ഇരുളിന്റെ മറവിൽ അവർ ആ ദ്വീപ് വളഞ്ഞു.’ജീവൻ വേണമെങ്കിൽ ഓടി രക്ഷപ്പെട്ടോളൂ…..’ ഭീകരർ ആക്രോശിച്ചു. പ്രകൃതിയുടെ വശ്യതയും വന്യതയും നിറഞ്ഞ നിന്നിരുന്ന ആ സ്വർഗ ദ്വീപുകളെ അവർ നാമാവശേഷമാക്കി.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്റെ തീരത്തുള്ള ആഡംബര ദ്വീപുകളാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കീഴടക്കി ശരിയത്ത് നിയമം കൊണ്ടുവന്നത്.
ജെയിംസ് ബോണ്ട് മുതൽ നെൽസണ്‍ മണ്ഡേല വരെ
ജെയിംസ് ബോണ്ട് താരം ഡാനിയൽ ക്രെയ്ഗ്, ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി രാഷ്ട്രീയ നേതാവായ നെൽസണ്‍ മണ്ഡേല വരെ അവധി കാലം ആഘോഷിച്ചിരുന്ന ദ്വീപുകളാണ് ഐഎസ് ഭീകരർ ഇന്നു ശവപ്പറന്പാക്കിയിരിക്കുന്നത്.
മൊസാംബിക്കിലെ വാമിസി, മെകുങ്കോ ദ്വീപുകൾ ഉപേക്ഷിക്കാനും ഐഎസ് ദ്വീപുനിവാസികളോട് ഉത്തരവിട്ടു. ആഡംബര ഹോട്ടലുകളും വന്യജീവികളും നിരവധി വീടുകളും ആക്രമണത്തിൽ ഇല്ലാതായി.
കത്തിക്കരിഞ്ഞ ബീച്ച് കുടിലുകളും സഫാരി കാറുകളുമാണ് വാമിസി ദ്വീപിൽ ഇന്നു കാണാൻ സാധിക്കുന്നത്. ചത്തുകിടക്കുന്ന മൃഗങ്ങളും നിലന്പരിശായി കിടക്കുന്ന അത്യാഡംബര കെട്ടിടങ്ങളും ആക്രമണത്തിന്റെ തീവ്രത തുറന്നു കാണിക്കുന്നു.
ചെറു മത്സ്യ ബോട്ടുകളിൽ
കോവിഡ് മാഹാമാരി ലോകത്തെ കീഴടക്കി തുടങ്ങിതോടെ മൊസാംബിക്കും അതിന്റെ ദ്വീപുകളും സഞ്ചാരികളെ വിലക്കിയിരുന്നു. എന്നാൽ, മഹാമാരിയെക്കാൾ വലിയ ഒരു ദുരന്തം അവരെ കാത്തിരിപ്പുണ്ടായിരുന്നു എന്ന് അവർ അറിഞ്ഞില്ല.
കലാപകാരികൾ രാത്രി ബോട്ടിൽ എത്തി എല്ലാവരെയും വളഞ്ഞതായി മെകുങ്കോ ദ്വീപിലെ ഒരു ജീവനക്കാരൻ മാധ്യമങ്ങളോടു പറഞ്ഞു. മൊസാംബിക്കൻ പ്രധാന ഭൂപ്രദേശത്തുള്ള തുറമുഖ നഗരമായ മോസിംബോ ഡെ പ്രായ പിടിച്ചെടുക്കുകയും ഇസ്ലാമിക നിയമപ്രകാരം പ്രവർത്തിക്കുന്ന പുതിയ തലസ്ഥാനമായി ഇതു മാറുമെന്നു നാട്ടുകാരെ അറിയിക്കുകയും ചെയ്തു.
കൂടാതെ മൊസാംബിക്കിന്റെ വടക്കൻ പ്രവിശ്യയായ കാബോ ഡെൽഗഡോയും ജിഹാദികൾ കൊള്ളയടിച്ചു.’അവർ ചെറിയ മത്സ്യബന്ധന ബോട്ടുകളിലാണ് രാത്രി എത്തിയത്.
ആളുകളെ വീടുകളിൽനിന്നു പുറത്താക്കിയ ശേഷം വീടുകൾ കത്തിച്ചു. അവർ ആരെയും ഉപദ്രവിച്ചിട്ടില്ല, ദ്വീപ് വിട്ടുപോകാൻ ഉത്തരവിട്ടു.’- മോസിംബോ ഡെ പ്രായയിൽനിന്ന് മെകുങ്കോ ദ്വീപിലേക്കു പലായനം ചെയ്ത ഒരാൾ പറഞ്ഞു.
സൈന്യം പരാജയപ്പെട്ടു
ഭീകരരുടെ കൈവശമുള്ള ആയുധ ശേഷിക്കു മുന്നിൽ രാജ്യത്തിന്റെ സേന പരാജയപ്പെടുകയായിരുന്നു. സൈന്യത്തിന് അടിപതറിയ സാഹചര്യത്തിൽ മൊസാംബിക്ക് തീരത്തു വാതക പദ്ധതികളിൽ നിക്ഷേപം നടത്തിയ പാശ്ചാത്യ ഉൗർജകന്പനികൾ ജിഹാദികളിൽനിന്നു രക്ഷനേടാനായി മറ്റു പാതകൾ തേടിപ്പോകാൻ നിർബന്ധിതരായി.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ അതിർത്തിയോടു ചേർന്നു മൂന്നു വർഷം മുന്‍പ് അരങ്ങേറിയ ആക്രമണത്തിൽ 1,500 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 250,000 പേർ പലായനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ വർഷം തീവ്രവാദികൾ ഇസ്ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രവിശ്യ എന്നു സ്വയം വിശേഷിപ്പിച്ച ക്രൂരമായ കലാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
’’കലാപകാരികൾക്ക് ഇപ്പോൾ ശക്തമായ നാവികശേഷി ഉണ്ട്, അത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു’- ദി ആംഡ് കോണ്‍ഫ്ലിറ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റാ പ്രോജക്റ്റ് എന്ന സർക്കാരിതര സംഘടനയുടെ വിശകലന വിദഗ്ധനായ ജാസ്മിൻ ഓപ്പർമാൻ മുന്നിറിയിപ്പ് നൽകുന്നു.
ഇന്നത്തെ സാഹചര്യത്തിൽ ഇതു കേവലം ഒരു രാജ്യത്തെ മാത്രമല്ല, മറിച്ച് ലോകത്തെ മുഴുവനും ആശങ്കയിലാക്കുകയാണ്. ആഫ്രിക്കയിലെ യുദ്ധത്തിൽ തകർന്ന സംഘർഷമേഖലകൾ കൈയടക്കാനാണ് ഐഎസ് എന്നും ആഗ്രഹിച്ചിരുന്നതെന്നും വിദഗ്ധർ പറയുന്നു.
ഭീകരതയുടെ മുഖം
ഭീകരർ തകർത്ത ദ്വീപുകളുടെ ചിത്രങ്ങൾ ഇന്നു സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ഐഎസിനെതിരേ വലിയ രോഷപ്രകടനം തന്നെയാണ് ഈ സംഭവത്തക്കുറിച്ചു വാർത്തകളുടെ കമന്റ് ബോക്സുകളിൽ നിറയുന്നത്.
തയാറാക്കിയത് – കെ.എം. വൈശാഖ്