത്യമാണ്. ഇറ്റലിയിലെ മഡാലെന ദ്വീപ സമൂഹത്തിലെ ബുഡേലി ദ്വീപിൽ കഴിഞ്ഞ ഇരുപത്തിയെട്ടുവർഷങ്ങളായി ജീവിക്കുന്ന മനുഷ്യനെ പറ്റിയാണ് പറഞ്ഞു വരുന്നത്. മൗറോ മൊറാൻഡി എന്നാണ് ഇദ്ദേഹത്തിന്റെ പേര്.
എഴുപത്തിയൊമ്പതുകാരനായ ഇദ്ദേഹം 1989മുതൽ ഇവിടെ ഒറ്റയ്ക്കാണ് താമസം. കടലിൽ കൂടി സഞ്ചരിക്കുകയായിരുന്ന മൊറാൻഡിയുടെ ചെറുകപ്പൽ തകരാറിലാകുകയുണ്ടായി. അങ്ങനെ ഒഴുകിയെത്തിയതാണ് അദ്ദേഹം ബുഡേലി ദ്വീപിലേക്ക്.
സ്ഥലം ഇഷ്ടപ്പെട്ട മൊറാൻഡി തന്റെ ചെറുകപ്പൽ വിൽക്കുകയും അതുവരെ ഇവിടെയുണ്ടായിരുന്ന ദ്വീപിന്റെ മേൽനോട്ടക്കാരന്റെ പക്കൽനിന്നും ദ്വീപിന്റെ ചുമതലാവകാശം സ്വന്തമാക്കുകയും ചെയ്തു. സ്ഥലം ഇഷ്ടമായ അദ്ദേഹം ഇറ്റലിയിലേക്ക് മടങ്ങി പോകുകയും ചെയ്തില്ല.
തന്റെ മക്കളെ കാണുവാനായി മാത്രമാണ് അദ്ദേഹം ഇവിടെ നിന്നും കുറച്ചുനാൾ മാറി നിൽക്കുന്നത്. ധ്യാനവും വായനയുമാണ് അദ്ദേഹത്തിന്റെ ദ്വീപിലെ ശീലങ്ങൾ. രാഷ്ട്രീയ പ്രവർത്തകനും കലാപകാരിയുമായിരുന്ന ഇദ്ദേഹം തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ ഒറ്റപ്പെട്ട ജീവിതം നയിക്കുന്നത്.